കേരളത്തിലെ മുഖ്യമന്ത്രിചർച്ച:'അഞ്ച് വർഷത്തേക്ക് അഞ്ച് മുഖ്യമന്ത്രിമാരെ തിരഞ്ഞെടുക്കൂ' പരിഹസിച്ച് നരേന്ദ്ര മോദി

മുഖ്യമന്ത്രി പദം രണ്ടര വർഷം വീതം വെയ്ക്കൂ അല്ലെങ്കിൽ അഞ്ചുവർഷത്തേക്ക് അഞ്ചു മുഖ്യമന്ത്രിമാരെ തിരഞ്ഞെടുക്കണം എന്ന് പരിഹസിച്ചാണ് മോദി മുഖ്യമന്ത്രി ചർച്ചയിൽ പ്രതികരിച്ചത്

ഡൽഹി: കേരളത്തിൽ നടക്കുന്ന മുഖ്യമന്ത്രി ചർച്ചയിൽ പരിഹാസവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭൂരിപക്ഷം ലഭിച്ചിട്ടും എന്തുകൊണ്ട് സർക്കാർ രൂപീകരിക്കുന്നില്ലെന്നാണ് നരേന്ദ്ര മോദിയുടെ ചോദ്യം. മുഖ്യമന്ത്രി പദം രണ്ടര വർഷം വീതം വെയ്ക്കു അല്ലെങ്കിൽ അഞ്ചുവർഷത്തേക്ക് അഞ്ചു മുഖ്യമന്ത്രിമാരെ തിരഞ്ഞെടുക്കണം എന്ന് പരിഹസിച്ചാണ് മോദി മുഖ്യമന്ത്രി ചർച്ചയിൽ പ്രതികരിച്ചത്. കേരളത്തിൽ മുഖ്യമന്ത്രി മോഹവുമായി നേതാക്കൾ കറങ്ങി നടക്കുകയാണെന്നും രാജസ്ഥാനിലും ഛത്തീസ്ഗഡിലും കർണാടകയിലും കണ്ട അതേ കാര്യമാണ് കേരളത്തിലുമെന്ന് മോദി പറഞ്ഞു. കർണാടകയിൽ ഇപ്പോഴും മുഖ്യമന്ത്രി ചർച്ച തുടരുകയാണെന്നും അദേഹം കൂട്ടിച്ചേർത്തു.

അതേസമയം മോദിയുടെ പരാമർശങ്ങൾക്ക് മറുപടിയുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രിക്ക് മറവിരോഗമാണെന്നാണ് രമേശ് ചെന്നിത്തലയുടെ മറുപടി. പ്രധാന മന്ത്രി പഴയകാര്യങ്ങളൊന്നും മറന്ന് പോകരുതെന്നും ഡൽഹിയിൽ 50 ദിവസം കൊണ്ടാണ് മുഖ്യമന്ത്രിയെ തീരുമാനിച്ചതെന്നും അദേഹം പറഞ്ഞു. നാഗ്പൂരിലെ നിർദ്ദേശം സ്വീകരിച്ച് പ്രവർത്തിക്കുന്ന പാർട്ടിയല്ല കോൺഗ്രസ് എന്നും ചെന്നിത്തല പറഞ്ഞു. നരേന്ദ്ര മോദിയും അമിത് ഷായും ചേർന്നാൽ എല്ലാമായി എന്നാണ് ബിജെപി വിചാരിക്കുന്നതെന്നും എന്നാൽ കോൺഗ്രസ്‌ അങ്ങനെയല്ലെന്നും രമേശ് ചെന്നിതല പറഞ്ഞു. എത്രയും പെട്ടെന്ന് തന്നെ മുഖ്യമന്ത്രി ആരെന്ന് ഹൈക്കമാൻഡ് അറിക്കുമെന്നും അദേഹം പറയുകയുണ്ടായി.

Content Highlights: Prime Minister Narendra Modi mocks Kerala CM debate

To advertise here,contact us