ബംഗാള്‍ നിയമസഭ പിരിച്ചുവിട്ട് ഗവര്‍ണര്‍; നടപടി മമത രാജിവെക്കാത്തതിനാല്‍

അതിനിടയിൽ ഹൗറയിൽ ചൗരാബസ്തി പ്രദേശത്ത് ഉണ്ടായ ക്രൂഡ് ബോംബ് ആക്രമണത്തിൽ രണ്ട് ബിജെപി പ്രവർത്തകർക്ക് പരിക്കേറ്റിട്ടുണ്ട്

കൊൽക്കത്ത: പശ്ചിമബംഗാളിൽ നിയസഭ തെരഞ്ഞെടുപ്പ് ഫലം വന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും മമത ബാനർജി മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാത്തത്തിനെ തുടർന്ന് നടപടി സ്വീകരിച്ച് ഗവർണർ . ബംഗാളിലെ മമത ബാനർജി മന്ത്രിസഭ ഗവർണർ ആർ എൻ രവി പിരിച്ചുവിട്ടു. കഴിഞ്ഞ ദിവസം നടത്തിയ വാർത്താ സമ്മേളനത്തിലും താൻ രാജിവയ്ക്കില്ലെന്ന് മമത ആവർത്തിച്ചിരുന്നു. അടുപ്പിച്ച് മൂന്ന് തവണ, ഒന്നര പതിറ്റാണ്ട് ബംഗാൾ മുഖ്യമന്ത്രിയായി സേവനം അനുഷ്ഠിച്ച മമത തൃണമൂലിന് തെരഞ്ഞെടുപ്പിൽ തോൽവി സംഭവിച്ചിട്ടില്ലെന്നാണ് അവകാശപ്പെടുന്നത്. നിലവിലെ ജനവിധി ബിജെപി സ്വന്തമാക്കിയത് വോട്ട് മോഷണത്തിലൂടെയാണെന്നാണ് മമതയുടെ ആരോപണം.

ഞാൻ എന്തിന് താഴെയിറങ്ങണം? ഞങ്ങൾ പരാജയപ്പെട്ടിട്ടില്ല. ജനവിധി മോഷ്ടിച്ചതാണ്. അതിനാൽ രാജിവയ്ക്കുക എന്നൊരു ചോദ്യം എവിടെ ഉയരാനാണ് എന്നാണ് ചൊവ്വാഴ്ച വൈകുന്നേരം മാധ്യമങ്ങളോട് മമത പ്രതികരിച്ചത്.

അതേസമയം ബംഗാളിൽ സംഘർഷ സാധ്യത വർധിച്ചിരിക്കുകയാണ്. ഹൗറയിൽ ചൗരാബസ്തി പ്രദേശത്ത് ഉണ്ടായ ക്രൂഡ് ബോംബ് ആക്രമണത്തിൽ രണ്ട് ബിജെപി പ്രവർത്തകർക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് 2.30ഓടെയാണ് സംഭവം. പ്രാദേശിക ടിഎംസി നേതാവായ ഷാമിം അഹമ്മദിന്റെ നേതൃത്വത്തിൽ ബിജെപി പ്രവർത്തകർക്കെതിര ആക്രമണങ്ങൾ അഴിച്ചുവിടുകയാണെന്നാണ് ബിജെപി ആരോപിക്കുന്നത്. ആക്രമണത്തിനിടയിൽ കല്ലേറും ഉണ്ടായെന്നാണ് വിവരം.

സംഭവത്തിന് പിന്നാലെ പ്രദേശത്ത് പൊലീസ് കേന്ദ്ര ഉദ്യോഗസ്ഥരെ വിന്യസിച്ചിരിക്കുകയാണ്. ഇവർക്ക് പുറമേ ക്വിക്ക് റെസ്‌പോൺസ് ടീമിനെയും വിന്യസിച്ചിട്ടുണ്ട്. അതേസമയം മറ്റൊരു സംഭവത്തിൽ അഞ്ച് ബിജെപി പ്രവർത്തകർക്ക് പാനിഹാട്ടി നിയമസഭ മണ്ഡലത്തിലുണ്ടായ ബോംബ് ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇവിടെയാണ് ആർജിക്കർ പീഡനകേസ് ഇരയായ യുവതിയുടെ കുടുംബം താമസിക്കുന്നത്‌.

Content Highlights: A political crisis intensified after the governor dismissed the cabinet following Mamata’s refusal to resign. The development is seen as a major setback amid ongoing political tensions and leadership disputes.

To advertise here,contact us