കൊൽക്കത്ത: പശ്ചിമ ബംഗാളിൽ എക്സിറ്റ് പോൾ ഫലങ്ങള്‍ തള്ളി മുഖ്യമന്ത്രിയും തൃണമൂൽ സ്ഥാനാർത്ഥിയുമായ മമത ബാനർജി. ബംഗാളിൽ തൃണമൂൽ കോൺഗ്രസ് (ടിഎംസി) വീണ്ടും സർക്കാർ രൂപീകരിക്കുമെന്ന് മമത ബാനർജി പറഞ്ഞു. ബംഗാളിലെ 294 സീറ്റുകളിൽ 226ന് മുകളിൽ നേടി ടിഎംസി അധികാരത്തിലെത്തുമെന്നാണ് മമത പറയുന്നത്. 'മാ മാതി മാനുഷ്' സര്‍ക്കാര്‍ രൂപീകരിക്കുമെന്നാണ് വീഡിയോ സന്ദേശത്തിലൂടെ മമത പറഞ്ഞത്. എക്സിറ്റ് പോളുകള്‍ നിയന്ത്രിക്കുന്നത് ബിജെപി ആണെന്ന് മമത ആരോപിച്ചു.
ബംഗാളിൽ ബിജെപി ഭരണം പിടിക്കുമെന്നാണ് ഭൂരിപക്ഷ എക്സിറ്റ് പോൾ സർവേകളും പ്രവചിച്ചത്. മാട്രിസ് എക്സിറ്റ് പോൾ സർവേയിൽ ബിജെപി 146 മുതൽ 161 സീറ്റുകൾ നേടുമെന്നാണ് പ്രവചനം. തൃണമൂൽ കോൺഗ്രസിന് 125 മുതൽ 140 വരെ സീറ്റുകളാണ് മാട്രിസ് പ്രവചിച്ചത്. മറ്റുള്ളവർ 6 മുതൽ 10 വരെ സീറ്റുകൾ നേടുമെന്നും മാട്രിസ് പ്രവചിച്ചു. പി മാർക്യൂ എക്സിറ്റ് പോൾ സർവേയും ബിജെപി ബംഗാളിൽ അധികാരത്തിലെത്തുമെന്നാണ് പ്രവചിച്ചത്. ബിജെപി 150 മുതൽ 17 5വരെ സീറ്റുകളും തൃണമൂൽ കോൺഗ്രസ് 118 മുതൽ 138 വരെ സീറ്റുകളും നേടുമെന്നാണ് പി മാർക്യൂവിൻ്റെ പ്രവചനം.
തൃണമൂൽ കോൺഗ്രസും ബിജെപിയും ഇടത് പാർട്ടികളും കോൺഗ്രസും നേരിട്ട് ഏറ്റുമുട്ടിയ ചതുഷ്കോണ മത്സരത്തിനാണ് ബംഗാൾ ഇത്തവണ സാക്ഷ്യം വഹിച്ചത്. നാലാമതും ഭരണ തുടർച്ച ലക്ഷ്യംവെച്ചാണ് മമത ബാനർജിയുടെ നേതൃത്വത്തിൽ ഇത്തവണ തൃണമൂൽ കോൺഗ്രസ് ബംഗാളിൽ ജനവിധി തേടിയത്. ബംഗാളിൽ ഭരണം പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി തെരഞ്ഞെടുപ്പിനെ നേരിട്ടത്. പഴയ പ്രതാപം തിരിച്ചുപിടിക്കാനായി ഇത്തവണ ഇടതുപക്ഷം ബംഗാളിൽ ഒറ്റയ്ക്കാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഇടതുപക്ഷവുമായുള്ള സഖ്യം ഉപേക്ഷിച്ച് കോൺഗ്രസും ഇത്തവണ ഒറ്റയ്ക്കാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്.
പശ്ചിമ ബംഗാളിലെ 294 നിയമസഭാ മണ്ഡലങ്ങളിലേക്ക് ഏപ്രിൽ 23, 29 തീയതികളിലായി രണ്ട് ഘട്ടമായാണ് വോട്ടെടുപ്പ് നടന്നത്. 152 നിയമസഭാ മണ്ഡലങ്ങളിലേയ്ക്കായിരുന്നു ഏപ്രിൽ 23ലെ ആദ്യഘട്ട വോട്ടെടുപ്പ്. ആദ്യഘട്ട വോട്ടെടുപ്പിൽ 1478 സ്ഥാനാർത്ഥികളാണ് ജനവിധി തേടിയത്. ആദ്യഘട്ടത്തിൽ 91.91 ശതമാനം പേരാണ് ബംഗാളിൽ വോട്ട് രേഖപ്പെടുത്തിയത്. 142 നിയമസഭാ മണ്ഡലങ്ങളിലേയ്ക്കായിരുന്നു ഏപ്രിൽ 29ന് നടന്ന രണ്ടാംഘട്ട വോട്ടെടുപ്പ്. 1448 സ്ഥാനാർത്ഥികളാണ് രണ്ടാം ഘട്ടത്തിൽ ബംഗാളിൽ ജനവിധി തേടിയത്.
Content Highlights: West Bengal Chief Minister and Trinamool candidate Mamata Banerjee rejects exit poll results