ഡല്‍ഹി: സൈബര്‍ കുറ്റവാളികള്‍ പരാദങ്ങളെ പോലെയെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. ബുധനാഴ്ച ഒരു സൈബര്‍ കുറ്റവാളിയുടെ ജാമ്യം നിഷേധിച്ചുകൊണ്ടാണ് ചീഫ് ജസ്റ്റിസിന്റെ നിരീക്ഷണം. ജനങ്ങളെ വഞ്ചിച്ച് വലിയ തുക തട്ടിയെടുക്കുന്നവരാണ് ഇവരെന്നും അദ്ദേഹം പറഞ്ഞു.
'നിങ്ങള്‍ പരാദങ്ങളാണ്. നിക്ഷേപകരെ വഞ്ചിച്ച് പണം തട്ടുകയാണ് നിങ്ങള്‍ ചെയ്യുന്നത്. സൈബര്‍ കുറ്റവാളികള്‍ക്കെതിരെ നാം കര്‍ക്കശമായ നിലപാട് സ്വീകരിക്കണം. ഇവര്‍ അഴിക്കുള്ളിലാകേണ്ടത് സമൂഹത്തിന്റെ ആവശ്യമാണ്. ഇത്തരം കുറ്റകൃത്യങ്ങള്‍ രാജ്യം മുഴുവന്‍ വ്യാപിച്ചു കിടക്കുന്നു. ഇത്തരക്കാര്‍ സംസ്ഥാനങ്ങളില്‍ നിന്ന് സംസ്ഥാനങ്ങളിലേക്ക് ഇവരുടെ കുറ്റകൃത്യങ്ങള്‍ വ്യാപിക്കുന്നു' എന്ന നീരീക്ഷണമാണ് കേസ് പരിഗണിക്കവെ ചീഫ് ജസ്റ്റിസ് നടത്തിയത്.
അതേസമയം ഡിജിറ്റല്‍ അറസ്റ്റിലൂടെ തങ്ങളുടെ ജീവിത സമ്പാദ്യം കവര്‍ന്നെന്ന് കാട്ടി അംബാലയില്‍ നിന്നുള്ള വൃദ്ധ ദമ്പതികള്‍ ചീഫ് ജസ്റ്റിസിന് കത്തെഴുതിയിരുന്നു. ഇതില്‍ കോടതി സ്വമേധയ കേസ് എടുക്കുകയും ചെയ്തു. രാജ്യത്തെ ഡിജിറ്റല്‍ അറസ്റ്റ് കേസുകള്‍ അന്വേഷിക്കാന്‍ സുപ്രീം കോടതി മുന്‍പ് തന്നെ സിബിഐക്ക് സ്വതന്ത്രാധികാരം നല്‍കിയിരുന്നു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഇത് സംബന്ധിച്ച നിര്‍ദേശവും നല്‍കിയിരുന്നു.
വ്യാജ ബിരുദധാരികള്‍ എന്നാരോപിക്കപ്പെടുന്ന അഭിഭാഷകര്‍ പാറ്റകളേയും പരാദങ്ങളേയും പോലെയാണെന്ന ചീഫ് ജസ്റ്റിസിന്റെ പ്രസ്താവന മുന്‍പ് വിവാദമായിരുന്നു. ഡല്‍ഹി ഹൈക്കോടതിയിന് സീനിയര്‍ അഭിഭാഷക പദവിയുമായി ബന്ധപ്പെട്ട വാദത്തിനിടെയാരുന്നു ഈ പരാമർശം. ' സിസ്റ്റത്തെ ആക്രമിക്കുന്ന പരാദങ്ങൾ ഇപ്പോള്‍ തന്നെ സമൂഹത്തിലുണ്ട്. നിങ്ങള്‍ക്കും അവരോടൊപ്പം ചേരണോ ' എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.തൊഴില്‍ രഹിതരായ യുവാക്കളെക്കുറിച്ച് ചീഫ് ജസ്റ്റിസ് നടത്തിയ പരാമര്‍ശവും വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു. ഇവിടെ പാറ്റകളെ പോലെ ചില തൊഴില്‍ രഹിതരായ ചെറുപ്പക്കാരുണ്ട്. അവരില്‍ ചിലര്‍ നവമാധ്യമത്തില്‍ സജീവമാകും,ചിലര്‍ വിവരാവകാശ പ്രവര്‍ത്തകരാകും, ചിലര്‍ ആക്ടിവിസ്റ്റുകളാകും, ഒടുവിലവര്‍ എല്ലാവരെയും ആക്രമിക്കും എന്നതായിരുന്നു ചീഫ് ജസ്റ്റിസ് പറഞ്ഞത്. എന്നാല്‍ താന്‍ വ്യാജ ബിരുദം നേടിയവരെക്കുറിച്ച് മാത്രമാണ് പരാമര്‍ശിച്ചതെന്നായിരുന്നു ചീഫ് ജസ്റ്റിസിൻ്റെ വിശദീകരണം.
Content Highlights: Chief Justice Surya Kant described cyber criminals as "parasites," stressing the increasing threat posed by cybercrime and the importance of stronger cyber security, legal enforcement, and public awareness to combat online fraud.