'ഉത്തരവാദിത്തങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ജനങ്ങളുടെ മേൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു'; മോദിയെ വിമർശിച്ച് രാഹുൽ

ജനങ്ങളോടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭ്യർഥനകൾ വെറും ഉപദേശങ്ങളല്ലെന്നും പരാജയത്തിന്‍റെ തെളിവുകൾ ആണെന്നാണ് രാഹുൽ ഗാന്ധി പറയുന്നത്

ഡൽഹി: വിലക്കയറ്റം നേരിടാൻ ജനങ്ങൾക്ക് പുതിയ സമ്പത്തിക നയങ്ങൾ നിർദേശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ജനങ്ങളോടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭ്യർഥനകൾ വെറും ഉപദേശങ്ങളല്ലെന്നും പരാജയത്തിന്‍റെ തെളിവുകൾ ആണെന്നാണ് രാഹുൽ ഗാന്ധി പറയുന്നത്. രാഹുൽ ഗാന്ധിഎക്സ് പോസ്റ്റിലൂടെയാണ് പ്രതികരിച്ചത്.

അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധത്തിന്‍റെ ഭാഗമായുള്ള ആഘാതം കുറയ്ക്കുന്നതിനായി വർക് ഫ്രം ഹോം രീതിയിലേക്ക് മാറുന്നതും സ്വർണം വാങ്ങുന്നത് ഒഴിവാക്കുന്നതും ഉൾപ്പെടെയുള്ള മാറ്റങ്ങൾ വരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യർഥിച്ചിരുന്നു. ഇന്നലെ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രസംഗിച്ച നരേന്ദ്ര മോദി വിലക്കയറ്റം തടയുന്നതിനായി നിർദേശങ്ങൾ അവതരിപ്പിച്ചത്. കൊവിഡ് കാലത്തിന് സമാനമായ നിയന്ത്രണങ്ങൾ നടപ്പിലാക്കണമെന്നാണ് മോദി ആവശ്യപ്പെട്ടത്. ഇതിനെതിരെയാണ് രാഹുൽ ഗാന്ധി രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്.

സ്വർണം വാങ്ങരുത്, വിദേശത്ത് പോകരുത്, പെട്രോൾ ഉപയോഗം കുറയ്ക്കണം, മെട്രോ ഉപയോഗിക്കണം, വീട്ടിലിരുന്ന് ജോലി ചെയ്യണം എന്നാണ് പ്രധാനമന്ത്രി പറയുന്നത്. 12 വർഷത്തിനുള്ളിൽ അദ്ദേഹം രാജ്യത്തെ എത്തിച്ചിരിക്കുന്നത് ഇത്തരമൊരു അവസ്ഥയിലാണ്. എന്ത് വാങ്ങണം, എന്ത് വാങ്ങരുത്, എവിടെ പോകണം, എവിടെ പോകരുത് എന്ന് ജനങ്ങളോട് പറയേണ്ടി വരുന്നു. ഓരോ തവണയും ഉത്തരവാദിത്തങ്ങളിൽ നിന്ന് സ്വയം രക്ഷപ്പെടാൻ ജനങ്ങളുടെ മേൽ നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കുന്നു എന്നാണ് രാഹുൽ പറഞ്ഞത്.

Content Highlights: Leader of Opposition in Lok Sabha Rahul Gandhi has criticized Prime Minister Narendra Modi for suggesting new economic policies to the people to combat price rise

To advertise here,contact us