ഒരു സംസ്ഥാനവും തങ്ങളുടെ ഭാവി കോൺഗ്രസിന്റെ കൈകളിൽ വയ്ക്കരുത്, അവരുടെ പോരാട്ടം കസേരയ്ക്ക് വേണ്ടി; വിമർശിച്ച് BJP

മുഖ്യമന്ത്രിയെ കണ്ടെത്താന്‍ കഴിയാതെ കോണ്‍ഗ്രസ് വട്ടം കറങ്ങുന്നുവെന്ന് ബിജെപി

ന്യൂഡല്‍ഹി: കേരളത്തിലെ മുഖ്യമന്ത്രി ചര്‍ച്ചകളില്‍ വിമര്‍ശനം തുടര്‍ന്ന് ബിജെപി. വ്യക്തമായ ഭൂരിപക്ഷം നേടിയിട്ടും മുഖ്യമന്ത്രിയെ കണ്ടെത്താന്‍ കഴിയാതെ കോണ്‍ഗ്രസ് വട്ടം കറങ്ങുന്നുവെന്ന് ബിജെപി ഐ ടി സെല്ലിന്റെ ദേശീയ കണ്‍വീനര്‍ അമിത് മാളവ്യ പറഞ്ഞു.

വിഭാഗീയതയും ഉള്‍പ്പോരും അധികാര പോരാട്ടങ്ങളും തുടരുകയാണ്. ഒരു സംസ്ഥാനവും തങ്ങളുടെ ഭാവി കോണ്‍ഗ്രസിന്റെ കൈകളില്‍ വയ്ക്കരുത്. കര്‍ണാടകയില്‍ അധികാര തര്‍ക്കം തുടരുകയാണ്. ഭരണം പ്രതിസന്ധിയിലാണ്. കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം, പോരാട്ടം ഒരിക്കലും വികസനത്തെക്കുറിച്ചോ വിതരണത്തെക്കുറിച്ചോ അല്ല. കോണ്‍ഗ്രസിലെ പോരാട്ടം കസേരയ്ക്ക് വേണ്ടി മാത്രമാണെന്നും അദ്ദേഹം പരിഹസിച്ചു.

കേരള മുഖ്യമന്ത്രി ആരെന്നതില്‍ ഒമ്പതാം ദിവസവും അനിശ്ചിതത്വം തുടരുകയാണ്. മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള നിര്‍ണായക ചര്‍ച്ചകള്‍ ഇന്ന് 11 മണിക്ക് ഡല്‍ഹിയില്‍ നടക്കും. മുന്‍ കെപിസിസി അധ്യക്ഷന്മാര്‍, വര്‍ക്കിങ് പ്രസിഡന്റുമാര്‍ അടക്കമുള്ളവര്‍ ചര്‍ച്ചകളുടെ ഭാഗമാകും. സോണിയ ഗാന്ധിയുടെ നിര്‍ദ്ദേശപ്രകാരമാണ് മുതിര്‍ന്ന നേതാക്കളെ ഡല്‍ഹിയില്‍ വിളിപ്പിച്ചത്.

ഇന്ന് രാത്രിയോ നാളെയോ മുഖ്യമന്ത്രി പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് സൂചന. എല്ലാ കാര്യങ്ങളിലും ചര്‍ച്ച നടക്കുമെന്നും ഘടകക്ഷികളുമായി എഐസിസി നേതൃത്വം ഫോണില്‍ ചര്‍ച്ച നടത്തുമെന്നുമാണ് കെ മുരളീധരന്‍ പ്രതികരിച്ചത്.

അതേസമയം, തെരഞ്ഞെടുപ്പ് ഫലം വന്ന് ഒരാഴ്ച പിന്നിട്ടിട്ടും മുഖ്യമന്ത്രിയെ നിശ്ചയിക്കാത്തതില്‍ ഘടകകക്ഷികള്‍ക്കിടയില്‍ ശക്തമായ അതൃപ്തിയുണ്ട്. പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയെന്ന കടുത്ത പ്രതികരണമാണ് ഇന്നലെ മുസ്ലിം ലീഗ് നേതാക്കള്‍ നടത്തിയത്. തെരഞ്ഞെടുപ്പ് വിജയത്തിന്റെ മാറ്റ് കുറയ്ക്കുന്ന നടപടിയാണ് ഇപ്പോഴത്തേതെന്ന വിമര്‍ശനവും ലീഗ് ഉയര്‍ത്തുന്നുണ്ട്.

Content Highlights: bjp continues criticism over kerala chief minister discussions amid political uncertainty

To advertise here,contact us