ലഖ്നൗ: പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിനും മഹാരാഷ്ട്രയില്‍ ശിവസേനയ്ക്കും പിന്നാലെ ഉത്തര്‍പ്രദേശില്‍ സമാജ്വാദി പാര്‍ട്ടി പിളര്‍പ്പിലേക്കെന്ന് റിപ്പോര്‍ട്ട്. എസ്പി നേതാക്കള്‍ ബിജെപിയില്‍ ചേരാന്‍ തയ്യാറെടുക്കുകയാണെന്ന് സുഹേല്‍ ദേവ് ഭാരതീയ സമാജ് പാര്‍ട്ടി അധ്യക്ഷന്‍ ഓം പ്രകാശ് രാജ്ഭര്‍ അവകാശപ്പെട്ടു. സമാജ് വാദി പാര്‍ട്ടി നേതാവായ രാംഗോപാല്‍ യാദവ് ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്ത് നല്‍കിയിട്ടുണ്ടെന്നും ഓം പ്രകാശ് അവകാശപ്പെട്ടു. അതേസമയം യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും സമാന അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍ ആര്‍ക്കും കത്തു നല്‍കിയിട്ടില്ലെന്നാണ് രാം ഗോപാല്‍ പ്രതികരിച്ചത്. സമാജ്വാദി പാര്‍ട്ടിക്ക് ലോക്സഭയില്‍ 37 അംഗങ്ങളും രാജ്യസഭയില്‍ എട്ട് അംഗങ്ങളുമാണുള്ളത്.
'സമാജ്വാദി പാര്‍ട്ടിയില്‍ വലിയൊരു പിളര്‍പ്പ് സംഭവിക്കാന്‍ പോവുകയാണ്. രാം ഗോപാല്‍ യാദവ് കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കത്ത് നല്കി കഴിഞ്ഞു. ഖനന അഴിമതിയുടെയും ഗോമതി നദിതീര അഴിമതിയുടെയും സൂത്രധാരന്‍ ആരാണെന്ന് ഉത്തര്‍പ്രദേശിലെ ഓരോരുത്തര്‍ക്കും അറിയാം. കുരുക്ക് മുറുകിയതോടെ എസ്പി പ്രതിസന്ധിയിലാണ്' - എന്നാണ് ബുധനാഴ്ച ഓം പ്രകാശ് എക്സില്‍ കുറിച്ചത്. ഇന്ന് വീണ്ടും ബല്ലിയയിലെ നേതാവിന്റെ നേതൃത്വത്തിലാകും നീക്കമെന്ന് സൂചിപ്പിക്കുന്ന മറ്റൊരു കുറിപ്പും അദ്ദേഹം എക്സില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
സമാജ്വാദി പാര്‍ട്ടിയിലെ നിരവധി നേതാക്കള്‍ പാര്‍ട്ടി വിടാന്‍ തയ്യാറായി നില്‍ക്കുകയാണെന്നും പ്രതിപക്ഷ പാര്‍ട്ടിയില്‍ വിള്ളലുണ്ടാക്കാന്‍ ബിജെപി ആഗ്രഹിക്കുന്നില്ലെന്നും യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ അഭിപ്രായപ്പെട്ടിട്ടുണ്ട്. അഖിലേഷ് യാദവിനെതിരെ രൂക്ഷമായ വിമര്‍ശനവും മൗര്യ ഉയര്‍ത്തിയിട്ടുണ്ട്. അഖിലേഷിന്റെ 'സൈക്കിളിന്' സമാജ് വാദി പാര്‍ട്ടിയെ നയിക്കാനുള്ള ശേഷിയില്ലെന്നും അതിനാല്‍ അവര്‍ക്ക് അധികാരത്തിലെത്താന്‍ സാധിക്കില്ലെന്നുമാണ് മൗര്യ വിമര്‍ശിച്ചത്. എസ്പിയിലെ 26ഓളം എംപിമാര്‍ സ്വയം പാര്‍ട്ടി വിടാന്‍ തീരുമാനിച്ചതാണ്. ബിജെപി അവരെ പിളര്‍പ്പിലേക്ക് നയിക്കുകയല്ലെ ചെയ്തതെന്നാണ് മൗര്യ അവകാശപ്പെടുന്നത്. ഓം പ്രകാശ് രാജ്ഭറിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയായിരുന്നു മൗര്യയുടെ അവകാശവാദം.
സമാജ് വാദി പാര്‍ട്ടിയില്‍ പിളര്‍പ്പ് ഉറപ്പായും സംഭവിക്കുമെന്നും പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിന് 'എംപിമാരെ സംരക്ഷിക്കു' എന്ന പേരില്‍ ക്യാമ്പയിന് സംഘടിപ്പിക്കേണ്ടി വരുമെന്നും ഓം പ്രകാശ് ഇന്നും എക്സിലൂടെ അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. ബല്ലിയ ജില്ലയില്‍ നിന്നുള്ള ഒരു എംപിയുടെ നേതൃത്വത്തിലാകും വിമത എംപിമാര്‍ രംഗത്തെത്തുന്നതെന്നും കഴിഞ്ഞദിവസം ഉയര്‍ത്തിയ അതേ വാദം ആവര്‍ത്തിച്ച് അദ്ദേഹം പറയുന്നു.
അതേസമയം ഓം പ്രകാശ് രാജ്ഭറിന്റെയും ബിജെപി നേതാക്കളുടെയും ആരോപണങ്ങളെ തള്ളി അഖിലേഷ് യാദവും മറ്റ് നിരവധി എസ്പി നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. ബിജെപി സര്‍ക്കാര്‍ നേരിടുന്ന പ്രതിസന്ധികളില്‍ നിന്നും ശ്രദ്ധതിരിക്കാനുള്ള തന്ത്രങ്ങളാണിതെന്നാണ് അവര്‍ പ്രതികരിച്ചത്.
543 അംഗങ്ങളാണ് ലോക്സഭയിലുള്ളത്. കേവല ഭൂരിപക്ഷത്തിന് 362 അംഗങ്ങൾ വേണം. തൃണമൂൽ അടക്കമുള്ള പാർട്ടികളിലെ പിളര്‍പ്പുകളിലൂടെ മൂന്നില്‍ രണ്ട് ഭൂരിപക്ഷമെന്ന നിലയിലെത്താനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. എസ്പിയിലെ പല നേതാക്കന്മാരും അഴിമതി കേസുകളില്‍ പ്രതികളാണ് അതില്‍ നിന്നും രക്ഷപ്പെടാന്‍ ബിജെപി അംഗത്വത്തിന് ഇവര്‍ ശ്രമിക്കുന്നുവെന്ന റിപ്പോര്‍ട്ടും നിലവിലുണ്ട്. അടുത്ത വര്‍ഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന യുപിയില്‍ അധികാരം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് അഖിലേഷ് യാദവ് അതിനിടയിലാണ് പിളര്‍പ്പ് സംഭവിച്ചാല്‍ അത് പാര്‍ട്ടിക്ക് വലിയ തിരിച്ചടിയാകും.
Content Highlights: The Samajwadi Party has dismissed reports suggesting that some of its leaders are planning to join the BJP. Party representatives denied the claims and maintained that the reports are inaccurate, amid ongoing political speculation surrounding possible shifts in party allegiance