ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്: രാജ്യത്ത് 9400ൽ അധികം വാട്ട്സ്ആപ്പ് അക്കൗണ്ടുകൾ നിരോധിച്ചതായി കേന്ദ്ര സർക്കാർ

സർക്കാർ ഏജൻസികളെ ഏകോപിച്ച് നടത്തിയ എൻഫോഴ്സ്മെൻ്റ് ഡ്രൈവിലായിരുന്നു ഈ നടപടിയെന്നും കേന്ദ്ര സ‍‌ർക്കാർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്

ന്യൂഡൽഹി: ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട് 2026 ജനുവരി മുതലുള്ള 12 ആഴ്ച കാലയളവിൽ രാജ്യത്ത് 9400ത്തിൽ അധികം വാട്ട്സ്ആപ്പ് അക്കൗണ്ടുകൾ നിരോധിച്ചതായി കേന്ദ്ര സർക്കാർ. സുപ്രീം കോടതിയെയാണ് കേന്ദ്ര സർക്കാർ ഇത് സംബന്ധിച്ച വിവരം അറിയിച്ചത്. സർക്കാർ ഏജൻസികളെ ഏകോപിച്ച് നടത്തിയ എൻഫോഴ്സ്മെൻ്റ് ഡ്രൈവിലായിരുന്നു ഈ നടപടിയെന്നും കേന്ദ്ര സ‍‌ർക്കാർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. നിയമപാലകരെയും ജുഡീഷ്യൽ ഉദ്യോഗസ്ഥരെയും അനുകരിച്ചു കൊണ്ട് നടക്കുന്ന ഇത്തരം തട്ടിപ്പുകളുടെ വർദ്ധനവ് സംബന്ധിച്ച് സുപ്രീം കോടതി സ്വമേധയാ എടുത്ത കേസുമായി ബന്ധപ്പെട്ട് അറ്റോർണി ജനറൽ ആർ വെങ്കിട്ടരമണി സമർപ്പിച്ച സബ്മിഷനിലാണ് ഇത് സംബന്ധിച്ച വിവരങ്ങളുള്ളത്.

തെക്കുകിഴക്കൻ ഏഷ്യയിൽ നിന്ന്, പ്രത്യേകിച്ച് കംബോഡിയയിൽ നിന്ന് ഇന്ത്യൻ ഉപയോക്താക്കളെ ലക്ഷ്യം വച്ചുള്ള ധാരാളം അക്കൗണ്ടുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് വാട്ട്‌സ്ആപ്പ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയതായും സൂചനയുണ്ട്. ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്റർ, ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം, ടെലികോം വകുപ്പ് എന്നിവയിൽ നിന്നുള്ള വിവരങ്ങൾ ലഭിച്ചതിനെ തുടർന്നാണ് വാട്ട്സ്ആപ്പ് അക്കൗണ്ടുകൾ നിരോധിച്ചതെന്നും കോടതിയിൽ സമർപ്പിച്ച സബ്മിഷനിൽ കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നുണ്ട്.

സർക്കാർ നൽകുന്ന വിവരങ്ങളെ ഒറ്റപ്പെട്ട പരാതികളായി കണക്കാക്കുന്നില്ലെന്നാണ് വാട്ട്സ്ആപ്പ് വ്യക്തമാക്കുന്നത്. സർക്കാർ ഏജൻസികൾ ഏകദേശം 3,800 അക്കൗണ്ടുക റിപ്പോർട്ട് ചെയ്തപ്പോൾ, വാട്ട്‌സ്ആപ്പിന്റെ ആന്തരിക സംവിധാനങ്ങൾ നടപടികൾ ത്വരതിപ്പെടുത്തിയത് ആയിരക്കണക്കിന് അക്കൗണ്ടുകൾ കൂടുതലായി നീക്കം ചെയ്യാൻ കാരണമായെന്നും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. ഉപയോക്താക്കളുമായി ബന്ധപ്പെടുന്നതിന്റെ ആദ്യ ഘട്ടത്തിൽ തന്നെ തട്ടിപ്പ് തടയുക എന്ന ലക്ഷ്യത്തോടെ ഉൽപ്പന്ന മാറ്റങ്ങൾ അവതരിപ്പിക്കുന്നുണ്ടെന്നും വാട്ട്‌സ്ആപ്പ് വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം തട്ടിപ്പുകൾ കുറയുന്നതിന് നിലവിൽ സ്വീകരിച്ചിരിക്കുന്ന മുൻകരുതലുകൾ സഹായകമാകുമെന്നും വാട്ട്സ്ആപ്പ് ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്നാൽ ഇത്തരം തട്ടിപ്പുകൾ തടയുന്നതിലുള്ള പരിമിതികളും വാട്ട്സ്ആപ്പ് വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം പല പ്രവർത്തനങ്ങളും പേയ്‌മെന്റുകൾ, അന്താരാഷ്ട്ര ക്രിമിനൽ നെറ്റ്‌വർക്കുകൾ പോലുള്ള ഓഫ്-പ്ലാറ്റ്‌ഫോം ഇൻഫ്രാസ്ട്രക്ചറിനെ ആശ്രയിച്ചിരിക്കുന്നുവെന്നാണ് വാട്ട്സ്ആപ്പ് ചൂണ്ടിക്കാണിക്കുന്നത്.

Content Highlights: WhatsApp has banned more than 9,400 accounts involved in digital arrest scams across India since January 2026. The Centre informed the Supreme Court about the crackdown as part of a multi-agency effort to curb cyber frauds impersonating law enforcement

To advertise here,contact us