സ്റ്റാലിനെ വസതിയിലെത്തി സന്ദര്‍ശിച്ച് വിജയ്; കെട്ടിപ്പിടിച്ച് സ്വാഗതം ചെയ്ത് സ്റ്റാലിനും ഉദയനിധിയും

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് ശേഷം ആദ്യമായാണ് വിജയ് സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തിയത്

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ് മുന്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് ശേഷം ആദ്യമായാണ് വിജയ് സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തിയത്. സ്റ്റാലിനും പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനും വിജയിയെ സ്വീകരിച്ചു.വിജയ്‌യും സ്റ്റാലിനും പരസ്പരം ഷാള്‍ അണിയിച്ചു. ഉദയനിധി സ്റ്റാലിന്‍ വിജയ്ക്ക് ഒരു പുസ്തകവും സമ്മാനമായി നല്‍കി.

അതേസമയം പതിനേഴാമത് തമിഴ്നാട് നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് തുടങ്ങി. എംഎല്‍എമാരുടെ സത്യപ്രതിജ്ഞയായിരുന്നു ഇന്നത്തെ പ്രധാന അജണ്ട. നാളെയാണ് സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ്. ജെസിഡി പ്രഭാകരാണ് ടിവികെയുടെ സ്പീക്കർ സ്ഥാനാർത്ഥി.മുൻ എഐഎഡിഎംകെ എംഎല്‍എയാണ് ജെഡിഡി പ്രഭാകർ. ശോലവണ്ടന്‍ മണ്ഡലത്തിലെ ടിവികെ എംഎല്‍എയായ എംവി കറുപ്പയ്യയെ പ്രോ ടേം സ്പീക്കറായി ഇന്നലെ തെരഞ്ഞെടുത്തിരുന്നു.

വിജയ്യുടെ നേതൃത്വത്തിലുള്ള ടിവികെ സര്‍ക്കാര്‍ കഴിഞ്ഞ ദിവസമാണ് അധികാരമേറ്റെടുത്തത്. ആറ് വര്‍ഷത്തിന് ശേഷമാണ് ദ്രാവിഡ പാര്‍ട്ടിയല്ലാത്ത ഒരു പാര്‍ട്ടി തമ്ഴിനാട്ടില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നത്. വിജയ്ക്ക് പുറമെ ഒമ്പത് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തിരുന്നു. പൊതുഭരണം, ആഭ്യന്തരം, പൊലീസ് വകുപ്പുകള്‍ വിജയ് കൈകാര്യം ചെയ്യും.

ടിവികെ ജനറല്‍ സെക്രട്ടറി എന്‍ ആനന്ദ്, ടിവികെ ജനറല്‍ സെക്രട്ടറി ആദവ് അര്‍ജുന, മുന്‍ ഐആര്‍എസ് ഉദ്യോഗസ്ഥന്‍, ടിവികെ ചീഫ് കോര്‍ഡിനേറ്റര്‍ കെ എ സെങ്കോട്ടയ്യന്‍, ടിവികെ ട്രഷറര്‍ പി വെങ്കട്ടരമണന്‍, ടിവികെ ജനറല്‍ സെക്രട്ടറി നിര്‍മല്‍ കുമാര്‍, ഈറോഡ് എംഎല്‍എ രാജ്മോഹന്‍, ടിവികെ ജില്ലാ സെക്രട്ടറി ഡോ ടി കെ പ്രഭു, ശിവകാശി എംഎല്‍എ എസ് കീര്‍ത്തന എന്നിവരാണ് വിജയ്ക്കൊപ്പം സത്യപ്രതിജ്ഞ ചെയ്തത്. ഉദയനിധി സ്റ്റാലിനെ നിയമസഭാ കക്ഷി നേതാവായി ഡിഎംകെയും തെരഞ്ഞെടുത്തിരുന്നു.

Content Highlights: TamilNadu CM Vijay meets MK Stalin and Udhayanidhi Stalin

To advertise here,contact us