'മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കില്ല; തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നിൽ ഗൂഢാലോചന': മമത ബാനർജി

തെരഞ്ഞെടുപ്പ് ഫലം യഥാർത്ഥ പൊതുജനാഭിപ്രായമല്ലെന്നും ഗൂഢാലോചനയുടെ ഫലമാണെന്നും മമത അവകാശപ്പെട്ടു

കൊൽക്കത്ത: പശ്ചിമ ബം​ഗാൾ തെരഞ്ഞെടുപ്പ് ഫലത്തിൽ കടുത്ത ആരോപണങ്ങൾ ഉയർത്തി തൃണമൂൽ കോൺ​ഗ്രസ് നേതാവ് മമത ബാനർജി. ‍തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ തൃണമൂൽ കോൺ​ഗ്രസ് പരാജയപ്പെട്ടതിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കില്ലെന്നാണ് മമത പറയുന്നത്. തെരഞ്ഞെടുപ്പ് ഫലം യഥാർത്ഥ പൊതുജനാഭിപ്രായമല്ലെന്നും ഗൂഢാലോചനയുടെ ഫലമാണെന്നും മമത അവകാശപ്പെട്ടു. തെരഞ്ഞെടുപ്പിൽ ടിഎംസിയുടെ മത്സരം ബിജെപിക്കെതിരെയല്ല, മറിച്ച് ബിജെപിക്ക് വേണ്ടി പ്രവർത്തിക്കുന്ന തിരഞ്ഞെടുപ്പ് കമ്മീഷനെതിരെയാണെന്നും ബാനർജി ആരോപിച്ചു.

തെരഞ്ഞെടുപ്പിൽ ബിജെപി ​ഗുരുതര ക്രമക്കേടുകൾ നടത്തിയെന്നും തെരഞ്ഞെടുപ്പ് ഫലത്തെ അം​ഗീകരിക്കാനാവില്ലെന്നുമാണ് മമത ബാനർജി പറയുന്നത്. ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് തെരഞ്ഞെടുപ്പിനെ അട്ടിമറിച്ചെന്നും മമത ആരോപിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിക്ക് വേണ്ടി പണിയെടുത്തെന്നാണ് മമത പറയുന്നത്. പശ്ചിമ ബം​ഗാൾ ‍തെരഞ്ഞെടുപ്പിൻ്റെ രണ്ട് ഘട്ടങ്ങളിലും ബിജെപിയുടെ ക്രമക്കേട് ചൂണ്ടികാട്ടി രം​ഗത്തെത്തിയിരുന്നു.

പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ തൃണമൂൽ കോൺ​ഗ്രസ് കനത്ത തിരിച്ചടിയാണ് നേരിട്ടത്. ബിജെപി 208 സീറ്റുകൾ നേടി അധികാരം പിടിച്ചപ്പോൾ തൃണമൂൽ കോൺ​ഗ്രസിന് നേടാനായത് വെറും 79 സീറ്റുകൾ മാത്രമാണ്. മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജിയും അപ്രതീക്ഷിത തോല്‍വിയാണ് നേരിട്ടത്. ഭവാനിപ്പൂർ മണ്ഡലത്തിൽ ബിജെപി സ്ഥാനാര്‍ത്ഥിയായ സുവേന്ദു അധികാരി 15,105 വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിക്കുകയായിരുന്നു. സുവേന്ദു അധികാരി 73,917 വോട്ടുകൾ നേടിയപ്പോൾ മമതയ്ക്ക് നേടാനായത് 58,812 വോട്ടുകളാണ്.

അതേസമയം, പശ്ചിമ ബംഗാളിലെ നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കുന്നതിനുള്ള ബിജെപിയുടെ കേന്ദ്ര നിരീക്ഷകനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ബിജെപി നിയമിച്ചിട്ടുണ്ട്.

Content Highlights: Trinamool Congress leader Mamata Banerjee has raised serious allegations over the West Bengal election results

To advertise here,contact us