ന്യൂഡല്‍ഹി: മുഖ്യമന്ത്രി ചർച്ചയുണ്ടാക്കിയത് മാധ്യമങ്ങളാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി ജെ കുര്യൻ. മുഖ്യമന്ത്രി സ്ഥാനത്തിന് യോഗ്യരായ നിരവധി നേതാക്കൾ കോൺഗ്രസിലുണ്ടെന്നും ഇപ്പോൾ പരിഗണനയിലുളള മൂന്നുപേരും അതിനർഹരായവർ തന്നെയാണെന്നും പി ജെ കുര്യൻ പറഞ്ഞു. നേതൃദാരിദ്ര്യമുളള പാർട്ടിയല്ല കോൺഗ്രസെന്നും കെ സുധാകരനും മുഖ്യമന്ത്രിയാകാൻ യോഗ്യനാണെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി സ്ഥാനം ചോദിക്കുന്നതിലും ആഗ്രഹിക്കുന്നതിലും ഒരു തെറ്റുമില്ലെന്നും തീരുമാനമെടുക്കുന്നത് കോൺഗ്രസിന്റെ രീതി അനുസരിച്ചായിരിക്കുമെന്നും പി ജെ കുര്യൻ പറഞ്ഞു. റിപ്പോർട്ടർ ടിവിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'യുഡിഎഫ് നല്ല ഭൂരിപക്ഷത്തോടെ ജയിച്ച് അധികാരത്തില്‍ വരും. അത് പ്രതീക്ഷയല്ല. ഞങ്ങളുടെ ആത്മവിശ്വാസമാണ്. മുഖ്യമന്ത്രി ചര്‍ച്ചയുണ്ടാക്കിയത് മാധ്യമങ്ങളാണ്. മുഖ്യമന്ത്രി സ്ഥാനത്തിന് യോഗ്യരായ മൂന്നുപേര്‍ കോണ്‍ഗ്രസിലുണ്ട്. മൂന്നല്ല അതില്‍ കൂടുതല്‍ കോണ്‍ഗ്രസിലുണ്ട്. നേതൃദാരിദ്രമുളള പാര്‍ട്ടിയല്ല കോണ്‍ഗ്രസ്. പരിഗണനയിലുളള മൂന്നുപേരും അതിനര്‍ഹനാണ്'- പി ജെ കുര്യന് പറഞ്ഞു. കെ സുധാകരന് എന്തുകൊണ്ട് മുഖ്യമന്ത്രിയായിക്കൂടാ എന്ന ചോദ്യത്തിന് മുഖ്യമന്ത്രിയാകാന്‍ കെ സുധാകരനും യോഗ്യനാണ് എന്നായിരുന്നു പി ജെ കുര്യന്റെ മറുപടി. മുഖ്യമന്ത്രി സ്ഥാനം ചോദിക്കുന്നതിലും ആഗ്രഹിക്കുന്നതിലും ഒരു തെറ്റുമില്ലെന്നും തീരുമാനമെടുക്കുന്നത് കോണ്‍ഗ്രസിന്റെ രീതി അനുസരിച്ചായിരിക്കുമെന്നും പി ജെ കുര്യന് കൂട്ടിച്ചേര്‍ത്തു.
നേതാക്കൾക്കിടയിൽ നടക്കുന്ന മുഖ്യമന്ത്രി ചര്‍ച്ചകള്‍ പരിധി വിട്ടതോടെ സമൂഹ മാധ്യമങ്ങളിലെ പ്രചാരണങ്ങള്‍ കര്‍ശനമായി നിയന്ത്രിക്കാന്‍ കെപിസിസിക്ക് ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കിയിരുന്നു. മുഖ്യമന്ത്രി ചര്‍ച്ചകളില്‍ ഘടക കക്ഷികള്‍ അതൃപ്തി പ്രകടിപ്പിച്ചതോടെയാണ് ഹൈക്കമാന്‍ഡ് ഇടപെട്ടത്. വോട്ടെടുപ്പ് കഴിഞ്ഞതിന് പിന്നാലെയായിരുന്നു കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി പദവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഉടലെടുത്തത്. മുഹമ്മദ് ഷിയാസായിരുന്നു ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചത്. ആദ്യഘട്ടത്തില്‍ ആരോഗ്യപരമായ ചര്‍ച്ചകളായിരുന്നു എങ്കില്‍ അത് പിന്നീട് നേതാക്കളെ അധിക്ഷേപിക്കുന്ന തലത്തിലേക്ക് മാറുകയായിരുന്നു. ഇതോടെയാണ് ഹൈക്കമാൻഡ് ഇടപെടലുണ്ടായത്.
Content Highlights: media created the Chief Minister debate, not the Congress says PJ Kurien