രാമക്ഷേത്രത്തിൻ്റെ നിർമ്മാണത്തിന് ഏകദേശം 1800 കോടി രൂപ ചെലവായി;സംഭാവന ക്രമക്കേടിൽ പ്രതികരിച്ച് നൃപേന്ദ്ര മിശ്ര

'അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഭരണസംവിധാനം കൂടുതൽ കാര്യക്ഷമവും സുതാര്യവുമാക്കുന്നതിനായി തിരുമല തിരുപ്പതി ദേവസ്ഥാനത്തിന്റെ മാതൃക പിന്തുടരണം'

ലഖ്നൗ: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഭരണസംവിധാനം കൂടുതൽ കാര്യക്ഷമവും സുതാര്യവുമാക്കുന്നതിനായി തിരുമല തിരുപ്പതി ദേവസ്ഥാനത്തിന്റെ മാതൃക പിന്തുടരണമെന്ന നിർദ്ദേശവുമായി ക്ഷേത്രനിർമാണ സമിതി ചെയർമാൻ നൃപേന്ദ്ര മിശ്ര. ഉത്തർപ്രദേശിൽ ഭരണപരിചയമുള്ള സ്വതന്ത്ര ചീഫ് എക്സിക്യൂട്ടീവ് ഓഫീസറെ നിയമിക്കണമെന്നും ക്ഷേത്രത്തിന്റെ ഉന്നതതല ജീവനക്കാരുടെ ഘടന ഔദ്യോഗികമായി ക്രമീകരിക്കണമെന്നും നൃപേന്ദ്ര മിശ്ര നിർദ്ദേശിച്ചിട്ടുണ്ട്. ദി പ്രിൻ്റിന് നൽകിയ അഭിമുഖത്തിലായിരുന്നു നൃപേന്ദ്ര മിശ്രയുടെ പ്രതികരണം.

രാമക്ഷേത്രവുമായി ബന്ധപ്പെട്ട സംഭാവനാ ഫണ്ടിൽ ക്രമക്കേട് നടന്നെന്ന ആരോപണങ്ങൾ വേദനാജനകമെന്നും വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥനായ നൃപേന്ദ്ര മിശ്ര പ്രതികരിച്ചു. 'ഭക്തർ സമർപ്പിച്ച ഒരു പൈസപോലും വ്യക്തികളുടെ കൈകളിലെത്തിയിട്ടുണ്ടെങ്കിൽ അത് വിശ്വാസത്തിനേറ്റ വലിയ ആഘാതമാണ്. ഭക്തർ വഞ്ചിക്കപ്പെട്ടുവെന്ന തോന്നൽ ഉണ്ടാകും. അതിനാൽ ഓരോ രൂപയും പൂർണ സുതാര്യതയോടെ പൊതുജനങ്ങൾക്ക് മുന്നിൽ വെക്കണം. ഓരോ ദിവസവും ലഭിക്കുന്ന സംഭാവന അടുത്ത ദിവസം തന്നെ എണ്ണി വിവരങ്ങൾ പ്രസിദ്ധീകരിക്കണം. ഇതിലൂടെ ജനങ്ങൾക്ക് വിശ്വാസം വർധിക്കും. നിലവിലെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ആവശ്യമായ മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷ'യെന്നാണ് ദി പ്രിന്റിന് നൽകിയ അഭിമുഖത്തിൽ നൃപേന്ദ്ര മിശ്ര പ്രതികരിച്ചത്.

ക്ഷേത്ര ഭരണസംവിധാനം ശക്തിപ്പെടുത്തണമെന്നും നൃപേന്ദ്ര മിശ്ര ആവശ്യപ്പെട്ടു. ക്ഷേത്രത്തിന്റെ ഉന്നതതല ഭരണസംവിധാനം കൂടുതൽ ഔദ്യോഗികവും ക്രമബദ്ധവുമാക്കേണ്ടതുണ്ടെന്ന അഭിപ്രായവും അദ്ദേഹം പങ്കുവെച്ചു. ക്ഷേത്രഭരണം മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന നിർദ്ദേശമാണ് നൃപേന്ദ്ര മിശ്ര മുന്നോട്ടു വെച്ചത്. 'വലിയ തോതിലുള്ള പ്രവർത്തനങ്ങളും പരിപാലന ചുമതലകളും ഇന്ന് ക്ഷേത്രത്തിനുണ്ട്. അതിനാൽ വ്യക്തമായ ഭരണരീതിയും വിജിലൻസ് പ്രവർത്തന മാർഗനിർദേശങ്ങളും ഉൾക്കൊള്ളുന്ന ഒരു ഓപ്പറേഷൻസ് ആൻഡ് മാനേജ്മെന്റ് മാനുവൽ അനിവാര്യമാണ്' എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സുതാര്യത ഉറപ്പാക്കുന്നതിനും അഴിമതി തടയുന്നതിനും അന്വേഷണങ്ങൾ കാര്യക്ഷമമായി നടത്തുന്നതിനുമുള്ള നടപടിക്രമങ്ങളും ധാർമ്മിക മാനദണ്ഡങ്ങളും വ്യക്തമാക്കുന്ന മാർഗരേഖയാണ് വിജിലൻസ് ഓപ്പറേഷൻസ് ആൻഡ് മാനേജ്മെന്റ് മാനുവൽ. സംഭാവനാ ഫണ്ടിൽ ക്രമക്കേട് നടന്നെന്ന ആരോപണങ്ങൾ അന്വേഷിക്കാൻ ഉത്തർപ്രദേശ് സർക്കാർ മൂന്നംഗ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഇവർ അന്വേഷണം ഇതിനകം ആരംഭിച്ചിട്ടുണ്ടെന്നും മിശ്ര വ്യക്തമാക്കി.

