ഡൽഹി: ഉന്നാവോ പീഡനക്കേസിൽ ശിക്ഷിക്കപ്പെട്ട ബിജെപി മുൻ എംഎൽഎ കുൽദീപ് സിങ് സെൻഗാറിന് തിരിച്ചടി. ശിക്ഷ മരവിപ്പിച്ച ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി.
ശിക്ഷ റദ്ദാക്കണം എന്ന വിധിയിൽ രണ്ട് മാസത്തിനകം തീർപ്പുണ്ടാക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ചു. കേസ് ഹൈക്കോടതി വീണ്ടും പരിഗണിക്കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചിൻ്റേതാണ് നടപടി. കുൽദീപ് സിങിൻ്റെ ശിക്ഷ മരപ്പിച്ച ഹൈക്കോടതി വിധിക്കെതിരെ അതിജീവിതയാണ് സുപ്രീംകോടതിയെ സമീപിച്ചത്.
2017 ലാണ് ഉത്തർപ്രദേശിലെ ഉന്നാവോയിൽ രാജ്യത്തെ തന്നെ നടുക്കിയ പീഡനം നടക്കുന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കുൽദീപ് സിങ് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു എന്നായിരുന്നു കേസ്. കേസിൽ 2019 ലാണ് കുൽദീപ് സിങ് സെൻഗാറിനെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. തുടർന്ന് ബിജെപി ഇയാളെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു.
Content Highlights: Setback for former BJP MLA Kuldeep Singh Sengar of UP, convicted in Unnao rape case