മധ്യപ്രദേശ് മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയില്‍ വിതരണം ചെയ്ത കുടിവെള്ളം ഗുണനിലവാരമില്ലാത്തതെന്ന് പരിശോധനാ ഫലം

മുഖ്യമന്ത്രി മോഹന്‍ യാദവ് പങ്കെടുത്ത പരിപാടിയില്‍ വിതരണം ചെയ്ത കുടിവെള്ളത്തിന് സുരക്ഷാ പരിശോധനയില്‍ പരാജയം

മധ്യപ്രദേശ്: മുഖ്യമന്ത്രി ഡോ. മോഹന്‍ യാദവ് പങ്കെടുത്ത പരിപാടിയില്‍ വിതരണം ചെയ്ത കുടിവെള്ളം സുരക്ഷാ പരിശോധനയില്‍ ഗുണനിലവാരം പാലിക്കുന്നില്ലെന്ന് കണ്ടെത്തി. വെള്ളത്തിന് ആവശ്യമായ ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്നാണ് പരിശോധനയില്‍ കണ്ടെത്തിയത്.

ഇന്‍ഡോറിലെ ഭഗീരഥപുരത്ത് നിരവധി ആളുകള്‍ മലിനജലം കുടിച്ചതിന് പിന്നാലെ അസുഖബാധിതരാകുകയും മരണത്തിനിടയാകുകയും ചെയ്ത സംഭവം റിപ്പോര്‍ട്ട് ചെയ്തതോടെയാണ് സംസ്ഥാനത്ത് കുടിവെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്നത് കര്‍ശനമാക്കിയത്.

ഇൻഡോറിലെ ഭഗീരഥപുരയിലെ വാർഡ് 11ലെ കുടിവെള്ളത്തിലാണ് മലിനജലം കലർന്നതിനെ തുടർന്ന് വിഷബാധയുണ്ടായത്. ദുരന്തം നടക്കുന്നതിന് മാസങ്ങൾക്ക് മുൻപ് തന്നെ വെള്ളത്തെ സംബന്ധിച്ച് പ്രദേശവാസികളിൽ ചിലർ അധികൃതർക്ക് പരാതി നൽകിയിരുന്നു. നർമദ നദിയിൽനിന്നുള്ള വെള്ളമാണ് ഇവിടെ കുടിവെള്ളമായി എത്തുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബർ 28ഓടെ വാർഡിലെ 90 ശതമാനം ആളുകൾക്കും വയറിളക്കം, ഛർദ്ദി, നിർജലീകരണം തുടങ്ങിയ അസുഖങ്ങൾ റിപ്പോർട്ട് ചെയ്തു. ഡിസംബർ 29ന് ആദ്യ മരണം റിപ്പോർട്ട് ചെയ്തു. കുടിവെള്ള പൈപ്പ് ലൈനിനു മുകളിൽ, സേഫ്റ്റി ടാങ്കില്ലാതെ നിർമ്മിച്ച ശൗചാലയത്തിൽനിന്നുള്ള മാലിന്യം പൈപ്പിലെ വിള്ളലിലൂടെ കുടിവെള്ളത്തിൽ കലർന്നതാണ് വിഷബാധയ്ക്ക് കാരണമായതെന്നാണ് പ്രഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. വെള്ളത്തിന്റെ സാമ്പിളുകളിൽ രോഗകാരികളായ അണുക്കളുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു.

Content Highlight:Drinking water distributed at an event attended by the Madhya Pradesh Chief Minister reportedly failed safety tests

To advertise here,contact us