ബംഗാളില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറെ ചീഫ് സെക്രട്ടറിയായി നിയമിച്ച് സുവേന്ദു അധികാരി

നേരത്തെ എസ്‌ഐആര്‍ പ്രത്യേക നിരീക്ഷകനായിരുന്ന മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനായ സുബ്രത ഗുപ്തയെ ഉപദേഷ്ടാവായി നിയമിച്ചിരുന്നു

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ ചീഫ് സെക്രട്ടറിയായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ മനോജ് അഗര്‍വാളിനെ തെരഞ്ഞെടുത്തു. എസ്‌ഐആര്‍ വിവാദം തെരഞ്ഞെടുപ്പിന് ശേഷവും കത്തിനില്‍ക്കവേയാണ് തെരഞ്ഞെടുപ്പും എസ്‌ഐആറും നിരീക്ഷിച്ച തെരഞ്ഞെടുപ്പ് ഓഫീസറെ ചീഫ് സെക്രട്ടറിയായി മുഖ്യമന്ത്രി സുവേന്ദു അധികാരി നിയമിച്ചത്. നേരത്തെ എസ്‌ഐആര്‍ പ്രത്യേക നിരീക്ഷകനായിരുന്ന മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനായ സുബ്രത ഗുപ്തയെ ഉപദേഷ്ടാവായി നിയമിച്ചിരുന്നു.

അതേസമയം ബംഗാളില്‍ വനിതകള്‍ക്ക് സൗജന്യ യാത്രക്കുള്ള ഉത്തരവില്‍ അധികാരി ഒപ്പുവെച്ചു. ജൂണ്‍ ഒന്ന് മുതല്‍ പദ്ധതി പ്രാബല്യത്തില്‍ വരും. മുന്‍ മുഖ്യമന്ത്രി മമത ബാനര്‍ജി തടഞ്ഞുവെച്ച കേന്ദ്ര പദ്ധതികളും ആരംഭിക്കാനാണ് സുവേന്ദു അധികാരിയുടെ നീക്കം. വിരമിച്ച ഉദ്യോഗസ്ഥരെ സ്ഥാനങ്ങളില്‍ നിന്ന് നീക്കുകയും ചെയ്തിട്ടുണ്ട്. വിരമിച്ച ചില ഉദ്യോഗസ്ഥര്‍ക്ക് മമത പുനര്‍നിയമനം നല്‍കിയിരുന്നു. എന്നാല്‍ സുവേന്ദു അധികാരി എല്ലാ ഉദ്യോഗസ്ഥരുടെയും നിയമനം റദ്ദാക്കി.

നേരത്തെ സുബ്രത ഗുപ്തയെ നിയമിച്ചതിന് പിന്നാലെ ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. മമതാ ബാനര്‍ജിയുടെ മണ്ഡലത്തില്‍ മാത്രം അമ്പതിനായിരം പേരുടെ പേരാണ് എസ്ഐആറിലൂടെ വെട്ടിമാറ്റപ്പെട്ടത്. മമത തോറ്റത് പതിനയ്യായിരത്തിനടുത്ത് വോട്ടിനായിരുന്നു. ബിജെപിക്ക് അനുകൂലമായ രീതിയില്‍ എസ്ഐആര്‍ മേല്‍നോട്ടം വഹിച്ചതിന് കിട്ടിയ സമ്മാനമാണ് ഈ നിയമനം എന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് ഉയര്‍ത്തിയ വിമര്‍ശനം.

Content Highlights: Suvendu Adhikari posted West bengal election commissionar as Chief secratary

To advertise here,contact us