ക്ഷേത്രത്തിന്റെ ദൈനംദിന ഭരണച്ചുമതലകൾ നിർവഹിക്കാൻ ഉത്തർപ്രദേശിൽ പ്രവർത്തിച്ച് പരിചയമുള്ള ഒരു സിഇഒയെ നിയമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 'ട്രസ്റ്റിനൊപ്പം പ്രവർത്തിക്കുന്ന ഒരു സിഇഒ ഉണ്ടായിരിക്കണം. ട്രസ്റ്റിന്റെ നിയമങ്ങളിലോ ഉപനിയമങ്ങളിലോ മാറ്റം വേണമെന്നല്ല പറയുന്നത്. എന്നാൽ അയോധ്യയിലെ സാഹചര്യങ്ങൾ കാര്യക്ഷമമായി കൈകാര്യം ചെയ്യാൻ ഉത്തർപ്രദേശിലെ ഭരണസംവിധാനത്തെക്കുറിച്ച് വ്യക്തമായ അറിവുള്ള വ്യക്തി തന്നെ വേണം' എന്നായിരുന്നു നൃപേന്ദ്ര മിശ്ര അഭിപ്രായപ്പെട്ടത്. തിരുമല തിരുപ്പതി ദേവസ്ഥാനത്തിന്റെ ഭരണരീതി മാതൃകയാക്കാമെന്നും നൃപേന്ദ്ര മിശ്ര നിർദേശിച്ചു. 'തിരുപ്പതിയിൽ കമ്മീഷണർ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ. സാധാരണയായി അഞ്ച് മുതൽ ഏഴ് വർഷം വരെ അവർ ചുമതല വഹിക്കുകയും മുഴുവൻ ഭരണസംവിധാനവും കാര്യക്ഷമമായി നിയന്ത്രിക്കുകയും ചെയ്യുന്നു. അതേ നിയമം ഇവിടെ കൊണ്ടുവരണമെന്നല്ല ഞാൻ പറയുന്നത്. എന്നാൽ ആ മാതൃക പഠിക്കാവുന്നതാണ്' എന്നായിരുന്നു അദ്ദേഹത്തിൻ്റെ അഭിപ്രായം. ട്രസ്റ്റിന്റെ പ്രധാന ശ്രദ്ധ ഭക്തരുടെ ക്ഷേമത്തിലായിരിക്കണമെന്നും നൃപേന്ദ്ര മിശ്ര അഭിപ്രായപ്പെട്ടു. ക്ഷേത്രത്തിന്റെ ദൈനംദിന കാര്യങ്ങൾ സിഇഒ കൈകാര്യം ചെയ്യണം. അങ്ങനെ മാത്രമേ ഭക്തികേന്ദ്രമായ ക്ഷേത്രത്തിന്റെ ഭരണസംവിധാനം കൂടുതൽ കാര്യക്ഷമമാക്കാൻ കഴിയൂ എന്നും മിശ്ര അഭിപ്രായപ്പെട്ടു. രാമജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റിലെ 70 ശതമാനത്തിലധികം ജീവനക്കാരും ആർഎസ്എസ് സ്വയംസേവകരായതിനാൽ വിജിലൻസ് സംവിധാനം കൂടുതൽ ശക്തമാകേണ്ടതുണ്ടെന്നും മിശ്ര അഭിപ്രായപ്പെട്ടു.

