തിരുവനന്തപുരം: തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത വിജയ്ക്ക് അഭിനന്ദനം അറിയിച്ച് മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്. ജോസഫ് വിജയ്ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ അറിയിക്കുന്നുവെന്ന് പിണറായി വിജയന് ഫേസ്ബുക്കില്‍ കുറിച്ചു. ജനാധിപത്യ സംവിധാനത്തില്‍ ജനങ്ങള്‍ നല്കുന്ന വിധി വലിയ ഉത്തരവാദിത്തമാണെന്നും പിണറായി വിജയന് പറഞ്ഞു.
'തമിഴ്നാട്ടിലെ ജനങ്ങള്‍ താങ്കളില്‍ അര്‍പ്പിച്ച വിശ്വാസം, സാമൂഹ്യനീതി, മതനിരപേക്ഷത, ജനക്ഷേമം എന്നീ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഭരണമായി മാറുമെന്ന് പ്രത്യാശിക്കുന്നു. കേരളവും തമിഴ്നാടും ദീര്‍ഘകാല സൗഹൃദവും സഹകരണവും പങ്കിടുന്ന സംസ്ഥാനങ്ങളാണ്. ഫെഡറല്‍ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിനും മതനിരപേക്ഷത കാത്തുസൂക്ഷിക്കുന്നതിനും ഇരു സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്കും ഒരുമിച്ച് പ്രവര്‍ത്തിക്കാനാകുമെന്ന് വിശ്വസിക്കുന്നു', പിണറായി വിജയന് പറഞ്ഞു.
ഇന്നാണ് തമിഴ്നാടിന്റെ മുഖ്യമന്ത്രിയായി ടിവികെ നേതാവും നടനുമായ സി ജോസഫ് വിജയ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ആറ് പതിറ്റാണ്ടിനിപ്പുറം ദ്രാവിഡ പാര്‍ട്ടിയല്ലാത്ത ഒരു പാര്‍ട്ടി തമിഴ്നാട്ടില്‍ സര്‍ക്കാര്‍ രൂപീകരിച്ചു. വിജയ്യുടെ പിതാവ് ചന്ദ്രശേഖര്‍, മാതാവ് ശോഭ ചന്ദ്രശേഖര്‍, തമിഴ് സിനിമാ താരം തൃഷ കൃഷ്ണന്, കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ ചെന്നൈ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തു.
വിജയ്ക്ക് പുറമേ മറ്റ് ഒമ്പത് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. പൊതുഭരണം, ആഭ്യന്തരം, പൊലീസ് വകുപ്പുകള്‍ വിജയ് കൈകാര്യം ചെയ്യും. ടിവികെ ജനറല്‍ സെക്രട്ടറി എന്‍ ആനന്ദ്, ടിവികെ ജനറല്‍ സെക്രട്ടറി ആദവ് അര്‍ജുന, മുന്‍ ഐആര്‍എസ് ഉദ്യോഗസ്ഥന്, ടിവികെ ചീഫ് കോര്‍ഡിനേറ്റര്‍ കെ എ സെങ്കോട്ടയ്യന്, ടിവികെ ട്രഷറര്‍ പി വെങ്കട്ടരമണന്, ടിവികെ ജനറല്‍ സെക്രട്ടറി നിര്‍മല്‍ കുമാര്‍, ഈറോഡ് എംഎല്‍എ രാജ്മോഹന്‍, ടിവികെ ജില്ലാ സെക്രട്ടറി ഡോ ടി കെ പ്രഭു, ശിവകാശി എംഎല്‍എ എസ് കീര്‍ത്തന എന്നിവരാണ് ഇന്ന് വിജയ്ക്കൊപ്പം സത്യപ്രതിജ്ഞ ചെയ്തത്.
Content Highlights: Pinarayi Vijayan congrats Vijay after Tamilnadu CM oath