ചെന്നൈ: പ്രതിപക്ഷ നേതാവായി ഡിഎംകെ തെരഞ്ഞെടുത്തതിന് പിന്നാലെ പ്രതികരണവുമായി ഉദയനിധി സ്റ്റാലിന്. തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്ക് ആശംസ അറിയിച്ച ഉദയനിധി സ്റ്റാലിന് തമിഴ്നാട്ടിലെ മുഴുവന്‍ ജനതയ്ക്കും പാര്‍ട്ടിക്കും നന്ദി അറിയിച്ചു. ശക്തമായ പ്രതിപക്ഷമാകുമെന്നും ഉദയനിധി സ്റ്റാലിന് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
'പാര്‍ട്ടി അദ്ധ്യക്ഷന്റെ മാര്‍ഗനിര്‍ദേശത്തില്‍ നിയമസഭയിലും ജനങ്ങള്‍ക്ക് മുന്നിലും സമൂഹമാധ്യമങ്ങളിലും ഞങ്ങള്‍ ശക്തരായ പ്രതിപക്ഷത്തിന്റെ ശബ്ദം ഉയര്‍ത്തും. ക്രിയേറ്റീവായ വിശകലനങ്ങള്‍ നടത്തും. നമുക്ക് നല്ല പ്രതിപക്ഷ പാര്‍ട്ടിയായി പ്രവര്‍ത്തിക്കാം. സര്‍ക്കാരിനും ജനങ്ങള്‍ക്കും ഇടയിലുള്ള മാധ്യമമായിരിക്കും ഞങ്ങള്‍. എന്നെ വിശ്വസിച്ച് ജനം നല്കിയ ഉത്തരവാദിത്തം 100 ശതമാനം ഞാന്‍ പാലിക്കും. ഇതിനായി ഞാന്‍ കൂടുതല്‍ കഠിനാധ്വാനം ചെയ്യും', ഉദയനിധി സ്റ്റാലിന് പറഞ്ഞു.
ഇന്നാണ് തമിഴ്നാടിന്റെ മുഖ്യമന്ത്രിയായി ടിവികെ നേതാവും നടനുമായ സി ജോസഫ് വിജയ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ആറ് പതിറ്റാണ്ടിനിപ്പുറം ദ്രാവിഡ പാര്‍ട്ടിയല്ലാത്ത ഒരു പാര്‍ട്ടി തമിഴ്നാട്ടില്‍ സര്‍ക്കാര്‍ രൂപീകരിച്ചു. വിജയ്യുടെ പിതാവ് ചന്ദ്രശേഖര്‍, മാതാവ് ശോഭ ചന്ദ്രശേഖര്‍, തമിഴ് സിനിമാ താരം തൃഷ കൃഷ്ണന്, കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ ചെന്നൈ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തു.
വിജയ്ക്ക് പുറമേ മറ്റ് ഒമ്പത് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. പൊതുഭരണം, ആഭ്യന്തരം, പൊലീസ് വകുപ്പുകള്‍ വിജയ് കൈകാര്യം ചെയ്യും. ടിവികെ ജനറല്‍ സെക്രട്ടറി എന്‍ ആനന്ദ്, ടിവികെ ജനറല്‍ സെക്രട്ടറി ആദവ് അര്‍ജുന, മുന്‍ ഐആര്‍എസ് ഉദ്യോഗസ്ഥന്, ടിവികെ ചീഫ് കോര്‍ഡിനേറ്റര്‍ കെ എ സെങ്കോട്ടയ്യന്, ടിവികെ ട്രഷറര്‍ പി വെങ്കട്ടരമണന്, ടിവികെ ജനറല്‍ സെക്രട്ടറി നിര്‍മല്‍ കുമാര്‍, ഈറോഡ് എംഎല്‍എ രാജ്മോഹന്‍, ടിവികെ ജില്ലാ സെക്രട്ടറി ഡോ ടി കെ പ്രഭു, ശിവകാശി എംഎല്‍എ എസ് കീര്‍ത്തന എന്നിവരാണ് ഇന്ന് വിജയ്ക്കൊപ്പം സത്യപ്രതിജ്ഞ ചെയ്തത്.
Content Highlights: Udhayanidhi Stalin's first response after elected as Opposition leader of Tamil Nadu