'കേരളത്തില്‍ എല്‍ഡിഎഫിന് അപ്രതീക്ഷിത പരാജയം'; പിബി യോഗത്തിന് ശേഷം എംഎ ബേബി

തോല്‍വിയുടെ കാരണങ്ങള്‍ കണ്ടെത്തുമെന്നും എംഎ ബേബി പറഞ്ഞു.

ന്യൂഡല്‍ഹി: കേരളത്തില്‍ എല്‍ഡിഎഫിനുണ്ടായത് അപ്രതീക്ഷിത പരാജയമാണെന്ന് സിപിഐഎം സംസ്ഥാന ജനറല്‍ സെക്രട്ടറി എംഎ ബേബി. ബിജെപി മൂന്ന് സീറ്റുകള്‍ നേടിയത് ഗൗരവകരമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. പശ്ചിമ ബംഗാളില്‍ ബി.ജെ.പിക്ക് ഉണ്ടായത് വലിയ വിജയമാണ്. ബംഗാളിലെ തൃണമൂല്‍ സര്‍ക്കാരിനെതിരായ ഭരണ വിരുദ്ധവികാരം ബിജെപിക്ക് അനുകൂല മായി. ഭരണ വിരുദ്ധ വികാരം ആളികത്തിക്കാന്‍ ബിജെപി ചെയ്തത് അധാര്‍മ്മിക പ്രവര്‍ത്തനങ്ങളാണ്എസ്‌ഐആറിലൂടെ ആളുകളെ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്തു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യതയും സുതാര്യതയും പൂര്‍ണമായി നശിച്ചുവെന്നും എംഎ ബേബി പറഞ്ഞു.

കേരളത്തിലെ കനത്ത പരാജയം വിലയിരുത്തി. കേരളത്തിലെ തോല്‍വി അപ്രതീക്ഷിതം. എല്‍ഡിഎഫ് സര്‍ക്കാര്‍ 10 വര്‍ഷം മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചിട്ടും തിരിച്ചടിയുണ്ടായി. ബിജെപിക്ക് 3 സീറ്റ് ലഭിച്ചത് ഞെട്ടിപ്പിക്കുന്നത്. കാരണങ്ങള്‍ പരിശോധിക്കുമെന്നും എംഎ ബേബി പറഞ്ഞു.

കേരളത്തിന് പ്രതിപക്ഷ നേതാവുണ്ടാകും. ആരെന്ന് തീരുമാനിക്കുക കേരളത്തിലാണ്. പ്രതിപക്ഷ നേതാവിനെ കുറിച്ചുള്ള ചര്‍ച്ച പിബി യില്‍ നടന്നിട്ടില്ല. തോല്‍വിയുടെ ഉത്തരവാദിത്വം പിണറായി എന്തിന് ഏറ്റെടുക്കണമെന്നും എംഎ ബേബി ചോദിച്ചു.

തിരഞ്ഞെടുപ്പിനെ സിപിഐഎം ഒറ്റക്കെട്ടായി ആണ് നേരിട്ടത്. കേരളത്തില്‍ വിശദമായ ചര്‍ച്ച നാളെ ആരംഭിക്കുകയാണ്. തോല്‍വിയുടെ കാരണങ്ങള്‍ കണ്ടെത്തുമെന്നും എംഎ ബേബി പറഞ്ഞു.

Content Highlights; ‘Unexpected Defeat for LDF in Kerala’; M A Baby

To advertise here,contact us