ദ്രാവിഡ മണ്ണിന്റെ രാഷ്ട്രീയ സമവാക്യങ്ങള്‍ പൊളിച്ചെഴുതി വിജയ്

എക്‌സിറ്റ് പോളുകളില്‍ പ്രവചിച്ച വന്‍ വിജയം പ്രതീക്ഷിച്ചിരുന്ന എം കെ സ്റ്റാലിനും ഡിഎംകെക്കും തെരഞ്ഞെടുപ്പ് ഫലം കനത്ത തിരിച്ചടിയായി

ചെന്നൈ: സിനിമാ ലോകത്തെ സൂപ്പര്‍ താരം രാഷ്ട്രീയത്തില്‍ ഇറങ്ങിയാല്‍ എന്തുസംഭവിക്കും? മുന്‍പ് എംജിആര്‍ തമിഴകത്ത് കൊണ്ടുവന്ന രാഷ്ട്രീയ മാറ്റങ്ങള്‍ എല്ലാവര്‍ക്കുമറിയാം. എന്നാല്‍ വിജയ് അത്തരം ഒരു ഉദ്യമത്തിന് തുനിഞ്ഞാല്‍ പ്രത്യേകിച്ച് ഒന്നും സംഭവിക്കില്ലെന്നായിരുന്നു പൊതുവേയുള്ള വിലയിരുത്തല്‍. തമിഴക വെട്രി കഴകം രൂപീകരിച്ച് തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോഴും വലിയ വിജയം ആരും പ്രതീക്ഷിച്ചില്ല. എക്‌സിറ്റ് പോളുകളില്‍ വിജയ് മുന്നേറുമെന്ന് പ്രവചിച്ചത് ഒന്നോ രണ്ടോ ഏജന്‍സികള്‍ മാത്രം.

എന്നാല്‍ പ്രവചനങ്ങളെ അസ്ഥാനത്താക്കി, ദ്രാവിഡ പാര്‍ട്ടികളായ ഡിഎംകെയെയും എഐഎഡിഎംകെയെയും പിന്നിലാക്കി ടിവികെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. കേവല ഭൂരിപക്ഷത്തിന് ആവശ്യമായ സീറ്റുകള്‍ ലഭിക്കാത്ത സാഹചര്യത്തില്‍ സഖ്യ സാധ്യതകള്‍ തേടുകയാണ് ടിവികെ. ഭരണകക്ഷിയായ ഡിഎംകെയെ സംബന്ധിച്ചിടത്തോളം ഈ പരാജയം ഉള്‍ക്കൊള്ളുകയെന്നത് പ്രയാസമാണ്. എക്‌സിറ്റ് പോളുകളില്‍ പ്രവചിച്ച വന്‍ വിജയം പ്രതീക്ഷിച്ചിരുന്ന എം കെ സ്റ്റാലിനും ഡിഎംകെക്കും തെരഞ്ഞെടുപ്പ് ഫലം കനത്ത തിരിച്ചടിയായി.

2024 ഫെബ്രുവരി രണ്ടിനാണ് വിജയ് ഔദ്യോഗികമായി ടിവികെ രൂപീകരിച്ചത്. ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനുമായി സിനിമാ രംഗത്തുണ്ടായ തര്‍ക്കത്തിന് പിന്നാലെയാണ് രാഷ്ട്രീയ പ്രവേശനമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ലക്ഷ്യം എന്തു തന്നെയായാലും സ്ക്രീനിലെ താരം മണ്ണിലിറങ്ങിയപ്പോൾ ജനം ആവേശഭരിതരായി. യുവാക്കളും സ്ത്രീകളും പ്രായമായവരും കുട്ടികളും എന്നുവേണ്ട പ്രായഭേദമന്യേ ജനങ്ങൾ ആരാധനയോടെ വിജയ്‌യുടെ റാലികളിലേക്ക് ഒഴുകിയെത്തി. എംജിആറിന് ശേഷം തമിഴ്നാട് കണ്ട ഏറ്റവും വലിയ താരാരാധനയുടെ നേർചിത്രമായി വിജയ്‌യുടെ ഓരോ റാലികളും.

രാഷ്ട്രീയമായ ചീത്തപ്പേരുകള്‍ ഒന്നുമില്ലാത്ത, എന്നാല്‍ കാര്യങ്ങള്‍ നടപ്പിലാക്കാന്‍ ഊര്‍ജ്ജസ്വലതയുള്ള ഒരാളെയാണ് യുവാക്കള്‍ തേടിയത്. സൗജന്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നതിന് പകരം അഴിമതിയില്ലാത്ത ഭരണവും തൊഴിലവസരങ്ങളും വാഗ്ദാനം ചെയ്തുകൊണ്ട് വിജയ് ഈ സാഹചര്യം മുതലെടുത്തു. ഒപ്പം അദ്ദേഹത്തിന്റെ സിനിമാ പശ്ചാത്തലവും സ്വാധീനവും ഗുണകരമായി. രാഷ്ട്രീയത്തിലെ പുതുമയും ദ്രാവിഡ രാഷ്ട്രീയത്തോടുള്ള മടുപ്പും തമിഴ്നാട്ടിലെ 20.7 ശതമാനം വരുന്ന യുവ വോട്ടര്‍മാരെ വിജയിലേക്ക് അടുപ്പിച്ചു.

