പിണറായി വിജയന്‍ യുവനേതാക്കൾക്ക് മാറി കൊടുക്കേണ്ട സമയമായി; സിപിഐഎം മുന്‍ പൊളിറ്റ് ബ്യൂറോ അംഗം

പിണറായി വിജയൻ മാറി കൊടുക്കുന്നതാണ് ഭാവിക്ക് നല്ലതെന്നും ഹനന്‍ മൊളള പറഞ്ഞു

ന്യൂഡല്‍ഹി: പിണറായി വിജയന്‍ യുവനേതാക്കള്‍ക്ക് വഴിമാറി കൊടുക്കേണ്ട സമയമായെന്ന് സിപിഐഎം മുന്‍ പൊളിറ്റ് ബ്യൂറോ അംഗം ഹനന്‍ മൊളള. പിണറായി നേതൃത്വം കൈമാറണമെന്നും മാറി കൊടുക്കുന്നതാണ് ഭാവിക്ക് നല്ലതെന്നും ഹനന്‍ മൊളള പറഞ്ഞു. അടുത്ത അഞ്ചുവര്‍ഷം കഴിഞ്ഞാല്‍ പിണറായിക്ക് നയിക്കാന്‍ കഴിയില്ലെന്നും ആദര്‍ശപരമായി നയിക്കാന്‍ കഴിഞ്ഞാലും ശാരീരികമായ പ്രയാസങ്ങള്‍ ഉണ്ടായേക്കുമെന്നും അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'അഞ്ചുവര്‍ഷം കഴിയുംതോറും ഭരണമാറ്റം ഉണ്ടാകുന്ന സ്ഥലമാണ് കേരളം. അഞ്ചുവര്‍ഷം കൂടുമ്പോള്‍ മാറി ചിന്തിക്കുന്ന മനുഷ്യരാണ് കേരളത്തിലേത്. പത്തുവര്‍ഷം നല്‍കിയത് സര്‍ക്കാരിന്റെ മികച്ച പ്രവര്‍ത്തനംകൊണ്ടാണ്': ഹനന്‍ മൊളള പറഞ്ഞു.

ബംഗാളിലെ സാഹചര്യം വ്യത്യസ്തമാണെന്നും മമതാ ബാനര്‍ജിയുടെ ഭരണമാണ് ബംഗാളില്‍ സിപിഐഎമ്മിനെ നശിപ്പിച്ചതെന്നും ഹനന്‍ മൊളള പറഞ്ഞു. 'പ്രവര്‍ത്തകരെ കൊന്ന് കൊലവിളിച്ചു. ബിജെപിയുടെ ഭരണം മമതയേക്കാള്‍ മികച്ചതാണ്. എന്നാല്‍ ബിജെപിക്കെതിരായും പോരാട്ടം നടത്തും': ഹനന്‍ കൂട്ടിച്ചേര്‍ത്തു.

ഭരണം നഷ്ടമായിട്ടും പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കിയതിനെതിരെ സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. തീരുമാനം റദ്ദാക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. പിണറായിക്ക് പാര്‍ട്ടി പ്രായപരിധി ഇളവ് നല്‍കിയത് മുഖ്യമന്ത്രിയാകാനാണ്, പ്രതിപക്ഷ നേതാവാകാനല്ല എന്നും നേതാക്കള്‍ തുറന്നടിച്ചു. 'മുഖ്യമന്ത്രിയുടെ പെരുമാറ്റ രീതിയും ശൈലിയും ശരിയായില്ല. മുഖ്യമന്ത്രിയുടെ ഓഫീസ് പാര്‍ട്ടിക്ക് അന്യമായി. തോല്‍വിയില്‍ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തമുണ്ട്. ഭരണം പോയിട്ടും വീണ്ടും നേതാവാകുന്നത് ശരിയല്ല. ഇനിയെങ്കിലും തിരുത്താന്‍ തയ്യാറാകണം' എന്നാണ് ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ ഉയര്‍ന്ന വിമര്‍ശനം.

Content Highlights: It's time for Pinarayi Vijayan to give way to young leaders; Former CPM Politburo member

To advertise here,contact us