അണ്ണാ ഡിഎംകെ പിളര്‍ന്നു; നേതൃസ്ഥാനത്ത് നിന്ന് എടപ്പാടി പളനിസ്വാമിയെ മാറ്റണമെന്ന് ആവശ്യം

പാർട്ടി നേതൃത്വത്തെ ഇനി അംഗീകരിക്കാൻ ആവില്ലെന്നാണ് നിരവധി എംഎൽഎമാരും മുൻമന്ത്രിമാരും പറയുന്നത്

ചെന്നൈ: തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിന് പിന്നാലെ അണ്ണാ ഡിഎംകെയിൽ(എഐഎഡിഎംകെ) പിളർപ്പ്. പാർട്ടിയുടെ നേതൃസ്ഥാനത്ത് നിന്ന് എടപ്പാടി പളനിസ്വാമിയെ മാറ്റണമെന്ന ആവശ്യവുമായി ഒരു കൂട്ടം എംഎൽഎമാർ. തുടർച്ചയായ തോൽവി ഏറ്റുവാങ്ങുന്നത് ചൂണ്ടികാട്ടിയാണ് നിരവധി എംഎൽഎമാരും മുൻമന്ത്രിമാരും രംഗത്തെത്തിയത്. പാർട്ടി നേതൃത്വത്തെ ഇനി അംഗീകരിക്കാൻ ആവില്ലെന്നാണ് ഇവരുടെ പ്രതികരണം.

എസ്പി വേലുമണിയെ കക്ഷി നേതാവാക്കി തിരഞ്ഞെടുക്കണമെന്നാണ് ഒരുവിഭാഗത്തിൻ്റെ ആവശ്യം. വേലുമണിക്ക് 30 എംഎല്‍എമാരാണ് പിന്തുണ അറിയിച്ച് മുന്നോട്ട് വന്നത്. അതേസമയം എടപ്പാടി പളനിസ്വാമിക്ക് 17 അംഗങ്ങളുടെ പിന്തുണ മാത്രമാണുള്ളത്. എടപ്പാടി പളനിസ്വാമി പക്ഷവും വേലുമണി പക്ഷവും പ്രോടേം സ്പീക്കർക്ക് കത്ത് നൽകിയിട്ടുണ്ട്. എഐഎഡിഎംകെ ഇനി ആര് നയിക്കുമെന്നതിൽ സ്പീക്കറുടെ നിലപാട് നിർണാകമാകും. അതേസമയം അണ്ണാ ഡിഎംകെയിൽ പിളർപ്പില്ലെന്നാണ് ഒരു വിഭാഗം അവകാശപ്പെടുന്നത്.

ഇത്തവണ നിയമസഭ തെരഞ്ഞെടുപ്പിൽ എഐഎഡിഎംകെക്ക് 234 സീറ്റുകളിൽ വെറും 47 സീറ്റുകൾ മാത്രമാണ് നേടാനായത്. 2021ലെ തെരഞ്ഞെടുപ്പില്‍ 75 സീറ്റുകൾ മാത്രമാണ് നേടിയത്. 2019ലെ ലോക്സഭ തെരഞ്ഞടുപ്പിൽ 39 സീറ്റ് നേടിയെങ്കിലും 2024ല്‍ എഐഎഡിഎംകെക്ക് ഒരു സീറ്റ് പോലും നിലനിർത്താനായില്ല. കഴിഞ്ഞ കുറച്ച് വർഷങ്ങളായി പാർട്ടി തുടർച്ചയായി പരാജയങ്ങൾ ഏറ്റുവാങ്ങുകയാണ് . ഇത് പാർട്ടി നേതൃത്വത്തിന്‍റെ പിഴവാണെന്നാണ് ആരോപണം.

തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ എഐഎഡിഎംകെയിലെ സി വി ഷണ്‍മുഖത്തിന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം ടിവികെക്ക് പിന്തുണ നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. 40 എംഎല്‍എമാരാണ് പിന്തുണ പ്രഖ്യപിച്ചിരുന്നത്.

Content Highlights: Split in AIADMK; Demand to remove Edappadi Palaniswami from leadership post; Report

To advertise here,contact us