കോൺഗ്രസ് പിന്നിൽ നിന്ന് കുത്തുന്നവർ;ഒറ്റയ്ക്ക് മത്സരിച്ചാൽ ആ 5 സീറ്റും കിട്ടില്ലായിരുന്നു; കുറ്റപ്പെടുത്തി DMK

തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസും ഭരണകക്ഷിയായ ഡിഎംകെയും സഖ്യത്തിലാണ് മത്സരിച്ചത്

ചെന്നൈ: തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ ടിവികെക്ക് പിന്തുണ പ്രഖ്യാപിച്ച കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ഡിഎംകെ. കോൺഗ്രസ് പിന്നിൽ നിന്ന് കുത്തുന്നവരാണെന്ന് ഡിഎംകെ കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസും ഭരണകക്ഷിയായ ഡിഎംകെയും ഒരുമിച്ചാണ് മത്സരിച്ചത്. ടിവികെ 107 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായതോടെ കോൺഗ്രസ് നിലപാട് മാറ്റി സർക്കാർ രൂപീകരണത്തിന് ടിവികെക്ക് പിന്തുണ നൽകുകയായിരുന്നു.

പിന്തുണ നൽകിയ കോൺഗ്രസിനോട് ഡിഎംകെ കടുത്ത അതൃപ്തിയാണ് രേഖപ്പെടുത്തിയത്. ഡിഎംകെ സഖ്യത്തിൻ്റെ താത്പര്യങ്ങൾക്ക് വിരുദ്ധമായാണ് കോൺഗ്രസ് നിലപാട് സ്വീകരിച്ചത്. കോൺഗ്രസിനും ഡിഎംകെക്കും ഇടയിലുണ്ടായ ഭിന്നത ഇൻഡ്യാ സംഖ്യത്തെയും ബാധിച്ചേക്കും. ഇൻഡ്യാ മുന്നണിയിൽ നിന്ന് ഡിഎംകെ പിൻമാറും എന്നടക്കമുള്ള അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്. ഡിഎംകെയുമായി ഒരുമിച്ച് മത്സരിച്ചത് കൊണ്ട് മാത്രമാണ് കോൺഗ്രസിന് അഞ്ച് സീറ്റുകളെങ്കിലും ലഭിച്ചതെന്നും തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഒറ്റയ്ക്കാണ് മത്സരിച്ചതെങ്കിൽ ഒരു സീറ്റ് പോലും നേടാൻ കഴിയില്ലെന്നും ഡിഎംകെ പ്രതിനിധി ശരവണൻ അണ്ണാദുരൈ പറഞ്ഞു. കോൺഗ്രസിൻ്റെ കൂറുമാറ്റത്തിൽ ഡിഎംകെ നേതാവ് സ്റ്റാലിൻ ഇതുവരെയും പ്രതികരിച്ചിട്ടില്ല.

അതേസമയം, തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ വിജയ്‌യുടെ തമിഴക വെട്രികഴകത്തെ പിന്തുണയ്‌ക്കേണ്ടതില്ലെന്ന് മുസ്ലിം ലീഗ് അറിയിച്ചിരുന്നു. ഡിഎംകെയ്‌ക്കൊപ്പം തുടരാനാണ് മുസ്ലിം ലീഗ് തീരുമാനം. സംസ്ഥാനത്ത് രണ്ട് എംഎല്‍എമാരാണ് ലീഗിനുള്ളത്. ടിവികെയ്ക്ക് പിന്തുണ നല്‍കാനാണ് എഐഎഡിഎംകെയിലെ ഒരു വിഭാഗത്തിന്റെ നീക്കം. 40 എംഎല്‍എമാര്‍ ഇതിനകം പിന്തുണ നല്‍കാന്‍ തയ്യാറാണെന്നാണ് വിവരം. സി വി ഷണ്‍മുഖത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വിജയിയെ പിന്തുണയ്ക്കാന്‍ ഒരുങ്ങുന്നത്. എന്നാല്‍ എഐഎഡിഎംകെ പിന്തുണ നിലവില്‍ അജണ്ടയില്‍ ഇല്ലെന്നാണ് ടിഎംകെ അറിയിക്കുന്നത്. പ്ലാന്‍ സി മാത്രമായാണ് എഐഎഡിഎംകെയെ കാണുന്നതെന്ന് ടിവികെ നേതാക്കള്‍ പ്രതികരിച്ചിരുന്നു.

Content Highlights: Congress is stabbing from behind: DMK

To advertise here,contact us