സംഭാവനകളിൽ ക്രമക്കേട് നടന്നെന്ന വിഷയത്തിൽ ഉത്തർപ്രദേശ് സർക്കാരിനെ മിശ്ര പ്രതിരോധിച്ചു. രാമക്ഷേത്ര വിഷയത്തിൽ സുപ്രീംകോടതി വിധിപ്രകാരം സർക്കാരിന് ക്ഷേത്രഭരണത്തിൽ ഇടപെടാൻ അധികാരമില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. ട്രസ്റ്റ് ആവശ്യപ്പെട്ടതിനെ തുടർന്ന് ഉത്തർപ്രദേശ് സർക്കാർ 12 മണിക്കൂറിനുള്ളിൽ വിജ്ഞാപനം പുറപ്പെടുവിച്ചത് അദ്ദേഹം മിശ്ര ചൂണ്ടിക്കാണിച്ചു. 'പ്രാഥമിക അന്വേഷണ റിപ്പോർട്ടും 15 ദിവസത്തിനുള്ളിൽ അന്തിമ റിപ്പോർട്ടും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തിൽ സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയാൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ സാധ്യതയുണ്ട്. അതിനാൽ ഉത്തർപ്രദേശ് സർക്കാർ ചെയ്യേണ്ട കാര്യങ്ങൾ ചെയ്തുകഴിഞ്ഞുവെന്നാണ് എന്റെ വിലയിരുത്തൽ' എന്നായിരുന്നു നൃപേന്ദ്ര മിശ്രയുടെ പ്രതികരണം.

രാമക്ഷേത്രത്തിന്റെ സമഗ്ര നിർമാണം പൂർത്തിയായെന്നും ഇതുവരെ ഏകദേശം 1,800 കോടി രൂപ ചെലവായിട്ടുണ്ടെന്നും നൃപേന്ദ്ര മിശ്ര വ്യക്തമാക്കി. 'ലാർസൺ ആൻഡ് ടൂബ്രോയും ടാറ്റ കൺസൾട്ടൻസി സർവീസസും ജൂലൈ 15-നോ അല്ലെങ്കിൽ ജൂലൈ 30-നോ മുമ്പ് പദ്ധതി പൂർണമായി കൈമാറും. നിലവിൽ ബില്ലുകളുടെ പൊരുത്തപ്പെടുത്തൽ നടപടികളാണ് നടക്കുന്നത്. ഇതുവരെയുള്ള കണക്കുപ്രകാരം ക്ഷേത്രനിർമാണത്തിനായി ഏകദേശം 1,800 കോടി രൂപ ചെലവായിട്ടുണ്ട്' എന്നായിരുന്നു ‌നൃപേന്ദ്ര മിശ്ര വ്യക്തമാക്കിയത്.

ഇതിനിടെ ക്ഷേത്രത്തിലെ വഴിപാടുകൾ ശേഖരിക്കുന്നതും, എണ്ണുന്നതും, പായ്ക്ക് ചെയ്യുന്നതും, ബാങ്കുകളിൽ നിക്ഷേപിക്കുന്നതുമായ മുഴുവൻ നടപടിക്രമങ്ങളും പ്രത്യേക അന്വേഷണ സംഘം പരിശോധിച്ചതായാണ് റിപ്പോർട്ട്. ജൂൺ 16നായിരുന്നു ഏകദേശം ആറു മണിക്കൂർ നീണ്ടുനിന്ന പരിശോധന എന്നാണ് ദി പ്രിന്റ് റിപ്പോർട്ട് ചെയ്യുന്നത്. വഴിപാടുകളുടെ നടത്തിപ്പ് സംവിധാനവുമായി ബന്ധപ്പെട്ട ജീവനക്കാരുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും വിവരങ്ങൾ ഉത്തർപ്രദേശ് പൊലീസ് അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ ശേഖരിച്ചതായാണ് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്. വഴിപാടുകൾ കൈകാര്യം ചെയ്യുന്ന ട്രസ്റ്റ് ജീവനക്കാർ, പണം എണ്ണുന്ന ജീവനക്കാർ, മറ്റ് ബന്ധപ്പെട്ടവർ എന്നിവരുടെ ചോദ്യം ചെയ്യൽ എസ്‌ഐടി ആരംഭിച്ചിട്ടുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. നടപടിക്രമങ്ങളിൽ ക്രമക്കേടുകളോ, അശ്രദ്ധയോ, ദുരുപയോഗമോ ഉണ്ടായിട്ടുണ്ടോയെന്ന് കണ്ടെത്തുന്നതിനാണ് ഈ ചോദ്യം ചെയ്യലെന്നും.

Content Highlights: Nripendra Misra responds to allegations of donation irregularities, stating that the construction of the Ram Mandir cost approximately ₹1,800 crore. Read the latest updates on the temple project and funding transparency.

To advertise here,contact us