'വിവാദ ആൾദൈവം അശോക് ഖരാത്തും ഏക്‌നാഥ് ഷിൻഡെയും തമ്മിൽ 17 തവണ ഫോണ്‍ വിളി'; വെളിപ്പെടുത്തൽ

അശോക് ഖരാത്തും ഷിന്‍ഡെയും തമ്മില്‍ നടന്ന ഏറ്റവും ദൈര്‍ഘ്യമേറിയ സംഭാഷണം 21 മിനിറ്റ് നീണ്ടുനിന്നതാണെന്നും അഞ്ജലി പറഞ്ഞു

മുംബൈ: വിവാദ ആള്‍ദൈവം അശോക് ഖരാത്തും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയും തമ്മില്‍ 17 തവണ ഫോൺവിളി ഉണ്ടായിട്ടുണ്ടെന്ന് ആക്ടിവിസ്റ്റ് അഞ്ജലി ധമാനിയ. സ്വയം പ്രഖ്യാപിത ആള്‍ദൈവം അശോക് ഖരാത്തുമായി ചില ബിജെപി- എന്‍സിപി നേതാക്കള്‍ ഫോണില്‍ സംസാരിച്ചിട്ടുണ്ടെന്നാണ് അഞ്ജലി വെളിപ്പെടുത്തിയത്. ഒരു മറാത്തി വാര്‍ത്താ ചാനലിനോടായിരുന്നു വെളിപ്പെടുത്തല്‍. അശോക് ഖരാത്തിന്റെ സിഡിആര്‍ (കോള്‍ ഡീറ്റെയില്‍ റെക്കോര്‍ഡ്) ഒരു അഞ്ജാത നമ്പറില്‍ നിന്ന് വാട്ട്‌സ്ആപ്പില്‍ തനിക്ക് ലഭിച്ചെന്നും അശോക് ഖരാത്തും ഷിന്‍ഡെയും തമ്മില്‍ നടന്ന ഏറ്റവും ദൈര്‍ഘ്യമേറിയ സംഭാഷണം 21 മിനിറ്റ് നീണ്ടുനിന്നതാണെന്നും അഞ്ജലി പറഞ്ഞു.

സിഡിആര്‍ പ്രകാരം എന്‍സിപി നേതാവ് രുപാലി ചക്കങ്കറുമായും അശോക് ഖരാത്ത് ഏറെ സമയം സംസാരിച്ചിട്ടുണ്ട്. 177 ഫോണ്‍ കോളുകളാണ് ഇരുവരും തമ്മില്‍ നടന്നതെന്നും അവര്‍ വെളിപ്പെടുത്തി. ബിജെപി നേതാവ് ചന്ദ്രകാന്ത് പാട്ടീലും എന്‍സിപി നേതാവ് സുനില്‍ താക്കറെയും അശോക് ഖരാത്തുമായി എട്ടുതവണ ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ടെന്നും ബിജെപി മന്ത്രി ആശിഷ് ഷെലാറുമായി ഒരുതവണ ഫോണ്‍ സംഭാഷണം നടന്നിട്ടുണ്ടെന്നും അഞ്ജലി ധമാനിയ വെളിപ്പെടുത്തി.

മാര്‍ച്ച് പതിനേഴിനാണ് യുവതിയെ നിരന്തരം ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസില്‍ അശോക് ഖരാത്ത് അറസ്റ്റിലായത്. മുപ്പത്തിയഞ്ചുകാരിയായ യുവതിയുടെ പരാതിയില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് കൂടുതല്‍ സ്ത്രീകളെ ഇയാള്‍ ലൈംഗികമായി ദുരുപയോഗം ചെയ്തതിന്റെ തെളിവുകള്‍ പൊലീസിന് ലഭിച്ചത്. 58 സ്ത്രീകളുമായുളള അശോഖ് ഖരാത്തിന്റെ അശ്ലീല വീഡിയോകള്‍ ഉള്‍പ്പെട്ട പെന്‍ഡ്രൈവ് പൊലീസ് കണ്ടെടുത്തു. ജോത്സ്യനായ അശോക് ഖരാത്ത് റിട്ട. മര്‍ച്ചന്റ് നേവി ഓഫീസറാണ്. വിഐപി ജോത്സ്യനായി അറിയപ്പെട്ടിരുന്ന പ്രതി സ്വയം 'ക്യാപ്റ്റന്‍' എന്നാണ് വിശേഷിപ്പിച്ചിരുന്നത്. സ്ത്രീകളുടെ വ്യക്തിപരമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന് വാഗ്ദാനം ചെയ്ത പ്രതി അത് വിശ്വസിച്ച് വരുന്ന സ്ത്രീകളെ ലഹരിമരുന്ന് നല്‍കി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. ഭര്‍ത്താവ് മരിക്കുമെന്നും മന്ത്രവാദം ചെയ്ത് അപായപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയും ഇയാള്‍ സ്ത്രീകളെ ചൂഷണം ചെയ്തു. പരാതി ലഭിച്ച പൊലീസ് രഹസ്യ നീക്കം നടത്തിയാണ് ഇയാളെ പിടികൂടിയത്.

അതേസമയം, മറ്റൊരു ലൈംഗിക പീഡനക്കേസില്‍ നാസിക് കോടതി അശോക് ഖരാത്തിനെ ഏഴ് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ആദ്യ പരാതിയില്‍ നേരത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു. 2013-ല്‍ വിവാഹം ഉറപ്പിക്കാന്‍ ബന്ധുവിന്റെ നിര്‍ദേശപ്രകാരം ഖരാത്തിനെ കണ്ടതാണെന്നും പിന്നീട് വിവാഹശേഷം കുടുംബപ്രശ്‌നങ്ങള്‍ക്ക് പരിഹാരം നല്‍കാമെന്ന വ്യാജേന തന്നെ ബന്ധപ്പെട്ട് ലൈംഗികമായി ചൂഷണം ചെയ്‌തെന്നുമാണ് പുതിയ പരാതിയില്‍ പറയുന്നത്. ഗര്‍ഭിണിയായപ്പോള്‍ ഗുളികകള്‍ നല്‍കി ഗര്‍ഭം അലസിപ്പിക്കാന്‍ നിര്‍ബന്ധിച്ചെന്നും 2020 ഫെബ്രുവരി മുതല്‍ ചൂഷണം തുടരുകയാണെന്നും യുവതി പരാതിയില്‍ പറയുന്നു. എതിര്‍ത്താല്‍ തന്നെയും കുട്ടികളെയും ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പറയുന്നു.

Content Highlights: Controversial godman Ashok Kharat and NCP leader Eknath Shinde made 17 phone calls; revelation

To advertise here,contact us