ന്യൂഡല്‍ഹി: ജീവനക്കാരന്റെ മകളെ പീഡിപ്പിച്ചെന്ന ആരോപണത്തില്‍ എച്ച്ആര്‍ഡിഎസ് സ്ഥാപക സെക്രട്ടറി അജി കൃഷ്ണനെ ചോദ്യം ചെയ്ത് വിട്ടയച്ചു. കഴിഞ്ഞ ദിവസം വൈകിട്ടാണ് അജി കൃഷ്ണനെ ഡൽഹി പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. അതേസമയം ശനിയാഴ്ച പോക്സോ പരാതിയില്‍ പെണ്‍കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. സാകേത് കോടതിയിലാണ് മൊഴി രേഖപ്പെടുത്തിയത്.
പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ചെന്ന് ആരോപിച്ച് എച്ച്ആര്‍ഡിഎസിലെ ജീവനക്കാരനാണ് പരാതി നല്‍കിയത്. പരാതി വ്യാജമാണെന്നും സ്ഥാപനത്തിനുള്ളിലെ തര്‍ക്കമാണ് പരാതിക്ക് പിന്നിലെന്നുമാണ് എച്ച്ആര്‍ഡിഎസിന്റെ വിശദീകരണം.
പതിനൊന്ന് വയസ് മാത്രം പ്രായമുള്ള കുട്ടിക്ക് നേരെ 2024ല്‍ അതിക്രമം നടന്നെന്നാണ് പരാതിയില്‍ പറയുന്നത്. കൂടുതല്‍ അന്വേഷണത്തിന് ശേഷമേ അറസ്റ്റ് രേഖപ്പെടുത്തു എന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. പോക്സോ വകുപ്പും ബിഎന്‍എസ് 73 എന്നിവ ചുമത്തി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തെങ്കിലും ആരുടെയും പേര് രേഖപ്പെടുത്തിയിട്ടില്ല. പരാതിക്കാരന് ജോലി സംബന്ധമായ ആവശ്യത്തിന് കൊല്‍ക്കത്തയില്‍ പോയപ്പോള്‍ തന്റെ വീട്ടില്‍ വച്ച് മകളെ അജി കൃഷ്ണന് ലൈംഗികാതിക്രമത്തിന് ഇരയാക്കി എന്നാണ് ജീവനക്കാരന്റെ പരാതി.
ഇക്കഴിഞ്ഞ ഏപ്രില്‍ ഏഴാം തീയതി സ്കൂളില്‍ വച്ച് നടത്തിയ കൗണ്‍സിലിങ്ങിലാണ് കുട്ടി കാര്യങ്ങള്‍ തുറന്ന് പറഞ്ഞതെന്നും ശിശു സംരക്ഷണ വകുപ്പിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് പരാതി നല്‍കിയതെന്നുമാണ് വിവരം.
Content Highlights: In the HRDS POCSO case, the founder’s secretary has been released after questioning