ന്യൂഡല്‍ഹി: ചോര്‍ത്തിയ നീറ്റ് ചോദ്യപേപ്പർ നല്‍കാമെന്ന് പറഞ്ഞ് വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറിയ അസിസ്റ്റ് പ്രൊഫസർ അറസ്റ്റിൽ. ലക്നൗ സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ പരംജിത് സിങ് ആണ് അറസ്റ്റിലായത്. ഫോണ്‍ സംഭാഷണം പുറത്ത് വന്നതിന് പിന്നാലെയാണ് അറസ്റ്റ്. രണ്ട് പേപ്പറുകള്‍ സംഘടിപ്പിച്ചിട്ടുണ്ടെന്നും എപ്പോഴാണ് തന്നെ കാണാന്‍ വരികയെന്നും അധ്യാപകന് ചോദിക്കുന്നതിൻ്റെ ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നത്.
'ഡാർലിങ്, ഞാൻ നിനക്കുവേണ്ടി ചോദ്യപേപ്പറുകൾ ചോർത്തിയിട്ടുണ്ട്. എപ്പോഴാണ് നീ എന്നെ കാണാൻ വരുന്നത്?' പരീക്ഷയ്ക്ക് മുൻപ് വീട്ടിൽ നിന്ന് വരണം. നിനക്ക് പേപ്പറുകൾ കോളജിൽവച്ച് തരാം' എന്നാണ് അധ്യാപകൻ പറയുന്നത്. എന്നാല്‍ ചോദ്യപേപ്പറിൻ്റെ ആവശ്യമില്ലെന്നാണ് വിദ്യാര്‍ത്ഥിനി നൽകിയ മറുപടി.
ചോർത്തിയ പരീക്ഷപ്പേപ്പറുകളുടെ പേരിൽ തന്നെ പരംജിത് നിരന്തരം ഉപദ്രവിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ബിഎസ്സി സുവോളജി അവസാന വർഷ വിദ്യാർത്ഥിനിയാണ് ഫോൺ സംഭാഷണം സർവകലാശാല അധികൃതർക്ക് നൽകിയത്. അമ്മയുടെ ആരോഗ്യകാരണങ്ങളാൽ അവധിയിലായിരുന്നപ്പോൾ പരംജിത് തന്നെ നിരന്തരം വിളിക്കുകയും കോളേജിൽലെത്താൻ നിർബന്ധിക്കുകയും ചെയ്തെന്ന് വിദ്യാർത്ഥിനി ആരോപിച്ചു. ഫോൺ സംഭാഷണത്തിന്റെ രേഖ സർവകലാശാല പൊലീസിന് കൈമാറി. പിന്നാലെ പരംജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
Content Highlight : Phone conversation of assistant professor accused of misbehaving with a student while offering leaked NEET question paper surfaces