ചെന്നൈ: തമിഴ്നാട്ടില്‍ ഇനി വിജയ് സര്‍ക്കാര്‍ രൂപീകരിക്കും. വിജയ്ക്ക് ഭൂരിപക്ഷ പിന്തുണ ലഭിച്ചു. സിപിഐഎം സിപിഐ, വിസികെ എന്നീ രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണ ലഭിച്ചതോടെയാണ് സർക്കാർ രൂപീകരിക്കാനുളള കേവല ഭൂരിപക്ഷമായത്. നാലരയോടെ സംയുക്ത വാര്‍ത്താ സമ്മേളനമുണ്ടാകും. തുടര്‍ന്ന് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറുമായി വിജയ് കൂടിക്കാഴ്ച്ച നടത്തും.
234 അംഗ തമിഴ്നാട് നിയമസഭയിൽ 118 എംഎൽഎമാരുടെ ഭൂരിപക്ഷമാണ് സർക്കാർ രൂപീകരിക്കാൻ വേണ്ടത്. ഇതിൽ 107 എംഎൽഎമാരാണ് ടിവികെയ്ക്ക് ഉളളത്. 118 എന്ന മാജിക് നമ്പറിലേക്ക് എത്തണമെങ്കിൽ 11 എംഎൽഎമാരുടെ കുറവുണ്ടായിരുന്നു. ഫലം വന്നതിന് പിന്നാലെ 5 എംഎൽഎമാരുളള കോൺഗ്രസ് ടിവികെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതോടെ 112 എംഎൽഎമാരായിരുന്നു. ഇപ്പോൾ 2 എംഎൽഎമാർ വീതമുളള സിപിഐഎമ്മും സിപിഐയും വിസികെയും പിന്തുണ പ്രഖ്യാപിച്ചതോടെ സർക്കാർ രൂപീകരിക്കാനുളള 118 എന്ന അംഗസംഖ്യയായി. ഇതോടെയാണ് വാർത്താ സമ്മേളനം വിളിയ്ക്കാനും ഗവർണറെ കാണാനും ടിവികെ തീരുമാനിച്ചത്.
തമിഴ്നാട്ടില്‍ ടിവികെയെ പിന്തുണയ്ക്കാൻ കോണ്‍ഗ്രസ് തീരുമാനിച്ചതിന് പിന്നാലെ ഡിഎംകെ ഇന്ത്യാ സഖ്യത്തിൽ നിന്ന് പിന്മാറാനുളള തീരുമാനമെടുത്തിരുന്നു. പാര്‍ലമെന്റില്‍ സീറ്റ് മാറ്റം ആവശ്യപ്പെട്ട് ഡിഎംകെ എംപി കനിമൊഴി സ്പീക്കര്‍ക്ക് കത്ത് നല്കി. ഇന്‍ഡ്യാ സഖ്യത്തിന് തിരിച്ചടിയാവുന്നതാണ് കനിമൊഴിയുടെ നീക്കം. നിലവിലെ മാറുന്ന രാഷ്ട്രീയ സാഹചര്യത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസുമായുള്ള തങ്ങളുടെ ബന്ധം അവസാനിക്കുകയാണ്. ഈ സാഹചര്യത്തില്‍ പാര്‍ലമെന്റിലെ നിലവിലെ സീറ്റ് ക്രമീകരണവുമായി മുന്നോട്ട് പോകുന്നത് ഡിഎംകെ അംഗങ്ങളെ സംബന്ധിച്ച് ഉചിതമല്ലെന്നാണ് സ്പീക്കര്‍ക്ക് കനിമൊഴി നല്കിയ കത്തില്‍ ചൂണ്ടിക്കാട്ടുന്നത്. അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ തന്നെ മാറ്റം നടപ്പിലാക്കണമെന്ന ആവശ്യവും കനിമൊഴി മുന്നോട്ടുവെക്കുന്നുണ്ട്.
ടിവികെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് ഡിഎംകെ രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ് പിന്നില്‍ നിന്നും കുത്തുന്നവരെന്നായിരുന്നു ഡിഎംകെ കുറ്റപ്പെടുത്തല്‍. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ഭരണകക്ഷിയായ ഡിഎംകെയും ഒരുമിച്ചാണ് മത്സരിച്ചത്. ടിവികെ 107 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായതോടെ കോണ്‍ഗ്രസ് നിലപാട് മാറ്റി സര്‍ക്കാര്‍ രൂപീകരണത്തിന് ടിവികെക്ക് പിന്തുണ നല്‍കുകയായിരുന്നു. ആ ഘട്ടത്തില്‍ തന്നെ ഡിഎംകെ ഇന്‍ഡ്യാ സഖ്യം വിട്ടേക്കുമെന്ന അഭ്യൂഹം ഉണ്ടായിരുന്നു.ഡിഎംകെയുമായി ഒരുമിച്ച് മത്സരിച്ചത് കൊണ്ട് മാത്രമാണ് കോൺഗ്രസിന് അഞ്ച് സീറ്റുകളെങ്കിലും ലഭിച്ചതെന്നാണ് ഡിഎംകെ പക്ഷം. കോൺഗ്രസ് ഒറ്റയ്ക്കാണ് മത്സരിച്ചതെങ്കിൽ ഒരു സീറ്റ് പോലും നേടാൻ കഴിയില്ലെന്നായിരുന്നു പ്രതികരണം.
Content Highlights:vijay to form government in tamilnadu-cpim-cpi-vck extend support