ന്യൂഡല്‍ഹി: നീറ്റ് വെബ്സൈറ്റില്‍ സാങ്കേതിക പ്രശ്നമെന്ന് പരാതി. നീറ്റ് യുജി പുനപരിശോധന ഹാള്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുന്നില്ലെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. ആപ്ലിക്കേഷന്‍ നമ്പറും പാസ്വേഡും നല്‍കിയിട്ടും ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുന്നില്ലെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.
പരീക്ഷയ്ക്കുള്ള ഹാള്‍ ടിക്കറ്റ് ഇന്ന് മുതല്‍ ഡൗണ്‍ലോഡ് ചെയ്യാമെന്നായിരുന്നു നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി അറിയിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികള്‍ ഹാള്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാന്‍ ശ്രമിക്കുമ്പോഴായിരുന്നു സാങ്കേതിക പ്രശ്നം ശ്രദ്ധയില്‍പ്പെട്ടത്. അതേസമയം പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമം നടക്കുന്നതായി എന്‍ടിഎ അധികൃതര്‍ പറഞ്ഞു. ജൂണ്‍ 21നാണ് നീറ്റ് പുനപരീക്ഷ നിശ്ചയിച്ചിരിക്കുന്നത്.
നീറ്റ് പരീക്ഷാ പേപ്പര്‍ ചോര്‍ത്തി ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കിയതില്‍ രാജ്യത്തുടനീളം വ്യാപക പ്രതിഷേധം അരങ്ങേറിയിരുന്നു. സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന് രാജിവെയ്ക്കണമെന്ന ആവശ്യം ശക്തമായിരുന്നു. ഇതിനിടെ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ വീഴ്ച സമ്മതിച്ച് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി രംഗത്തെത്തിയിരുന്നു. പാര്‍ലമെന്ററി സമിതിക്ക് മുന്‍പാകെയായിരുന്നു എന്‍ടിഎ വീഴ്ച തുറന്നുസമ്മതിച്ചത്. നീറ്റ് ചോദ്യ ചോര്‍ച്ചയ്ക്ക് പിന്നാലെ നിരവധി വിദ്യാര്‍ത്ഥികള്‍ ജീവനൊടുക്കിയിരുന്നു. സംഭവത്തില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്നിട്ടും ശക്തമായ നടപടി സ്വീകരിക്കാനോ കൃത്യമായ മറുപടി നല്‍കാനോ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ല.
Content highlights- Students appearing for the NEET re-exam reported difficulties in downloading their hall tickets due to technical issues on the official website