ന്യൂഡല്‍ഹി: കേരളത്തിലെ മുഖ്യമന്ത്രി ചര്‍ച്ച അതിരുവിട്ട് തെരുവില്‍ ശക്തിപ്രകടനങ്ങളും ഫ്ളക്സ് യുദ്ധങ്ങളുമായതില് നേതാക്കളെ രൂക്ഷമായി വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്, മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല എന്നിവരെയാണ് രാഹുല്‍ രൂക്ഷമായി വിമര്‍ശിച്ചത്. കാര്യങ്ങള്‍ സങ്കീര്‍ണ്ണമാക്കിയത് എന്തിനാണെന്ന് രാഹുല്‍ ഗാന്ധി നേതാക്കളോട് ചോദിച്ചു. തെരുവിലിറങ്ങിയത് ശരിയായില്ലെന്നും ജനങ്ങളെയും പ്രവര്‍ത്തകരെയും കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തണമെന്നും രാഹുല്‍ ഗാന്ധി നിര്‍ദേശം നല്കി. തമ്മിലടിയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പ്രഖ്യാപനം പറ്റില്ലെന്ന് രാഹുല്‍ നിലപാടെടുക്കുകയായിരുന്നു. രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശപ്രകാരമാണ് നേതാക്കള്‍ ഒന്നിച്ച് മാധ്യമങ്ങളെ കണ്ടത്.
മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ ഡല്‍ഹിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് രാഹുല്‍ നേതാക്കളോട് അതൃപ്തി പ്രകടിപ്പിച്ചത്. നേതാക്കള്‍ക്ക് പറയാനുളളത് മുഴുവന്‍ കേട്ട രാഹുല്‍, ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ കഴിയില്ലെന്ന് അറിയിക്കുകയായിരുന്നു. ശക്തിപ്രകടനങ്ങള്‍ അവസാനിപ്പിക്കുമോ എന്ന് ഹൈക്കമാന്‍ഡ് നിരീക്ഷിക്കും. പ്രശ്നപരിഹാരം ഉണ്ടാകണമെന്നും അതിനുശേഷമാകും പ്രഖ്യാപനം നടത്തുകയെന്നും ഖര്‍ഗെയും പറഞ്ഞു. ഇതോടെയാണ് യോഗം കഴിഞ്ഞ് പുറത്തിറങ്ങിയ നേതാക്കള്‍ ഒന്നിച്ച് മാധ്യമങ്ങളെ കണ്ട് ഐക്യത്തിന് ആഹ്വാനം ചെയ്തത്.
മുഖ്യമന്ത്രി ചർച്ചയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് കോൺഗ്രസ്- യുഡിഎഫ് പ്രവർത്തകർ നടത്തുന്ന ഫ്ളക്സ് യുദ്ധങ്ങളും പ്രകടനങ്ങളും അവസാനിപ്പിക്കണമെന്ന് നേതാക്കൾ ഒന്നിച്ച് ആവശ്യപ്പെട്ടു. ഫ്ളക്സ് യുദ്ധങ്ങളും പ്രകടനങ്ങളും വോട്ടുചെയ്ത് ജയിപ്പിച്ച ജനങ്ങളെ വേദനിപ്പിക്കുമെന്നും കഴിയുമെങ്കിൽ ഇന്നുതന്നെ സംസ്ഥാനത്തുടനീളം വെച്ച എല്ലാ ഫ്ളക്സുകളും നീക്കം ചെയ്യണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു. വിജയത്തിന്റെ മഹിമ കളയാതെ ഫ്ളക്സുകള്‍ എല്ലാവരും എടുത്തുകളയണം എന്നാണ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടത്. പാർട്ടിയും ജനങ്ങളുമാണ് പ്രധാനമെന്നും നടന്ന നിർഭാഗ്യകരമായ സംഭവങ്ങളെല്ലാം പഴങ്കഥയായി അവസാനിപ്പിച്ച് നേതൃത്വത്തിന്റെ തീരുമാനത്തിന് അനുസരിച്ച് മുന്നോട്ടുപോകണമെന്ന് കെ സി വേണുഗോപാലും ആവശ്യപ്പെട്ടു.
Content Highlights: Congress Leaders met the media on Rahul Gandhi's instructions; kerala cm Fight