ഗുരുഗ്രാം: പശ്ചിമ ബംഗാളിലെ ബീർബും ജില്ലയിൽ നിന്നുള്ള 39കാരിയായ ആദിവാസി യുവതിയെ 'കരാർ തൊഴിലിൽ' നിന്നും രക്ഷപ്പെടുത്തി അധികൃതർ. ഗുരുഗ്രാമിലെ സെക്ടർ 91, ഡിഎൽഎഫ് ഗാർഡൻ സിറ്റിയിലുള്ള ഒരു വസതിയിൽ നിന്നാണ് ഭാധു മാണ്ടി എന്ന യുവതിയെ പൊലീസും സന്നദ്ധസംഘടനകളും ജില്ലാ അധികൃതരും ചേർന്ന് രക്ഷപ്പെടുത്തിയത്. നാളുകളായി വീട്ടുകാരുമായി ബന്ധപ്പെടാൻ പോലുമാകാതെ ജോലി ചെയ്യുന്ന വീട്ടിൽ പെട്ടുപോയ യുവതി രണ്ടുവർഷമായി നരകയാതന അനുഭവിക്കുകയായിരുന്നു.
നാൽപതിനായിരം രൂപ അഡ്വാൻസ് നൽകിയാണ് വീട്ടുജോലിക്കായി ഭാധുവിനെ ഒരു വീട്ടുകാർ ജോലിക്കെടുക്കുന്നത്. പിന്നീട് വീടുമായി ബന്ധപ്പെടാൻ യുവതിക്ക് കഴിഞ്ഞില്ല. ഇവർ ജോലി ചെയ്തിരുന്ന അപ്പാർട്ട്മെന്റിലെ റിപ്പയർ ജോലികൾക്കായി ഒരു ടെക്നീഷ്യൻ എത്തിയപ്പോൾ, അയാളുടെ ഫോണിൽ നിന്നാണ് യുവതി സഹോദരിയെ ബന്ധപ്പെടുന്നതും കാര്യങ്ങൾ പുറത്തുവരുന്നതും.
16 മണിക്കൂറോളം വീട്ടുടമ യുവതിയെ കൊണ്ട് പണിയെടുപ്പിച്ചു, പോരാത്തതിന് ശാരീരികമായി ഉപദ്രവിക്കുകയും ചെയ്യുമായിരുന്നു എന്നാണ് സഹോദരി ലക്ഷ്മി പറയുന്നത്. സ്മാർട്ട് ലോക്കിങ് സിസ്റ്റമുള്ള വീട്ടിനുള്ളിൽ പലപ്പോഴും കുടുങ്ങിപോകുന്ന അവസ്ഥയിലായിരുന്നു യുവതി.
സഹോദരിയുടെ ഫോൺ വന്നതോടെ കാര്യങ്ങൾ മനസിലാക്കിയ ലക്ഷ്മി പശ്ചിമബംഗാളിലെ അധികൃതരുമായി ബന്ധപ്പെട്ട് ജൂൺ നാലിന് പരാതി നൽകി. പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇതിന് പുറമേ നാരി ഒ ശിശു കല്യാൺ കേന്ദ്രയും സംഭവത്തിൽ ഇടപെട്ടു. പിന്നാലെ ഡിസ്ട്രിക്ട് ലീഗൽ സർവീസ് അതോറിറ്റിയും ലേബർ ഡിപ്പാർട്ട്മെന്റും പ്രശ്നത്തിൽ ഇടപെട്ടു.
അന്വേഷണത്തിൽ കരാർ തൊഴിലാണിതെന്ന് വ്യക്തമായതോടെ ഗുരുഗ്രാം ഡിസ്ട്രിക്ട് മജിസ്ട്രേറ്റും വിഷയത്തിൽ ഇടപെട്ടു. പശ്ചിമബംഗാൾ പൊലീസിനൊപ്പം സഹോദരിയെ രക്ഷിക്കാൻ ലക്ഷ്മിയും ഗുരുഗ്രാമിലെത്തി. വീട്ടുടമ നിരന്തരം തന്നെ ഉപദ്രവിക്കുന്നുണ്ടായിരുന്നുവെന്നും രക്ഷപ്പെടുന്ന ദിവസവും രാവിലെ മർദനമേറ്റെന്നും ഭാധു പൊലീസിന് മൊഴിനൽകി. ഇവരുടെ ആക്രമണത്തിൽ വലതു കൈ പൊക്കാൻ കഴിയാത്ത അവസ്ഥയിലാണ് ഭാധു മാത്രമല്ല വലതു ചെവിയുടെ കേൾവി ശക്തിയും നഷ്ടമായിട്ടുണ്ട്. ഭാധുവിന് മതിയായ ചികിത്സയും സംരക്ഷണവും ഉറപ്പാക്കിയ ശേഷം അന്വേഷണം ശക്തമാക്കുമെന്നും നടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
Content Highlights: A Bengali tribal woman was rescued in Haryana after allegedly being held captive, beaten, and forced to work for long hours