'ക്യാമറ കേട് ആയിരുന്നുവെന്ന ധൈര്യത്തിലായിരുന്നു; കോണ്‍ഗ്രസില്‍ വിപ്ലവം ഉണ്ടാക്കാന്‍ വേണ്ടി ചെയ്തതാണ്'

'നമുക്ക് ഏറ്റവും ദേഷ്യമുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ബോര്‍ഡ് ആണ് വെച്ചിട്ടുള്ളത്'

തൃശ്ശൂര്‍: ക്യാമറ കേട് ആയിരുന്നുവെന്ന ധൈര്യത്തിലാണ് സേവ് കോണ്‍ഗ്രസിന്റെ പേരില്‍ കെ സി വേണുഗോപാലിനായി ഫ്‌ളക്‌സ് ബോര്‍ഡ് വെച്ചതെന്ന് സിപിഐഎം നേതാവ് മുഹമ്മദ് അരവശേരി. സ്ഥലത്തുണ്ടായിരുന്ന ക്യാമറ കേട് ആണെന്ന് പറഞ്ഞതിന്റെ ധൈര്യത്തിലാണ് ഫ്‌ളക്‌സ് വെച്ചത്. വിപ്ലവം ഉണ്ടാക്കാന്‍ വേണ്ടിയാണ് ചെയ്തത് എന്നും മുഹമ്മദ് അരവശേരി പറഞ്ഞു.

'നമുക്ക് ഏറ്റവും ദേഷ്യമുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ബോര്‍ഡ് ആണ് വെച്ചിട്ടുള്ളത്. വിപ്ലവം ഉണ്ടാക്കാന്‍ വേണ്ടിയാണ് ചെയ്തത്. ക്യാമറ അവിടെയുള്ള കാര്യം എനിക്ക് അറിയില്ല. മൊബൈല്‍ ഷോപ്പിലെ ക്യാമറയാണെന്ന് തോന്നുന്നു. അവിടെ ക്യാമറ ഉണ്ടായിരുന്നു. അത് കേട് ആയിരുന്നുവെന്നാണ് പറഞ്ഞത്. ആ ധൈര്യത്തിലാണ് അവിടെ ഫ്‌ളക്‌സ് വെച്ചത്', എന്നായിരുന്നു മുഹമ്മദ് അരവശേരിയുടെ വാക്കുകള്‍.

കഴിഞ്ഞ ദിവസം രാത്രി 11 മണി നേരത്താണ് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ ഫോട്ടോവെച്ച് 'കെ സി നയിക്കട്ടെ' എന്നെഴുതിയ ഫ്‌ളക്‌സ് ബോര്‍ഡ് ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ സിപിഐഎം നേതാവ് സ്ഥാപിച്ചത്. രാവിലെ അത് ഫോട്ടോ എടുത്ത് ഫേസ്ബുക്കില്‍ പോസ്റ്റുകയും ചെയ്തു. എന്നാല്‍ സിസിടിവി ചതിച്ചതോടെ നാട്ടുകാരെല്ലാം വിവരമറിഞ്ഞു. വാടാനപ്പള്ളി ലോക്കല്‍ കമ്മറ്റി അംഗവും പട്ടിലങ്ങാടി ബ്ലോക്ക് മെമ്പറുടെ ഭര്‍ത്താവുമാണ് അരവശ്ശേരി മുഹമ്മദ്.

സംഭവത്തില്‍ യുഡിഎഫ് മണ്ഡലം കമ്മറ്റി പൊലീസില്‍ പരാതി നല്‍കി. വാടാനപ്പള്ളിയില്‍ പ്രതിഷേധവും സംഘടിപ്പിച്ചു. സിപിഐഎമ്മിന്റെ ലോക്കല്‍ - ഏരിയ നേതാക്കളുടെ ബലത്തിലാണ് ഈ കുത്സിത പ്രവൃത്തിയെന്ന് മണ്ഡലം യുഡിഎഫ് നേതാക്കള്‍ ആരോപിച്ചു.

Content Highlights: I was afraid that the camera was defective cpim leader who installed kc venugopal flex board

To advertise here,contact us