ഖർഗെയ്ക്ക് എതിരായ നോട്ടീസ്; 'നടപടിയിൽ ഗൂഢലക്ഷ്യങ്ങൾ, സ്വാഭാവിക നീതിയുടെ ലംഘനം': മറുപടി നൽകി കോൺഗ്രസ്

സ്വാഭാവിക നീതിയുടെ ലംഘനമെന്നും കോണ്‍ഗ്രസ് ആരോപിച്ചു

ന്യൂഡല്‍ഹി: മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ നോട്ടീസിന് മറുപടി നല്‍കി കോണ്‍ഗ്രസ്. ഖര്‍ഗെ പെരുമാറ്റ ചട്ടലംഘനം നടത്തിയിട്ടില്ലെന്നും അദ്ദേഹം നല്‍കിയ വിശദീകരണം പൊതുമധ്യത്തില്‍ ഉണ്ടെന്നും വിശദീകരണത്തില്‍ വ്യക്തമാക്കുന്നു. പറഞ്ഞതിലെ ഒരുവരി മാത്രം അടര്‍ത്തിയെടുത്ത് നല്‍കിയ പരാതിയിലെ നടപടിയില്‍ ഗൂഢലക്ഷ്യങ്ങള്‍ ഉണ്ട്. പരാതിക്ക് മറുപടി നല്‍കാന്‍ 24 മണിക്കൂര്‍ മാത്രമാണ് അനുവദിച്ചത്. തിടുക്കത്തിലാണ് നോട്ടീസ് നല്‍കിയത്. സ്വാഭാവിക നീതിയുടെ ലംഘനമെന്നും കോണ്‍ഗ്രസ് ആരോപിച്ചു. വ്യക്തമായ മറുപടി സമര്‍പ്പിക്കാന്‍ ഒരാഴ്ച കൂടി കോണ്‍ഗ്രസ് സമയം ആവശ്യപ്പെട്ടു.

ബിജെപി നേതാക്കളുടെ ചട്ടലംഘനങ്ങള്‍ കമ്മീഷന്‍ കണ്ടില്ലെന്നു നടിച്ചു. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനമാണ് പ്രധാനമന്ത്രി നടത്തിയത്. ആഭ്യന്തരമന്ത്രി അമിത് ഷാ വോട്ടിന് പകരം ആനുകൂല്യം പ്രഖ്യാപിച്ചു. നടപടിയെടുക്കുമെന്ന കമ്മീഷന്‍ ഉദ്യോഗസ്ഥരുടെ ഭീഷണിയെ ശക്തമായി എതിര്‍ക്കുന്നുവെന്നും കോണ്‍ഗ്രസ് നല്‍കിയ മറുപടിയില്‍ വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ 'തീവ്രവാദി' പരാമര്‍ശത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്ക് നോട്ടീസയച്ചത്. കേന്ദ്രമന്ത്രിമാര്‍ നല്‍കിയ പരാതിയിലായിരുന്നു നടപടി. 24 മണിക്കൂറിനകം മറുപടി നല്‍കണമെന്നായിരുന്നു നോട്ടീസിലെ ആവശ്യം. തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ എഐഎഡിഎംകെ ബിജെപിയുമായി സഖ്യം ചേര്‍ന്നതിനെ വിമര്‍ശിക്കുന്നതിനിടെയായിരുന്നു ഖര്‍ഗെ നരേന്ദ്രമോദിയെ തീവ്രവാദിയെന്ന് വിളിച്ചത്.

അണ്ണാദുരൈയുടെ ചിത്രം ഉപയോഗിക്കുന്ന എഐഎഡിഎംകെ എങ്ങനെ നരേന്ദ്ര മോദിയെപ്പോലെ ഒരു തീവ്രവാദിയുമായി കൈകോര്‍ക്കുന്നു എന്നും നീതിയിലും സമത്വത്തിലും വിശ്വസിക്കാത്ത ബിജെപി ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുകയാണ് എന്നുമാണ് മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞത്.

പരാമര്‍ശം വിവാദമായതോടെ ഖര്‍ഗെ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. താന്‍ പ്രധാനമന്ത്രിയെ വ്യക്തിപരമായി തീവ്രവാദിയെന്ന് വിളിച്ചിട്ടില്ലെന്നും അദ്ദേഹം ജനങ്ങളെയും രാഷ്ട്രീയ പാര്‍ട്ടികളെയും ഭയപ്പെടുത്തുന്നയാളാണ് എന്നാണ് ഉദ്ദേശിച്ചതെന്നുമാണ് ഖര്‍ഗെ വിശദീകരിച്ചത്. കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് മോദി രാഷ്ട്രീയ എതിരാളികളെ നിരന്തരം ഭീഷണിപ്പെടുത്തുന്ന പശ്ചാത്തലത്തിലാണ് താന്‍ അത്തരമൊരു വാക്ക് ഉപയോഗിച്ചതെന്നും ഖര്‍ഗെ പറഞ്ഞിരുന്നു.

Content Highlights:Congress responds to Election Commission's notice to Mallikarjun Kharge

To advertise here,contact us