ലക്നൗ: ഉത്തര്‍പ്രദേശില്‍ മഴക്കെടുതിയില്‍ കനത്ത നാശനഷ്ടം. 24 മണിക്കൂറിനിടെ 111 പേര് മരിച്ചു. 72 പേര് ചികിത്സയിലാണ്. 26 ജില്ലകളെയാണ് കനത്ത മഴയും കൊടുങ്കാറ്റും ബാധിച്ചത്. 170 ഓളം മൃഗങ്ങൾക്ക് ദുരന്തത്തിൽ ജീവൻ നഷ്ടമായി. 227ഓളം വീടുകള്‍ക്ക് നാശനഷ്ടം സംഭവിക്കുകയും ചെയ്തു.
ഏറ്റവും കൂടുതല്‍ മഴക്കെടുതി നേരിട്ടത് പ്രയാഗ്രാജ് ജില്ലയിലാണ്. 21 മരണമാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മിര്‍സാപുര്‍ (19), ഭദോഹി (16), ഫത്തേഹ്പുര് (11), ബരെയ്ലി (2) എന്നീ ജില്ലകളെയും ദുരന്തം ബാധിച്ചു. മരം വീണും കെട്ടിടങ്ങള്‍ തകര്‍ന്നുമാണ് ഏറ്റവും കൂടുതല്‍ പേര് മരിച്ചതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
നാശനഷ്ടം ഉടനടി വിലയിരുത്താനും 24 മണിക്കൂറിനുള്ളില്‍ ദുരന്തം ബാധിച്ച കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് നാല് ലക്ഷം രൂപ പ്രഖ്യാപിച്ചിട്ടുണ്ട്.
Content Highlights: heavy rain and storm 111 died at Uttarpradesh