എന്നാല്‍ ടിവികെയുടെ വിജയത്തെ യുവാക്കളുടെ പിന്തുണകൊണ്ട് മാത്രം വിലയിരുത്തുന്നത് ശരിയല്ല. 48 ശതമാനം വോട്ട് വിഹിതം നേടിയതിലൂടെ സ്ത്രീകളും മറ്റ് വിഭാഗങ്ങളും അദ്ദേഹത്തെ പിന്തുണച്ചുവെന്ന് വ്യക്തം. ദ്രാവിഡ പാര്‍ട്ടികള്‍ക്ക് ഇതുവരെ നല്‍കിയ അമിത പ്രാധാന്യം അവസാനിപ്പിക്കണമെന്നും പുതിയൊരു രാഷ്ട്രീയ പരീക്ഷണത്തിന് സമയമായെന്നും ബുദ്ധിജീവികള്‍ക്കിടയിലും സംസാരമുണ്ടായിരുന്നു. തമിഴ്നാട്ടിലെ തെരഞ്ഞെടുപ്പ് ഫലം രാജ്യത്തിന് മുഴുവന്‍ നല്‍കുന്ന സന്ദേശം വ്യക്തമാണ് - സൗജന്യങ്ങള്‍ മാത്രം വിജയമുറപ്പിക്കില്ല.

2025ലെ ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ നിതീഷ് കുമാറും എന്‍ഡിഎയും വിജയിച്ചത് സ്ത്രീകള്‍ക്ക് 10,000 രൂപ വീതം നല്‍കിയ പദ്ധതി കൊണ്ടാണെന്ന വാദമുണ്ട്. മഹാരാഷ്ട്രയിലും ഹരിയാനയിലും സമാന ഫലങ്ങള്‍ കണ്ടു. എങ്കിലും, സൗജന്യ വാഗ്ദാനങ്ങളെ തള്ളിക്കൊണ്ട് അഴിമതിയില്ലാത്ത ഭരണത്തിനായി വോട്ട് ചെയ്ത തമിഴ്നാട്ടിലെ വോട്ടര്‍മാരെ, പ്രത്യേകിച്ച് യുവാക്കളെ അഭിനന്ദിക്കേണ്ടതുണ്ട്. കുടുംബാധിപത്യത്തിനും വംശീയ രാഷ്ട്രീയത്തിനും തമിഴ് ജനത നല്‍കിയ മറുപടി കൂടിയാണ് തിങ്കളാഴ്ച കണ്ടത്.

234 അംഗ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 107 സീറ്റുകളിലാണ് ടിവികെ ലീഡ് ചെയ്യുന്നത്. കേവലഭൂരിപക്ഷത്തിന് 118 സീറ്റ് വേണം. പെരമ്പൂര്‍, തിരുച്ചിറപ്പള്ളി ഈസ്റ്റ് എന്നിങ്ങനെ രണ്ടു മണ്ഡലങ്ങളില്‍നിന്നാണ് വിജയ് ജനവിധി നേടിയത്. രണ്ടിടത്തും അദ്ദേഹം വെന്നിക്കൊടി പാറിച്ചു. പെരമ്പൂരില്‍ 53,715 ആണ് ഭൂരിപക്ഷം. തിരുച്ചിറപ്പള്ളിയില്‍ 27,000ത്തിലേറെയും. സ്റ്റാലിന്‍ ഉള്‍പ്പെടെ പ്രമുഖ നേതാക്കള്‍ പരാജയപ്പെട്ടത് ഡിഎംകെക്ക് വലിയ ക്ഷീണമായിട്ടുണ്ട്. നിലവില്‍ 60 സീറ്റുകളില്‍ മാത്രമാണ് ഡിഎംകെ ലീഡ് ചെയ്യുന്നത്.

സര്‍ക്കാര്‍ രൂപീകരിക്കാനും ഭൂരിപക്ഷം തെളിയിക്കാനും ടിവികെക്ക് മറ്റു കക്ഷികളെ കൂട്ടാതെ നിര്‍വാഹമില്ല. തെരഞ്ഞെടുപ്പിന് മുന്‍പ് എഐഎഡിഎംകെ സഖ്യ താല്‍പര്യവുമായി വിജയ്‌യെ സമീപിച്ചിരുന്നു. എന്നാല്‍ ചര്‍ച്ച അലസിപ്പിരിയുകയായിരുന്നു. വോട്ടെണ്ണലിന് ശേഷം സാഹചര്യം മാറിയതോടെ എഐഎഡിഎംകെ വിജയ്ക്ക് കൈകൊടുക്കാന്‍ തയ്യാറായേക്കാം. സഖ്യത്തിന് തയ്യാറായാല്‍ തന്റെ ആശയപരമായ ശത്രുവായ ബിജെപിയുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ വിജയ് എഡിഎംകെയോട് ആവശ്യപ്പെട്ടേക്കാം. ചെറുപാര്‍ട്ടികളുമായി വിജയ് ധാരണയുണ്ടാക്കുമെന്നും സൂചനയുണ്ട്.

Content Highlights: TVK’s ‘Vijay’ ends Dravidian duopoly, rejects old political formulas in Tamil Nadu

To advertise here,contact us