തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് കേന്ദ്ര സർക്കാർ ജീവനക്കാർ; സുപ്രീംകോടതിയെ സമീപിച്ച് തൃണമൂൽ കോൺഗ്രസ്

കേന്ദ്ര ജീവനക്കാരെ നിയമിക്കുന്നത് പക്ഷപാതപരമായ തീരുമാനങ്ങൾക്ക് കാരണമാകുമെന്നും ബിജെപിക്ക് അനുകൂലമായ സാഹചര്യമൊരുക്കുമെന്നും തൃണമൂൽ ചൂണ്ടിക്കാട്ടുന്നു

ന്യൂഡൽഹി: മെയ് നാലിന് നടക്കുന്ന വോട്ടെണ്ണലിൽ സൂപ്പർവൈസർമാരായും അസിസ്റ്റൻ്റുമാരായും കേന്ദ്ര സർക്കാർ, പൊതുമേഖലാ ജീവനക്കാരെ ചുമതലപ്പെടുത്തിയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിന് എതിരെ സുപ്രീംകോടതിയെ സമീപിച്ച് തൃണമൂൽ കോൺഗ്രസ്. അപ്പീൽ നാളെ സുപ്രീംകോടതി പരിഗണിക്കും. ജസ്റ്റിസുമാരായ പി എസ് നരസിംഹ, ജോയ്മല്യ ബാഗ്ചി എന്നിവർ അടങ്ങുന്ന പ്രത്യേക ബെഞ്ചാകും അപ്പീൽ പരിഗണിക്കുക.

പശ്ചിമ ബംഗാളിലെ രണ്ടാംഘട്ട പോളിങിനിടെ ഉണ്ടായ സംഘർഷത്തെ തുടർന്നാണ് ഈ നീക്കം. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഹാൻഡ്ബുക്കിൽ ഇത്തരമൊരു നിർബന്ധിത വ്യവസ്ഥ ഇല്ലെന്നും പശ്ചിമ ബംഗാളിൽ മാത്രമാണ് ഈ രീതി നടപ്പിലാക്കുന്നതെന്നുമാണ് തൃണമൂൽ കോൺഗ്രസിന്റെ ആരോപണം. ഇത്തരത്തിൽ കേന്ദ്ര ജീവനക്കാരെ നിയമിക്കുന്നത് പക്ഷപാതപരമായ തീരുമാനങ്ങൾക്ക് കാരണമാകുമെന്നും ബിജെപിക്ക് അനുകൂലമായ സാഹചര്യമൊരുക്കുമെന്നും തൃണമൂൽ ചൂണ്ടിക്കാട്ടുന്നു.

തൃണമൂൽ കോൺഗ്രസിന്റെ ഈ വാദങ്ങൾ കൽക്കട്ട ഹൈക്കോടതി തള്ളിയിരുന്നു. കേന്ദ്ര- സംസ്ഥാന ജീവനക്കാരെ നിയമിക്കാനുള്ള അധികാരം തെരഞ്ഞെടുപ്പ് കമ്മീഷന് ഉണ്ടെന്ന് വ്യക്തമാക്കിയായിരുന്നു ഹൈക്കോടതിയുടെ നടപടി. ഇതിന് പിന്നാലെയാണ് തൃണമൂൽ കോൺഗ്രസ് സുപ്രീംകോടതിയിൽ അപ്പീൽ നൽകിയത്.

ബംഗാളിന് പുറത്തുള്ള പൊലീസ് ഉദ്യോഗസ്ഥരെയും നിരീക്ഷകരെയും നിയോഗിച്ച് തൃണമൂൽ കോൺഗ്രസ് പ്രവർത്തകരെ ലക്ഷ്യം വയ്ക്കുകയാണെന്നാണ് മുഖ്യമന്ത്രി മമത ബാനർജിയുടെ ആരോപണം. കേന്ദ്ര സേനയുടെ ഇടപെടലുകൾ വലിയ വിവാദങ്ങൾക്കാണ് വഴിവെച്ചിരിക്കുന്നത്. ഹൗറയിൽ വോട്ട് ചെയ്യാനെത്തിയ വൃദ്ധനെ കേന്ദ്ര സേനാംഗങ്ങൾ തള്ളിവീഴ്ത്തി കൊലപ്പെടുത്തിയെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജിയും ആരോപിച്ചിരുന്നു.

Content Highlights: The Trinamool Congress has approached the Supreme Court over the deployment of central government employees for election duty

To advertise here,contact us