രാഹുല്‍ ഗാന്ധിയെ പരശുരാമനായി അവതരിപ്പിച്ച് പാലഭിഷേകം; വിമര്‍ശിച്ച് ബിജെപി

സനാതന സംസ്‌കാരത്തെ അപമാനിക്കുന്നയാളാണ് രാഹുലെന്ന് ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി

ന്യൂഡല്‍ഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ പരശുരാമനായി അവതരിപ്പിച്ച് പാലഭിഷേകം നടത്തിയ സംഭവത്തില്‍ എതിര്‍പ്പുമായി ബിജെപി. സനാതന സംസ്‌കാരത്തെ അപമാനിക്കുന്നയാളാണ് രാഹുലെന്ന് ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക് ആരോപിച്ചു.

ശ്രീരാമന്‍ സങ്കല്‍പമാണെന്ന് പറയുന്ന കോണ്‍ഗ്രസാണ് പരശുരാമനുമായി രാഹുലിനെ താരതമ്യം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. 56-ാം ജന്മദിനത്തോടനുബന്ധിച്ചാണ് പരശുരാമനായി രാഹുല്‍ ഗാന്ധിയെ അവതരിപ്പിച്ച ഫോട്ടോയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാലഭിഷേകം നടത്തിയത്.

വാരാണസിയില്‍ ഗംഗാ തീരത്തായിരുന്നു സംഭവം. യൂത്ത് കോണ്‍ഗ്രസ് വാരാണസി യൂണിറ്റിന്റെ നേതൃത്വത്തിലായിരുന്നു പൂജ. ഒരു കൈയില്‍ മഴുവും മറുകൈയില്‍ ഭരണഘടനയും പിടിച്ചുനില്‍ക്കുന്ന പരശുരാമന്റെ രൂപത്തിലുള്ള രാഹുല്‍ ഗാന്ധിയുടെ ചിത്രത്തിലായിരുന്നു പൂജ. ചിത്രത്തിന് പുറത്ത് പാലഭിഷേകം നടത്തിയ പ്രവര്‍ത്തകര്‍ പൂഷ്പാര്‍ച്ചന നടത്തുകയും ലഡു നിവേദിക്കുകയും ചെയ്തു.

യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ് വികാസ് സിംഗ് ആണ് ചടങ്ങുകൾക്ക് നേതൃത്വം വഹിച്ചത്. രാഹുല്‍ ഗാന്ധിയുടെ ആരോഗ്യത്തിനും ദീർഘായുസിനുമായാണ് പ്രാര്‍ഥനകള്‍ നടത്തിയതെന്നും സാധാരണക്കാരുടെ ശബ്ദമായി രാഹുൽ ഗാന്ധിയുടെ നേതൃത്വം തുടരട്ടെയെന്നും വികാസ് സിംഗ് ആശംസിച്ചു. 'യൂത്ത് കോൺഗ്രസിന്റെ ബാനറിൽ ഞങ്ങളിന്ന് ഗംഗാ മാതാവിന്റെ മടിത്തട്ടിൽ ഒത്തുകൂടി, അവിടെ ബ്രാഹ്മണർ വേദമന്ത്രങ്ങൾ ചൊല്ലി അനുഗ്രഹിച്ചു. രാഹുൽ ഗാന്ധിയുടെ ദീർഘായുസ്സിനായി ഞങ്ങൾ പ്രാർത്ഥിക്കുകയും സാധാരണക്കാരുടെ ശബ്ദം ഉയർത്തുന്നത് തുടരണമെന്ന് ആശംസിക്കുകയും ചെയ്തു' എന്നാണ് യൂത്ത് കോൺഗ്രസ് നേതാവ് വികാസ് സിംഗ് വ്യക്തമാക്കിയത്.

Content Highlights: The BJP has objected to an incident in which Lok Sabha Opposition Leader Rahul Gandhi was portrayed as Parashurama

To advertise here,contact us