ബംഗാളില്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ടത് മലയാളിയല്ല; ദൃശ്യങ്ങള്‍ പുറത്ത്

പശ്ചിമബംഗാളിലെ ദക്ഷിണ പർഗാനാസ് ജില്ലയിലെ കുല്‍താലിയിലാണ് മോഷ്ടാവെന്ന് സംശയിച്ച് മുപ്പതുകാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്

കൊല്‍ക്കത്ത: ബംഗാളില്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ടത് മലയാളിയല്ല. മംഗളുരു സ്വദേശി സന്ദീപ് നായിക്കിനെയാണ് മോഷ്ടാവെന്ന് സംശയിച്ച് ആള്‍ക്കൂട്ടം മര്‍ദ്ദിച്ചത്. മരിച്ചത് മലയാളിയാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. സംഭവത്തില്‍ ബംഗാള്‍ പൊലീസ് മംഗളുരു പൊലീസിനെ ബന്ധപ്പെട്ടിട്ടുണ്ട്. ആള്‍ക്കൂട്ട മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങളും ഇപ്പോള്‍ പുറത്ത് വന്നിട്ടുണ്ട്.

പശ്ചിമബംഗാളിലെ ദക്ഷിണ പർഗാനാസ് ജില്ലയിലെ കുല്‍താലിയിലാണ് മോഷ്ടാവെന്ന് സംശയിച്ച് മുപ്പതുകാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. സംഭവത്തില്‍ ഏഴുപേരെ പൊലീസ് പിടികൂടിയിരുന്നു. അഞ്ച് പേരുടെ അറസ്റ്റ് രേഖപ്പെടുത്തുകയും പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.

മോഷ്ടാവാണെന്ന് തെറ്റിദ്ധരിച്ചാണ് ഗ്രാമവാസികള്‍ ഇയാളെ മര്‍ദ്ദിച്ചത്. എന്നാല്‍ ഇയാള്‍ ഒരു ഗര്‍ഭിണിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചുവെന്നാണ് ചില ഗ്രാമീണര്‍ പറഞ്ഞത്. ഇക്കാര്യത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയിട്ടുണ്ട്.

ജൂണ്‍ ഒമ്പതിനായിരുന്നു സംഭവം. കുല്‍താലിയിലെ സന്‍കിജഹാന്‍ പ്രദേശത്തുള്ള സഹപ്രവര്‍ത്തകന്റെ വീട്ടിലെത്തിയ യുവാവ് സംഭവ ദിവസം രാവിലെ പ്രാദേശിക മാര്‍ക്കറ്റിലേക്ക് പോയതായിരുന്നു. പ്രദേശത്തെ വഴികള്‍ പരിചതമല്ലാത്തതിനാല്‍ ഇയാള്‍ മറ്റൊരിടത്തേക്കാണ് അബദ്ധത്തില്‍ എത്തിപ്പെട്ടത്. ഇയാള്‍ക്ക് ബംഗാളി ഭാഷയും വശമില്ലായിരുന്നു. തുടർന്നാണ് സംഭവമുണ്ടായത്.

Content Highlights: Bengal Mob Lynching Victim Not a Malayali, Clarification Confirms

To advertise here,contact us