കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ ഒന്നൊന്നായി നടപ്പാക്കാൻ സുവേന്ദു അധികാരി നയിക്കുന്ന ബിജെപി സർക്കാർ. തെരുവുകളിൽ പ്രാർത്ഥനയ്ക്കും നിസ്കാരത്തിനും നിരോധനം ഏർപ്പെടുത്തുമെന്ന് ഇന്ത്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ ബിജെപി എഐൽഎ അർജുൻ സിങ് ആവർത്തിച്ചു. സംസ്ഥാനത്ത് വീണ്ടും ഇത് രാഷ്ട്രീയ വിവാദത്തിന് കാരണമാകുമെന്നാണ് വിലയിരുത്തൽ.
സർക്കാർ അധികാരമേറ്റതിന് പിന്നാലെ ക്രമസമാധാനം, അനധികൃത പ്രവർത്തനങ്ങൾ, റോഡുകളിലെ മതപരമായ ഒത്തുചേരൽ എന്നിവയ്ക്കെതിരെ കർശന നിർദേശങ്ങളാണ് നൽകിയിരിക്കുന്നതെന്ന് അർജുൻ സിങ് വ്യക്തമാക്കി. മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി നിരവധി നിർദേശങ്ങൾ നൽകിയിട്ടുണ്ട്. "തെരുവുകളിൽ നിസ്കാരം പാടില്ല. അവർ പള്ളികളിൽ പ്രാർത്ഥിക്കട്ടേ, തെരുവുകളിൽ വേണ്ട. അത് അനുവദനീയമല്ല"- എന്നാണ് അർജുൻ സിങ്ങിന്റെ വാക്കുകൾ. കൊൽക്കത്തയിലെ പൊതു പ്രാർത്ഥനകളെ പരാമർശിച്ച് കൊണ്ട് അത്തരം ഒത്തുചേരലുകൾ ഇനി അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇത്തരം നിരോധനങ്ങൾക്ക് അടിസ്ഥാനം കോടതി ഉത്തരവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. പ്രതിരോധ മന്ത്രാലയത്തിന്റെ ഉടമസ്ഥതയിലുള്ള റെഡ് റോഡിൽ ഈദ് നമസ്കാരം നടത്തുന്നതിന് കഴിഞ്ഞ വർഷം അനുമതി നൽകാത്തത് വിവാദമായിരുന്നു. സൈനിക ആവശ്യങ്ങളെ ഉദ്ധരിച്ചായിരുന്നു അനുമതി നിഷേധിച്ചത്. രണ്ടുദിവസത്തിന് പിന്നാലെ നേതാജി സ്റ്റാച്യു മുത്ൽ ഫോർട്ട് വില്യം പ്രവേശനകവാടം വരെയുള്ള റോഡിൽ ഈദ് പ്രാർത്ഥകൾക്കായി സൈന്യത്തിന്റെ പരീശീലന ഷെഡ്യൂൾ മാറ്റാൻ തീരുമാനിച്ചിരുന്നു.
റോഡുകളിലെ നിസ്കാരത്തിന് പുറമേ കന്നുകാലി കടത്തിനും കല്ലേറ് നടത്തുന്നതിനും എതിരെ ബിജെപി സർക്കാർ കടുത്ത നിലപാടാണ് സ്വീകരിക്കുന്നത്. തിങ്കളാഴ്ച അനധികൃതമായി പ്രവർത്തിക്കുന്ന എല്ലാ കന്നുകാലി മാർക്കറ്റുകൾക്കും നിരോധനം ഏർപ്പെടുത്തിയിരുന്നു. അതിർത്തി ജില്ലകളിലെ നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. കള്ളക്കടത്തു ശൃംഖലകൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്. കന്നുകാലികടത്തിന് പിന്നിൽ തൃണമൂൽ കോൺഗ്രസാണെന്നാണ് ബിജെപി നിരന്തരമായി ആരോപിക്കുന്നത്.
Content Highlights: The Bengal government announced that street prayers will not be allowed and warned of strict action against individuals involved in stone pelting incidents. The move is part of measures aimed at maintaining law and order and public security