ലക്നൗ: സമാജ് വാദി പാർട്ടി സ്ഥാപകനും യുപി മുൻമുഖ്യമന്ത്രിയുമായിരുന്ന അന്തരിച്ച മുലായം സിങ് യാദവിന്റെ ഇളയമകൻ പ്രതീക് യാദവ് അന്തരിച്ചു. 38വയസായിരുന്നു. ലക്നൗവിലെ സിവിൽ ആശുപത്രിയിൽ ബുധനാഴ്ചയായിരുന്നു അന്ത്യം. ബിജെപി നേതാവ് അപർണ യാദവിന്റെ ഭർത്താവും സമാജ്വാദി പാർട്ടി അധ്യക്ഷനായ അഖിലേഷ് യാദവിന്റെ അർദ്ധ സഹോദരനുമാണ്.
ഇന്ന് പുലർച്ച 6.15ഓടെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നാലെ ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. കിങ് ജോർജ് മെഡിക്കൽ യൂണിവേഴ്സിറ്റി ആൻഡ് ഹോസ്പിറ്റലിലെ ഡോക്ടർമാരുടെ പാനൽ പോസ്റ്റ്മോർട്ടം നടപടികളിലേക്ക് കടക്കും. പ്രാഥമിക നിരീക്ഷണത്തിൽ ശരീരത്തിൽ പരിക്കുകളൊന്നും ദൃശ്യമല്ല.
ദീർഘകാലമായുള്ള ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്നുള്ള ബുദ്ധിമുട്ടുകൾ പ്രതീകിനുണ്ടായിരുന്നു. ശ്വാസകോശത്തിൽ രക്തം കട്ടപിടിക്കുന്ന പ്രശ്നത്തിന് അദ്ദേഹം ചികിത്സയിലായിരുന്നു. രാവിലെ അദ്ദേഹത്തിന്റെ ആരോഗ്യം മോശമാകുകയും പ്രതികരണം ലഭിക്കാതെയുമായതോടെ കുടുംബം ആശുപത്രിയിൽ എത്തിച്ചു, അപ്പോഴും അവസ്ഥ കൂടുതൽ മോശമായിരുന്നു.
മുലായം സിങ് യാദവിന്റെയും രണ്ടാമത്തെ ഭാര്യ സാധനയുടെയും മകനാണ് പ്രതീക്. യുകെ ലീഡ്സ് സർവകലാശാലയിൽ നിന്നും എംബിഎ കരസ്ഥമാക്കിയ പ്രതീക്, അറിയപ്പെടുന്ന റിയൽ എസ്റ്റേറ്റ് ഡെവലപ്പറും ബോഡിബിൽഡറുമായിരുന്നു. മൃഗസ്നേഹിയായ പ്രതീക് അവയുടെ സംരക്ഷണത്തിനായുള്ള പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്നു. ഭാര്യ അപർണയും പ്രതീകും വിവാഹമോചനത്തിന് കേസ് ഫയൽ ചെയ്തിരിക്കേയാണ് മരണം.
Content Highlights: Prateek Yadav, the younger son of former Uttar Pradesh Chief Minister Mulayam Singh Yadav, has passed away