ചെന്നൈ: നടൻ പ്രകാശ് രാജിന്റെ അമ്മയുടെ സംസ്കാര ചടങ്ങുകളുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചരണം നടത്തിയവർക്ക് മറുപടിയുമായി താരം. ക്രിസ്തുമത വിശ്വാസിയായിരുന്ന പ്രകാശ് രാജിന്റെ മാതാവ് സുവർണലതയുടെ സംസ്കാര ചടങ്ങുകൾ ക്രിസ്തീയ ആചാരപ്രകാരം നടക്കുന്നതും അതിൽ പ്രകാശ് രാജ് പങ്കെടുക്കുന്നതിന്റെയും ചിത്രങ്ങൾ പുറത്ത് വന്നതോടെയായിരുന്ന അധിക്ഷേപ പ്രചാരണങ്ങൾ.
നിരീശ്വരവാദിയെന്ന് അവകാശപ്പെടുന്നയാൾ ക്രിസ്തീയ ആചാരപ്രകാരമുള്ള ചടങ്ങിൽ പങ്കെടുത്തത് ഇരട്ടത്താപ്പാണെന്നായിരുന്നു വിമർശനം. ഇതിനാണ് പ്രകാശ് രാജ് മറുപടി നൽകിയിരിക്കുന്നത്. താൻ ദൈവവിശ്വാസി അല്ലെന്ന് കരുതി, ദൈവ വിശ്വാസിയായ തന്റെ അമ്മയ്ക്ക് അവരുടെ വിശ്വാസം അനുസരിച്ച് സംസ്കരിക്കപ്പെടാനുള്ള അവകാശം നിഷേധിക്കാൻ താൻ ആരാണെന്നും വിദ്വേഷം പ്രചരിപ്പിക്കുന്ന രാക്ഷസന്മാർക്ക് ഇത് മനസിലാകുമോയെന്നും പ്രകാശ് രാജ് ചോദിക്കുന്നു.
'അതെ, ഞാൻ ദൈവവിശ്വാസിയല്ല. പക്ഷേ എന്റെ അമ്മ അവരുടെ ദൈവത്തിൽ വിശ്വസിച്ചിരുന്നു. അവരുടെ വിശ്വാസം അനുസരിച്ച് സംസ്കരിക്കപ്പെടാനുള്ള അവകാശം നിഷേധിക്കാൻ ഞാൻ ആരാണ്? പരസ്പരം നൽകേണ്ട പ്രഥമമായ ബഹുമാനമാണിത്. വിദ്വേഷം പ്രചരിപ്പിക്കുന്ന രാക്ഷസന്മാർക്ക് ഇത് മനസിലാകുമോ?'- അദ്ദേഹം എക്സിൽ കുറിച്ചു.
മുമ്പും തന്റെ അമ്മ ക്രിസ്തുമത വിശ്വാസിയും ഭാര്യ ഹിന്ദുമത വിശ്വാസിയുമാണെന്ന് പ്രകാശ് രാജ് തുറന്നുപറഞ്ഞിട്ടുണ്ട്. മറ്റൊരാളെ ഉപദ്രവിക്കാനോ നിർബന്ധിതമായി മതം മാറ്റാനോ ഉപയോഗിക്കാത്ത കാലത്തോളം എല്ലാം വിശ്വാസങ്ങളെയും ബഹുമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ബെംഗളുരുവിലെ ഫ്ളാറ്റിലായിരുന്നു പ്രകാശ് രാജിന്റെ മാതാവിന്റെ അന്ത്യം. മുമ്പ് തലച്ചോറിൽ സിസ്റ്റ് കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ ശസ്ത്രക്രിയയ്ക്ക് ശേഷം അവർക്ക് ഓർമശക്തി നഷ്ടപ്പെട്ടിരുന്നു.
Content highlights: Actor Prakash Raj responds to criticism over his atheist stance