ചെന്നൈ: തമിഴക വെട്രി കഴകത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി എഎംഎംകെ നേതാവ് ടിടിവി ദിനകരന്. താന്‍ എഐഎഡിഎംകെയെ ആണ് പിന്തുണയ്ക്കുന്നതെന്നും സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് എടപ്പാടി പളനിസ്വാമിയെ പിന്തുണച്ചുകൊണ്ട് കത്തയച്ചിട്ടുണ്ടെന്നും ടിടിവി ദിനകരന് പറഞ്ഞു. എഎംഎംകെ എംഎല്‍എ കാമരാജും കത്തില്‍ ഒപ്പുവെച്ചിട്ടുണ്ടെന്നും അത് പാര്‍ട്ടി സെക്രട്ടറി മുഖേന അയച്ചെന്നും അദ്ദേഹം വ്യക്തമാക്കി. 'ടിവികെയുടെ കൈവശമുളള കത്ത് കണ്ട് ഞാന്‍ ഞെട്ടിപ്പോയി. അവരുടെ കൈവശമുള്ള കത്തിലും കാമരാജിന്റെ പേരുണ്ട്. ഒരുപക്ഷേ അത് കെട്ടിച്ചമച്ച ഒന്നാകാം. അല്ലെങ്കില്‍ കുതിരക്കച്ചവടമാകാം. ഞാന്‍ എന്റെ എംഎല്‍എയെ വിളിച്ചു. പക്ഷെ അദ്ദേഹവുമായി ബന്ധപ്പെടാനായിട്ടില്ല'- എഎംഎംകെ ജനറല്‍ സെക്രട്ടറി ടിടിവി ദിനകരന് പറഞ്ഞു.
നാളെ വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് റിപ്പോർട്ടുണ്ടായിരുന്നെങ്കിലും അത് അനിശ്ചിതത്വത്തിലാണ്. വിജയ്ക്ക് 118 പേരുടെ പിന്തുണ തെളിയിക്കാന്‍ കഴിഞ്ഞില്ലെന്ന് ലോക്ഭവന് അറിയിച്ചിരുന്നു.വിജയ് കൈമാറിയത് 116 പേരുടെ പിന്തുണ കത്ത് മാത്രമാണെന്നും സത്യപ്രതിജ്ഞയ്ക്ക് അനുമതി നല്‍കിയിട്ടില്ലെന്നുമാണ് ലോക്ഭവന് വൃത്തങ്ങള്‍ അറിയിച്ചത്. കോണ്‍ഗ്രസ്, സിപിഐഎം, സിപിഐ എന്നീ രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണക്കത്ത് മാത്രമാണ് വിജയ് ലോക്ഭവന് നല്‍കിയത്. വിസികെയുടെ പിന്തുണ ലഭിച്ചെന്നായിരുന്നു നേരത്തെ ടിവികെ അവകാശപ്പെട്ടിരുന്നത്. എന്നാല്‍ വിസികെയുടെ പിന്തുണ കത്ത് ഗവര്‍ണര്‍ക്ക് കൈമാറിയിട്ടില്ല. വിസികെ ഇപ്പോൾ ഉപമുഖ്യമന്ത്രി സ്ഥാനം വേണമെന്ന് ടിവികെയോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. വിസികെ അധ്യക്ഷന്‍ തിരുമാവളവന് എംകെ സ്റ്റാലിനെ കാണാനൊരുങ്ങുകയാണെന്നും റിപ്പോര്‍ട്ടുണ്ട്.
Content Highlights: 'TVK is horse trading, AIADMK should form government'; TTV Dinakaran