ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്ക്ക് നേരെ ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്യുമ്പോൾ അതിക്രമം ഉണ്ടായതായി പരാതി. വ്യാഴാഴ്ച ഡൽഹിയിലേക്ക് ഇൻഡിഗോയുടെ 6E 719 വിമാനത്തിൽ യാത്ര ചെയ്യവേ ഉണ്ടായ ദുരനുഭവം എംപി തന്നെയാണ് എക്സിൽ വീഡിയോ സഹിതം പങ്കുവച്ചത്. ഒരു കൂട്ടം പുരുഷന്മാർ തന്നെ ശല്യം ചെയ്തെന്നും അധിക്ഷേപകരമായ രീതിയിൽ പെരുമാറിയെന്നും മഹുവ പരാതിയിൽ പറയുന്നു. പ്രതിരോധ മന്ത്രാലയത്തിന്റെ പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാൻ പോകുകയായിരുന്നു മഹുവ.
വിമാനം ഡൽഹിയിലെത്തിയപ്പോൾ ക്യാബിൻ വാതിലുകൾ തുറക്കുന്നതിന് മുമ്പ് ചിലർ അനുവാദമില്ലാതെ തന്റെ ദൃശ്യങ്ങൾ പകർത്തി. ഇത് ജനരോക്ഷമല്ലെന്നും തന്റെ സുരക്ഷയെ ബാധിക്കുന്ന ഗൗരവകരമായ പീഡനമാണെന്നും മഹുവ ആരോപിക്കുന്നു. ഇത്തരം പ്രവർത്തികൾ മറ്റുള്ള യാത്രക്കാരുടെ സുരക്ഷയ്ക്കും ഭീഷണിയാണെന്ന് മഹുവ പറയുന്നു. അതേസമയം ടിഎംസിയുടെ പരാജയത്തിന് പിന്നാലെയുള്ള സ്വാഭാവിക രാഷ്ട്രീയ പ്രതിഷേധമാണിതെന്ന വാദം എംപി തള്ളിക്കളഞ്ഞു.
സിവിൽ ഏവിയേഷൻ മന്ത്രി രാം മോഹൻ നായിഡു, മമത ബാനർജി, രാഹുൽ ഗാന്ധി, അഖിലേഷ് യാദവ്, എം കെ സ്റ്റാലിൻ എന്നിവരെ ടാഗ് ചെയ്താണ് എക്സിൽ മഹുവ പോസ്റ്റ് പങ്കുവച്ചത്. അതിക്രമം കാണിച്ചവരെ തിരിച്ചറിഞ്ഞ് നോ ഫ്ളൈ ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്നാണ് മഹുവയുടെ ആവശ്യം. കുറ്റക്കാരെ പരസ്യമായി വെളിപ്പെടുത്തണമെന്ന് ഇൻഡിഗോയോടും ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ ഇൻഡിഗോ പ്രതികരിച്ചിട്ടില്ല. ആഭ്യന്തര അന്വേഷണം നടത്തി അധികൃതർക്ക് അതിക്രമം കാട്ടിയവരുടെ പേരുകൾ ശുപാർശ ചെയ്യുമെന്നാണ് റിപ്പോർട്ട്.
Content Highlights: MP Mahua Moitra alleged that she faced harassment and abusive treatment during an Indigo flight. She raised a complaint regarding the incident