നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: മുഖ്യസൂത്രധാരൻ പിടിയിൽ

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ അഞ്ച് പേരെ സിബിഐ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു

ഡൽഹി : നീറ്റ് യുജി ചോദ്യപേപ്പർ ചോർച്ചയിലെ മുഖ്യസൂത്രധാരൻ പിടിയിൽ. പ്രൊഫസർ പി വി കുൽകർണിയെ ആണ് സിബിഐ അറസ്റ്റ് ചെയ്തത്. എൻടിഎയ്ക്ക് വേണ്ടി പരീക്ഷാ പ്രവർത്തങ്ങളിൽ ഭാഗമായിരുന്നു കുൽക്കർണി. ഇതുവഴിയാണ് ചോദ്യപേപ്പർ ചോർത്തിയത്‌. ഇയാൾ സ്വന്തം വീട്ടിൽ പ്രത്യേക കോച്ചിംഗ് ക്ലാസുകൾ നടത്തിയെന്നും കണ്ടെത്തിയിട്ടുണ്ട്. പരീക്ഷ ചോദ്യങ്ങൾ പരീക്ഷാർത്ഥികൾക്ക് ചോർത്തി നൽകിയതായും ചോദ്യങ്ങളും ഉത്തരങ്ങളും വിദ്യാർത്ഥികൾ നോട്ടുബുക്കിൽ രേഖപ്പെടുത്തിയെന്നും ഈ ചോദ്യങ്ങൾ യഥാർത്ഥ ചോദ്യപേപ്പറിലെ ചോദ്യങ്ങളുമായി സാമ്യമുള്ളതായും സിബിഐ കണ്ടെത്തി.

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ അഞ്ച് പേരെ സിബിഐ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ജയ്പൂരില്‍ നിന്ന് മൂന്ന് പേരെയും ഗുഡ്ഗാവിൽ നിന്നും നാസിക്കിൽ നിന്നും ഓരോ ആളുകളെയുമാണ് പിടികൂടിയത്. ജയ്പൂരില്‍ നിന്ന് മാംഗിലാല്‍ ബിവാള്‍, വികാസ് ബിവാള്‍, ദിനേഷ് ബിവാള്‍ എന്നിവരും ഗുഡ്ഗാവിഷ നിന്ന് യഷ് യാദവ് എന്നയാളും നാസിക്കിൽ നിന്ന് മറ്റൊരാളുമാണ് അറസ്റ്റിലായത്. ഇതിൽ ദിനേശ് ബിവാൾ യുവമോർച്ച പ്രവർത്തകനാണ്. മാംഗിലാൽ ബിവാൾ ഇയാളുടെ സഹോദരനാണ്. ബിവാൾ സഹോദരങ്ങൾ ഏകദേശം 30 ലക്ഷം രൂപ നൽകിയാണ് ചോദ്യപേപ്പർ വാങ്ങിയതെന്നാണ് സിബിഐയുടെ കണ്ടെത്തൽ.

അതേസമയം നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) നീറ്റ് പുനഃപരീക്ഷാ തീയതി പ്രഖ്യാപിച്ചു. 2026 ജൂൺ 21 ഞായറാഴ്ച പരീക്ഷ നടത്തുമെന്നാണ് അറിയിപ്പ്. നീറ്റ് ചോദ്യപ്പേപർ ചോർച്ചയെ തുടർന്ന് കഴിഞ്ഞ ദിവസം ഈ വര്‍ഷത്തെ നീറ്റ് യു ജി മെഡിക്കല്‍ പ്രവേശന പരീക്ഷ റദ്ദാക്കിയിരുന്നു. മെയ് മൂന്നിന് നടന്ന നീറ്റ് യു ജി പരീക്ഷയാണ് റദ്ദാക്കിയത്. ഏകദേശം 24 ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് മെയ് മൂന്നിന് നടന്ന നീറ്റ് പരീക്ഷ എഴുതിയത്. പരീക്ഷ വീണ്ടും നടത്തുമെന്ന് എൻടിഎ നേരത്തെ അറിയിച്ചിരുന്നു. പുതിയ തിയതി പിന്നീട് അറിയിക്കുമെന്നാണ് എൻടിഎ അറിയിച്ചത്. ഇപ്പോൾ എൻടിഎയുടെ എക്സ് പോസ്റ്റിലൂടെയാണ് പുനഃപരീക്ഷാ തീയതി പ്രഖ്യാപിച്ചത്. പരീ​ക്ഷ കുറിച്ചുള്ള എല്ലാ വിവരങ്ങളും എൻടിഎയുടെ ഔദ്യോ​ഗിക വെബ്സൈറ്റിലിൽ ലഭിക്കും. ഇന്നലെ വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ വസതിയിൽ നടന്ന യോഗത്തിന് ശേഷമാണ് പുനഃപരീക്ഷാ തീയതി പ്രഖ്യാപനമുണ്ടായത്.

പരീക്ഷ റദ്ദാക്കിയതിനെത്തുടർന്ന് വിവിധയിടങ്ങളിൽ പ്രതിഷേധം തുടരുകയാണ്. നാഷണൽ സ്റ്റുഡന്റ്സ് യൂണിയൻ ഓഫ് ഇന്ത്യയുടെ പ്രവർത്തകർ ചോദ്യപേപ്പർ ചോർച്ചയ്ക്കും പരീക്ഷാ ക്രമക്കേടുകൾക്കും എതിരെ പ്രകടനങ്ങൾ നടത്തിയിരുന്നു. ചോദ്യപ്പേപർ ചോർച്ചയിൽ കേരളം, തമിഴ്നാട് ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങൾ പ്രതിഷേധം അറിയിച്ചിരുന്നു. എൻടിഎ പിരിച്ച് വിടണമെന്നും നീറ്റ് പരീക്ഷാ നിർത്തലാക്കണമെന്നും ആവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി വിജയ്, മുൻ മുഖ്യമന്ത്രി സ്റ്റാലിൻ എന്നിവർ രം​ഗത്തെത്തിയിരുന്നു.

Content Highlight : The main mastermind behind the NEET-UG question paper leak has been arrested

To advertise here,contact us