ചെന്നൈ: തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ടതിന് പിന്നാലെ വരുന്ന മെയ് പത്താം തീയതി വരെ ഡിഎംകെ എംഎല്‍എമാരോട് ചെന്നൈയില്‍ തുടരാന്‍ പാര്‍ട്ടി അധ്യക്ഷന്‍ എം കെ സ്റ്റാലിന് ആവശ്യപ്പെട്ടു. മാതൃകാപരമായി പ്രതിപക്ഷത്ത് ഇരുന്ന് പ്രവര്‍ത്തിക്കാനാണ് ആഗ്രഹമെന്നും പാര്‍ട്ടിയുടെ ക്ഷേമത്തിനായി ചില തീരുമാനങ്ങള്‍ മുതിര്‍ന്ന നേതാക്കളുമായി ആലോചിച്ച് തീരുമാനിക്കേണ്ടി വരുമെന്നും സ്റ്റാലിന് പറഞ്ഞു. തീരുമാനങ്ങള്‍ക്കൊപ്പം കൂടെനില്‍ക്കണമെന്ന് സ്റ്റാലിന് എംഎല്‍എമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം സഖ്യത്തില്‍ മത്സരിച്ച് അഞ്ച് സീറ്റ് നേടിയതിന് പിന്നാലെ ടിവികെയ്ക്ക് പിന്തുണ നല്കിയ കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് ഡിഎംകെ പ്രമേയം. കോണ്‍ഗ്രസ് നിലപാടിന് എതിരെ ഡിഎംകെ നിയമസഭാ കക്ഷി യോഗം പ്രമേയം പാസാക്കി.
കോണ്‍ഗ്രസ് പഴയ ശീലങ്ങള്‍ ഉപേക്ഷിച്ചിട്ടില്ല. കോണ്‍ഗ്രസ് പിറകില്‍ നിന്നും കുത്തിയെന്നും വഞ്ചിച്ചെന്നും ഡിഎംകെ പ്രമേയത്തില്‍ പറയുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ ബിജെപി ചെയ്യുന്നത് പോലെയാണ് തമിഴ്നാട്ടില്‍ കോണ്‍ഗ്രസ് ഡിഎംകെയോട് പെരുമാറിയത്. ഡിഎംകെ നേതൃത്വത്തിലുള്ള സഖ്യത്തില്‍ ഒരു രാജ്യസഭാ സീറ്റും 28നിയമസഭാ സീറ്റും കോണ്‍ഗ്രസ് നേടി. എന്നാല്‍ അഞ്ച് സീറ്റ് നേടി എതിര്‍ചേരിയിലേക്ക് മാറി. സഖ്യകക്ഷി പാര്‍ട്ടി പ്രവര്‍ത്തകരുടെ കഠിനാധ്വാനം അവര്‍ പാഴാക്കിയെന്നും പ്രമേയത്തില്‍ പറയുന്നു.
പുതുച്ചേരിയിലും കോണ്‍ഗ്രസ് ഡിഎംകെയ്ക്ക് ഒപ്പമായിരുന്നു. ഡിഎംകെയ്ക്ക് അനുവദിച്ച മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചു. ഇത് ക്രൂരമായ പ്രവര്‍ത്തിയായിരുന്നു. തെരഞ്ഞെടുപ്പിന് മുമ്പും കോണ്‍ഗ്രസിനെ വിശ്വസിക്കാന്‍ കഴിയില്ലെന്ന് ഇത് തെളിയിക്കുന്നുവെന്നും പ്രമേയത്തില്‍ പറയുന്നു.
Content Highlights: MK Stalin instructed MLAs to stay in Chennai, indicating that important political decisions are expected soon. The statement has drawn attention amid ongoing political developments in Tamil Nadu