ദൈവാവതാരമെന്ന് വിശ്വസിപ്പിച്ച് പീഡനം, യുവതിയെ സ്വന്തം മൂത്രം കുടിക്കാൻ നിർബന്ധിച്ചു;വ്യാജ ആത്മീയഗുരു അറസ്റ്റിൽ

രാധേശ്യം മിശ്ര അഥവാ രാധാമോഹൻ മിശ്ര എന്ന വ്യാജ ആത്മീയ ഗുരും പൂനെയിലെ വാഘോളിയിലെ ഉബാലെ നഗർ പ്രദേശത്ത് 'മോഡേൺ ഗുരുകുലം' എന്ന പേരിൽ ഒരു സ്ഥാപനം നടത്തിവരികയായിരുന്നു

പൂനെ: ദൈവാവതാരമെന്ന് സ്വയം അവകാശപ്പെട്ട വ്യാജ ആത്മീയ ​ഗുരുവും എഴ് അനുയായികളും അറസ്റ്റിൽ. സ്വയം ദൈവത്തിന്റെ അവതാരമാണെന്ന് വിശ്വസിപ്പിച്ച് വർഷങ്ങളോളം യുവതിയെ ലൈംഗികമായും മാനസികമായും ശാരീരികമായും ക്രൂരമായി പീഡിപ്പിച്ച കേസിലാണ് മഹാരാഷ്ട്രയിലെ പൂനെയിൽ വ്യാജ ആത്മീയ ഗുരുവും അദ്ദേഹത്തിന്റെ ഏഴ് അനുയായികളും അറസ്റ്റിലായിരിക്കുന്നത്. പ്രതികൾ യുവതിയെ ഭർത്താവിൽ നിന്ന് വിവാഹമോചനം നേടാൻ നിർബന്ധിക്കുകയും, മോഷണം നടത്താൻ പ്രേരിപ്പിക്കുകയും, വൈദ്യുതാഘാതം ഏൽപ്പിക്കുകയും, സ്വന്തം മൂത്രം കുടിക്കാൻ നിർബന്ധിക്കുകയും ചെയ്തതായാണ് പൊലീസ് പറയുന്നത്.

രാധേശ്യം മിശ്ര അഥവാ രാധാമോഹൻ മിശ്ര എന്ന വ്യാജ ആത്മീയ ഗുരും പൂനെയിലെ വാഘോളിയിലെ ഉബാലെ നഗർ പ്രദേശത്ത് 'മോഡേൺ ഗുരുകുലം' എന്ന പേരിൽ ഒരു സ്ഥാപനം നടത്തിവരികയായിരുന്നു. 2010-ഓടെയാണ് പരാതിക്കാരിയായ യുവതി ഇയാളുടെ സ്വാധീനത്തിന് വിധേയയാകുന്നതെന്നാണ് പൊലീസ് പറയുന്നത്. ക്രമേണ യുവതിയെ കുടുംബത്തിൽ നിന്ന് അകറ്റിയ മിശ്ര ഭർത്താവിൽ നിന്ന് വിവാഹമോചനം നേടാൻ നിർബന്ധിക്കുകയായിരുന്നു. 2010 മുതൽ 2016 വരെയുള്ള കാലയളവിൽ ഇയാൾ യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും, മർദിക്കുകയും, വൈദ്യുതാഘാതം ഏൽപ്പിക്കുകയും, അവരുടെ അശ്ലീല ദൃശ്യങ്ങൾ പകർത്തുകയും ചെയ്തതായാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്.

ഇയാൾ പകർത്തിയ അശ്ലീല ദൃശ്യങ്ങൾ ഉപയോഗിച്ച് യുവതിയെ ബ്ലാക്ക്‌മെയിൽ ചെയ്യുകയും തനിക്ക് അത്ഭുതശക്തികളുണ്ടെന്ന വ്യാജപ്രചാരണം നടത്തി യുവതിയെയും കുടുംബാംഗങ്ങളെയും ഭീഷണിപ്പെടുത്തുകയും സമ്മർദ്ദത്തിൽ ആക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് പരാതി. മിശ്രയും അനുയായികളും ചേർന്ന് യുവതിയെയും മറ്റ് നിരവധി ആളുകളെയും താൻ ദൈവത്തിന്റെ പുനർജന്മമാണെന്ന് വിശ്വസിപ്പിച്ചു. യുവതിയെ സ്വന്തം മൂത്രം കുടിക്കാൻ നിർബന്ധിച്ചതായും, ആറ് വർഷക്കാലം ആശ്രമത്തിനും വ്യക്തിപരമായ സാമ്പത്തിക നേട്ടങ്ങൾക്കുമായി മോഷണം നടത്താൻ പ്രേരിപ്പിച്ചതായും അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് അറിയിച്ചു.

പൊലീസ് നടത്തിയ റെയ്ഡിൽ മിശ്രയുടെ ആശ്രമത്തിലെ ഭൂഗർഭ മുറിയിൽ നിന്ന് 12 ലാപ്‌ടോപ്പുകൾ, 11 മൊബൈൽ ഫോണുകൾ, 19 ഹാർഡ് ഡിസ്കുകൾ, നിരവധി പെൻഡ്രൈവുകളും കാസറ്റുകളും പിടിച്ചെടുത്തു. കൂടാതെ 6.5 ലക്ഷം രൂപയും ഏകദേശം 15 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങളും ആശ്രമത്തിൽ നിന്ന് കണ്ടെത്തി.പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങളുടെ സമഗ്രമായ ഫോറൻസിക് പരിശോധന പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. മിശ്രയെയും അദ്ദേഹത്തിന്റെ അടുത്ത അനുയായി 'സ്വാമി' കൻവൽ നായൻ ഉൾപ്പെടെ ആകെ എട്ട് പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇനിയും കൂടുതൽ ഇരകൾ മുന്നോട്ട് വരാൻ സാധ്യതയുണ്ടെന്നും കൂടുതൽ തെളിവുകൾ ശേഖരിച്ചുകൊണ്ട് വിശദമായ അന്വേഷണം തുടരുകയാണെന്നുമാണ് അന്വേഷണ ഉദ്യോ​ഗസ്ഥർ വ്യക്തമാക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ ശനിയാഴ്ച വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.

Content Highlights: A fake spiritual guru was arrested after allegedly claiming to be a divine incarnation and subjecting a young woman to severe abuse, including forcing her to drink his urine. Police have launched an investigation into the shocking case.

To advertise here,contact us