ഭാര്യക്ക് വിവാഹേതര ബന്ധമെന്ന് സംശയം;കുട്ടികളുടെ മുന്നിൽവെച്ച് മൊട്ടയടിപ്പിച്ചു,മൂത്രം കുടിപ്പിച്ചെന്നും ആരോപണം

15 വര്‍ഷം മുമ്പാണ് ഇരുവരും വിവാഹിതരായത്

റായ്പൂര്‍: വിവാഹേതര ബന്ധമുണ്ടെന്ന സംശയത്താല്‍ ഭാര്യയെ അതിക്രൂരമായി ആക്രമിച്ച് ഭര്‍ത്താവ്. ഛത്തീസ്ഗഡിലെ സൂരജ്പൂര്‍ ജില്ലയിലാണ് സംഭവം. താര എന്ന യുവതിയെയാണ് ഭര്‍ത്താവ് ജിതേന്ദ്ര ഗാസിയ കെട്ടിയിട്ട് മര്‍ദ്ദിച്ചത്.

യുവതിയുടെ തല മൊട്ടയടിക്കുകയും മുഖത്ത് കരി പുരട്ടുകയും ചെയ്തു. ആക്രമണത്തിനിടെ ഭര്‍ത്താവ് തന്നെ നിര്‍ബന്ധിച്ച് മൂത്രം കുടിപ്പിച്ചതായും കുട്ടികളെ മൂത്രം കുടിക്കാന്‍ നിര്‍ബന്ധിച്ചതായും താര ആരോപിച്ചു.

15 വര്‍ഷം മുമ്പാണ് ഇരുവരും വിവാഹിതരായത്. ഇവര്‍ക്ക് നാലുമക്കളുണ്ട്. ഭര്‍ത്താവുമായി പിണങ്ങിയ താര മറ്റൊരിടത്ത് മാറി താമസിക്കുകയായിരുന്നു. ഇവിടെ എത്തിയാണ് ഭര്‍ത്താവ് യുവതിയെ ആക്രമിച്ചത്. ഗ്രാമത്തിലെ ജനങ്ങളുടെ മുമ്പില്‍ വെച്ച് പ്രതി തന്നെ അപമാനിക്കാന്‍ ശ്രമിച്ചതായി താര പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

സംഭവത്തിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നു. ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഡ്രൈവറായി ജോലി ചെയ്യുകയാണ് പ്രതി. തന്റെ ഭാര്യക്ക് മറ്റ് ബന്ധമുണ്ടെന്ന സംശയമാണ് തന്നെ ഈ ക്രൂരത ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നാണ് പ്രതി പറയുന്നത്.

എന്നാല്‍ താര എല്ലാ ആരോപണങ്ങളും നിഷേധിക്കുകയും ഭര്‍ത്താവ് തന്നെ ദീര്‍ഘകാലമായി പീഡിപ്പിച്ചുവെന്നും ശാരീരിക പീഡനത്തിന് ഇരയാക്കിയെന്നും വധശ്രമത്തിന് ശ്രമിച്ചുവെന്നും ആരോപിച്ചു. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. വിഷയത്തില്‍ കൂടുതല്‍ അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.

Content Highlights: driver in Chhattisgarh allegedly attacked his wife

To advertise here,contact us