ന്യൂഡല്‍ഹി: കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് സിദ്ധരാമയ്യ വെള്ളിയാഴ്ച രാജിവെക്കുമെന്ന് വിവരം. പാര്‍ട്ടി വൃത്തങ്ങളില്‍ നിന്നാണ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെക്കാന്‍ സിദ്ധരാമയ്യ തീരുമാനമെടുത്തതായുള്ള വിവരം. നാളെ ബെംഗളൂരുവില്‍ സിദ്ധരാമയ്യ വാര്‍ത്താ സമ്മേളനം വിളിച്ചിട്ടുണ്ട്. ഇന്ന് ഹൈക്കമാന്‍ഡുമായി നടന്ന ചര്‍ച്ചകള്‍ക്ക് ശേഷം സിദ്ധരാമയ്യ ഡല്‍ഹിയിലേക്ക് മടങ്ങി.
കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറണമെന്ന് സിദ്ധരാമയ്യയോട് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടതായാണ് വിവരം. രാജ്യസഭയിലേക്ക് മാറി ദേശീയ രാഷ്ട്രീയത്തില്‍ സജീവമാകാനാണ് സിദ്ധരാമയ്യയോട് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടതെന്നാണ് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്നുള്ള വിവരം.
സിദ്ധരാമയ്യയ്ക്ക് രാജ്യസഭ സീറ്റ് നല്‍കും. തുടര്‍ന്ന് ഡല്‍ഹിയില്‍ ഉയര്‍ന്ന പദവി നല്കി ദേശീയ രാഷ്ട്രീയത്തില്‍ സിദ്ധരാമയ്യയെ സജീവമാക്കാനാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ആഗ്രഹിക്കുന്നതെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്. സിദ്ധരാമയ്യ ഉന്നയിക്കുന്ന എല്ലാ ആവശ്യങ്ങളും പരിഹരിക്കുമെന്നും ഹൈക്കമാന്‍ഡ് ഉറപ്പുനല്‍കി. കര്‍ണാടക കോണ്‍ഗ്രസിലെ നേതൃതര്‍ക്കം പരിഹരിക്കാന്‍ ഡല്‍ഹിയില്‍ നടന്ന നിര്‍ണായക ചര്‍ച്ചയിലാണ് സിദ്ധരാമയ്യയോട് ഇക്കാര്യം ആവശ്യപ്പെട്ടത്.
ദേശീയ തലത്തില്‍ പാര്‍ട്ടിക്ക് ഉയര്‍ത്തിക്കാണിക്കാന്‍ കഴിയുന്ന പിന്നാക്ക വിഭാഗത്തില്‍ നിന്നുള്ള നേതാവായതിനാല്‍ സിദ്ധരാമയ്യ ഡല്‍ഹിയിലുണ്ടാവണമെന്ന ആവശ്യം ഹൈക്കമാന്‍ഡ് മുന്നോട്ടുവെച്ചു. സാമൂഹ്യ നീതിയ്ക്കും ജാതി സെന്‍സസിനും വേണ്ടി രാഹുല്‍ ഗാന്ധി ശബ്ദമുയര്ത്തവേ രാജ്യതലസ്ഥാനത്ത് സിദ്ധരാമയ്യ ഉണ്ടാവണമെന്നാണ് ഹൈക്കമാന്‍ഡ് ആഗ്രഹിക്കുന്നത്. വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ സിദ്ധരാമയ്യക്ക് വലിയ ഉത്തരവാദിത്തം നിര്‍വഹിക്കാനുണ്ടെന്നും പാര്‍ട്ടി കരുതുന്നുവെന്നും സിദ്ധരാമയ്യയെ ഹൈക്കമാന്‍ഡ് അറിയിച്ചു.
മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി എന്നിവരുമായുള്ള കൂടിക്കാഴ്ചയാണ് നടന്നത്. ഇന്ദിരാഭവനിലായിരുന്നു കൂടിക്കാഴ്ച.
Content Highlights: Will Siddaramaiah Resign on Friday?; Likely Move to Rajya Sabha