ചെന്നൈ: തമിഴ്നാട്ടില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ സിപിഐഎം, സിപിഐ ഓഫീസുകള്‍ സന്ദര്‍ശിച്ച് ടിവികെ അധ്യക്ഷന്‍ വിജയ്. പിന്തുണ നല്‍കിയതിന് നന്ദി അറിയിക്കാനാണ് വിജയ് പാര്‍ട്ടി ഓഫീസുകള്‍ സന്ദര്‍ശിച്ചത്. ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറെ സന്ദര്‍ശിച്ചതിന് ശേഷമാണ് വിജയ് ഇടതുനേതാക്കളെ കണ്ടത്. 'ടിവികെ ഏറ്റവും വലിയ ഒറ്റകക്ഷിയാണ്. അതിന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ 6 എംഎല്‍എമാര്‍ കൂടി ആവശ്യമാണ്. ഞങ്ങള്‍ സിപിഐഎമ്മും സിപിഐയും വിസികെയും ചേര്‍ന്ന് 6 എംഎല്‍എമാരുണ്ട്. ഞങ്ങള്‍ പിന്തുണ അറിയിച്ചുകഴിഞ്ഞു. അത് ജനാധിപത്യപരമായ ഉത്തരവാദിത്തമാണ്. ഞങ്ങള്‍ ജനാധിപത്യത്തിനൊപ്പമാണ്. ജനങ്ങള്‍ക്കൊപ്പമാണ്'- സിപിഐ സംസ്ഥാന സെക്രട്ടറി വീരപാണ്ഡ്യന് പറഞ്ഞു.
ഒരു കാരണവശാലും ഒരിക്കലും വര്‍ഗീയ ശക്തികളെ അടുപ്പിക്കില്ലെന്ന് വിജയ് ഇടതുനേതാക്കള്‍ക്ക് ഉറപ്പുനല്‍കിയതായി സിപിഐഎം സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്ണനും വ്യക്തമാക്കി. 'ഈ വെല്ലുവിളി നിറഞ്ഞ സമയത്ത് നിങ്ങള്‍ നല്കിയ പിന്തുണയ്ക്ക് ഞാന്‍ നന്ദിയുളളവനാണ്. എന്റെ വാതിലുകള്‍ നിങ്ങള്‍ക്കായി തുറന്നിട്ടിരിക്കുകയാണ്. ഒരു സാഹചര്യത്തിലും വര്‍ഗീയ ശക്തികളെ അടുപ്പിക്കില്ല' എന്ന് വിജയ് പറഞ്ഞു എന്നാണ് കെ ബാലകൃഷ്ണന് പറഞ്ഞത്.
വിജയ് നയിക്കുന്ന ടിവികെയ്ക്ക് ഭൂരിപക്ഷ പിന്തുണ ലഭിച്ചിരുന്നു. സിപിഐഎം സിപിഐ, വിസികെ എന്നീ രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണ ലഭിച്ചതോടെയാണ് സർക്കാർ രൂപീകരിക്കാനുളള കേവല ഭൂരിപക്ഷമായത്. 234 അംഗ തമിഴ്നാട് നിയമസഭയിൽ 118 എംഎൽഎമാരുടെ ഭൂരിപക്ഷമാണ് സർക്കാർ രൂപീകരിക്കാൻ വേണ്ടത്. ഇതിൽ 107 എംഎൽഎമാരാണ് ടിവികെയ്ക്ക് ഉളളത്. 118 എന്ന മാജിക് നമ്പറിലേക്ക് എത്തണമെങ്കിൽ 11 എംഎൽഎമാരുടെ കുറവുണ്ടായിരുന്നു. ഫലം വന്നതിന് പിന്നാലെ 5 എംഎൽഎമാരുളള കോൺഗ്രസ് ടിവികെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതോടെ 112 എംഎൽഎമാരായിരുന്നു. ഇപ്പോൾ 2 എംഎൽഎമാർ വീതമുളള സിപിഐഎമ്മും സിപിഐയും വിസികെയും പിന്തുണ പ്രഖ്യാപിച്ചതോടെ സർക്കാർ രൂപീകരിക്കാനുളള 118 എന്ന അംഗസംഖ്യയായി. നാളെ തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 11 മണിയോടെയാണ് വിജയ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുക.
Content Highlights: Vijay visits CPI(M) and CPI party offices; thanks them for their support