തൃണമൂലിനും ശിവസേനയ്ക്കും പിന്നാലെ സമാജ്‌വാദി പാര്‍ട്ടിയും പിളർപ്പിൻ്റെ 'റഡാറി'ൽ; സൂചനയുമായി ബിജെപി

യുപി മന്ത്രിയും സമാജ് പാര്‍ട്ടി അധ്യക്ഷനുമായ ഓംപ്രകാശ് രാജ്ഭറാണ് ഇത് സംബന്ധിച്ച സുചനകള്‍ നല്‍കിയത്

ലക്‌നൗ: തൃണമൂല്‍ കോണ്‍ഗ്രസിനും ശിവസേനയ്ക്കും പിന്നാലെ സമാജ്‌വാദി പാര്‍ട്ടിയും പിളര്‍പ്പിലേക്കെന്ന് റിപ്പോര്‍ട്ട്. ബംഗാളിലെയും മഹാരാഷ്ട്രയിലേയും രാഷ്ട്രീയ വിവാദങ്ങള്‍ക്ക് ശേഷം ഉത്തര്‍പ്രദേശിലു വിമത നീക്കത്തിന് അരങ്ങൊരുങ്ങുന്നുവെന്നാണ് റിപ്പോർട്ട്. ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാര്‍ട്ടിയിലും ബിജെപിയുടെ നേതൃത്വത്തില്‍ വിമത നീക്കം നടക്കുന്നുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. യുപി മന്ത്രിയും സമാജ് പാര്‍ട്ടി അധ്യക്ഷനുമായ ഓംപ്രകാശ് രാജ്ഭറാണ് ഇത് സംബന്ധിച്ച സുചനകള്‍ നല്‍കിയത്. പാര്‍ട്ടിയില്‍ വലിയ പിളര്‍പ്പുണ്ടാകാന്‍ സാധ്യതയുണ്ടെന്നും നിരവധി എസ്പി നേതാക്കള്‍ ബിജെപിയില്‍ ചേരാന്‍ തയ്യാറായിട്ടുണ്ടെന്നും ഓംപ്രകാശ് അവകാശപ്പെട്ടു. എക്‌സ് പോസ്റ്റിലൂടെയാണ് ഓംപ്രകാശ് പാര്‍ട്ടി പിളര്‍പ്പിലേക്കാണെന്ന കാര്യങ്ങള്‍ പങ്കുവെച്ചത്. സമാജ്‌വാദി നേതാവ് രാംഗോപാല്‍ യാദവ് കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് കത്ത് സമര്‍പ്പിച്ചെന്നും അദേഹം പറഞ്ഞു.

'സമാജ്‌വാദി പാര്‍ട്ടിയില്‍ വലിയൊരു പിളര്‍പ്പ് സംഭവിക്കാന്‍ പോകുന്നു. രാം ഗോപാല്‍ യാദവ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ജിക്ക് ഒരു കത്ത് സമര്‍പ്പിച്ചു. ഖനന കുംഭകോണത്തിനും ഗോമതി നദീതീരം പദ്ധതി അഴിമതിക്കും പിന്നിലെ സൂത്രധാരന്‍ ആരാണെന്ന് ഉത്തര്‍പ്രദേശിലെ എല്ലാവര്‍ക്കും അറിയാം. കുരുക്ക് മുറുകുമ്പോള്‍, എസ്പി ആശങ്കയിലാക്കുന്നു. മഹാരാഷ്ട്രയും ബംഗാളും മറക്കുക. മുഴുവന്‍ എസ്പിയും ബിജെപിയില്‍ ചേരാന്‍ തയ്യാറായി ഇരിക്കുകയാണ്' ഓംപ്രകാശ് രാജ്ഭാര്‍ എക്സില്‍ പോസ്റ്റ് ചെയ്തു.

ഉത്തര്‍പ്രദേശില്‍ ബിജെപി നയിക്കുന്ന എന്‍ഡിഎയിലെ സഖ്യകക്ഷിയാണ് രാജ്ഭാറിന്റെ പാര്‍ട്ടി. അദ്ദേഹത്തിന്റെ അവകാശവാദങ്ങളോട് എസ്പി ഇതുവരെ പ്രതികരിച്ചിട്ടില്ല. പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസും മഹാരാഷ്ട്രയില്‍ ശിവസേനയിലും(യുബിടി) വിമത നീക്കം തുടരുന്നതിനിടയിലാണ് പ്രതിപക്ഷ ക്യാമ്പിലെ മറ്റൊരു പ്രധാന കക്ഷിയായ സമാജ്‌വാദി പാര്‍ട്ടി പിളര്‍പ്പിലേക്ക് നീങ്ങുന്നത്. ഇത് ലോക്‌സഭയില്‍ ഇന്‍ഡ്യാ സഖ്യത്തിന് വലിയ തിരിച്ചടിയാക്കും.

Content Highlights: UP Minister Om Prakash Rajbhar has claimed that the Samajwadi Party is heading towards a split and that several of its leaders could join the BJP, intensifying political speculation in Uttar Pradesh.

To advertise here,contact us