നാലംഗ കുടുംബത്തിന്റെ മരണം; കാരണം തണ്ണിമത്തനല്ല, എലിവിഷം, വഴിത്തിരിവ്

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരിച്ചവരുടെ തലച്ചോര്‍, ഹൃദയം, കുടല്‍ എന്നിവ ഉള്‍പ്പെടെ പച്ചനിറമായത് കണ്ടെത്തിയിരുന്നു

മുംബൈ: മുംബൈയില്‍ ദമ്പതികളുടെയും മക്കളുടെയും മരണത്തില്‍ വഴിത്തിരിവ്. ഇക്കഴിഞ്ഞ ഏപ്രില്‍ 25ന് നടന്ന ദാരുണ സംഭവത്തിന് പിന്നിലെ കാരണം തണ്ണിമത്തന്‍ കഴിച്ചതാണെന്നായിരുന്നു സംശയം. എന്നാല്‍ ഭക്ഷ്യവിഷബാധയല്ല മറിച്ച് തണ്ണിമത്തനിലൂടെ ഇവരുടെ ശരീരത്തില്‍ എത്തിയ എലിവിഷമാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ട്. മരണപ്പെട്ടവരുടെ ശരീരത്തിലും പഴത്തിന്റെ അവശിഷ്ടങ്ങളിലും എലിവിഷത്തില്‍ അടങ്ങിയിരിക്കുന്ന സിങ്ക് ഫോസ്‌ഫൈറ്റിന്റെ സാന്നിധ്യം കണ്ടെത്തിയത്.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരിച്ചവരുടെ തലച്ചോര്‍, ഹൃദയം, കുടല്‍ എന്നിവ ഉള്‍പ്പെടെ പച്ചനിറമായത് കണ്ടെത്തി. ഇതാണ് വിഷബാധയിലേക്ക് നയിച്ചതും പൊലീസ് വിശദമായ അന്വേഷണത്തിലേക്ക് കടന്നതും. സംഭവദിവസം മുംബൈയിലെ സ്വന്തം വസതിയില്‍ ബന്ധുക്കള്‍ക്കായി മരിച്ചവര്‍ വിരുന്നൊരുക്കിയിരുന്നു. ബന്ധുക്കള്‍ പോയതിന് ശേഷം ഇവര്‍ തണ്ണിമത്തന്‍ കഴിച്ച് കിടന്നുറങ്ങി. എന്നാല്‍ പുലര്‍ച്ചെ അഞ്ച് മണിയോടെ എല്ലാവര്‍ക്കും ഛര്‍ദ്ദിയും വയറിളക്കവുമുണ്ടായി. തുടര്‍ന്ന് ഇവര്‍ കുടുംബ ഡോക്ടറെ സമീപിച്ചതിന് പിന്നാലെ എല്ലാവരെയും സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇളയ കുട്ടിയാണ് ആദ്യം മരിച്ചത്. പിന്നാലെ മറ്റുള്ളവരും മരണത്തിന് കീഴടങ്ങി.

അബ്ദുള്ള ദൊകാഡിയ, ഭാര്യ നസ്രീന്‍, മക്കളായ സൈനബ്, ആയിഷ എന്നിവരാണ് മരിച്ചത്.

Content Highlights: The investigation into the deaths of a four member family has taken a new turn after evidence suggested Zinc Phosphate, not watermelon consumption, may have caused the tragedy

To advertise here,contact us