ചെന്നൈ: വിജയ്യുടെ സത്യപ്രതിജ്ഞയില്‍ അനിശ്ചിതത്വം നീങ്ങി. ടിവികെ സര്‍ക്കാരിന് പിന്തുണ അറിയിച്ചുവെന്ന് വിടുതലൈ സിരുതൈകള്‍ കച്ചി (വിസികെ)വ്യക്തമാക്കി. വിജയ്ക്ക് പിന്തുണ അറിയിച്ചുകൊണ്ടുളള രണ്ട് എംഎല്‍എമാരുടെയും കത്ത് ഗവര്‍ണര്‍ക്ക് അയച്ചുവെന്ന് വിസികെ എക്സ് പോസ്റ്റില്‍ കുറിച്ചു. ഇതുസംബന്ധിച്ച് ഔദ്യോഗിക തീരുമാനം നാളെ രാവിലെ വരുമെന്നും വിസികെ എക്സിലൂടെ അറിയിച്ചു. നേരത്തെ ടിവികെ സർക്കാരിന് പിന്തുണ പ്രഖ്യാപിക്കാൻ വിസികെ ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെട്ടിരുന്നതായി റിപ്പോർട്ടുണ്ടായിരുന്നു.
സർക്കാർ രൂപീകരിക്കാൻ വിജയ്ക്ക് 118 പേരുടെ പിന്തുണ തെളിയിക്കാന്‍ കഴിഞ്ഞില്ലെന്ന് ലോക്ഭവൻ അറിയിക്കുകയായിരുന്നു. വിജയ് കൈമാറിയത് 116 പേരുടെ പിന്തുണ കത്ത് മാത്രമാണെന്നും സത്യപ്രതിജ്ഞയ്ക്ക് അനുമതി നല്‍കിയിട്ടില്ലെന്നും ലോക്ഭവന് വൃത്തങ്ങള്‍ അറിയിക്കുകയായിരുന്നു. കോണ്‍ഗ്രസ്, സിപിഐഎം, സിപിഐ എന്നീ രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണക്കത്ത് മാത്രമാണ് വിജയ് ലോക്ഭവന് നല്‍കിയത്. വിസികെ ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെട്ടെന്നും വിസികെ അധ്യക്ഷന്‍ തിരുമാവളവന് എംകെ സ്റ്റാലിനെ കാണാനൊരുങ്ങുകയാണെന്നുമായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകൾ.
തമിഴ്നാട്ടില്‍ സര്‍ക്കാര്‍ രൂപീകരണത്തിനായുള്ള ശ്രമത്തില്‍ ടിവികെയെ പിന്തുണക്കില്ലെന്ന് മുസ്ലിം ലീഗ് വ്യക്തമാക്കിയിരുന്നു. ഡിഎംകെ നേതൃത്വം നല്കുന്ന സഖ്യത്തോടൊപ്പം തുടരുമെന്ന് ലീഗ് ദേശീയ അദ്ധ്യക്ഷന്‍ ഖാദര്‍ മൊയ്തീന് വ്യക്തമാക്കി. നേരത്തെ വിസികെയും മുസ്ലിം ലീഗും തങ്ങളുടെ എംഎല്‍എമാരുടെ പിന്തുണ ടിവികെയ്ക്ക് പ്രഖ്യാപിച്ചെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. വിസികെ പിന്നീട് ടിവികെയെ പിന്തുണയ്ക്കുമെന്ന് വ്യക്തമാക്കി.
Content Highlights: Uncertainty has been lifted; VCK expresses support for TVK