സാമുദായിക-തൊഴിലാളി വോട്ടുകള്‍ ലക്ഷ്യമിട്ട് 'ഡബിള്‍ റോള്‍'; ഡിഎംകെ വോട്ട് ബാങ്കില്‍ ഇരട്ട പ്രഹരത്തിന് വിജയ്

ഡിഎംകെ, എഐഎഡിഎംകെ സഖ്യങ്ങള്‍ മുഖാമുഖം വരുന്ന തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയ്‌യുടെ തമിഴക വെട്രി കഴകം (ടിവികെ) കറുത്ത കുതിരകളാകുമോ എന്നതാണ് ഏറ്റവും ആകാംക്ഷ ഉണര്‍ത്തുന്ന ചോദ്യം

ഡിഎംകെ, എഐഎഡിഎംകെ സഖ്യങ്ങള്‍ മുഖാമുഖം വരുന്ന തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയ്‌യുടെ തമിഴക വെട്രി കഴകം (ടിവികെ) കറുത്ത കുതിരകളാകുമോ എന്നതാണ് ഏറ്റവും ആകാംക്ഷ ഉണര്‍ത്തുന്ന ചോദ്യം. ഡിഎംകെ തന്നെയാണ് പ്രധാന എതിരാളികള്‍ എന്ന് പ്രഖ്യാപിച്ചാണ് ശക്തമായ ത്രികോണ മത്സരത്തിന്റെ പ്രതീതി സൃഷ്ടിച്ച് വിജയ് മത്സരത്തിനിറങ്ങുന്നത്. വിജയ് മത്സരിക്കാന്‍ തീരുമാനിച്ചിരിക്കുന്ന മണ്ഡലങ്ങള്‍ പരിശോധിക്കുമ്പോള്‍ ശക്തികേന്ദ്രങ്ങളില്‍ വന്ന് കീഴ്‌പ്പെടുത്തുമെന്ന് ഡിഎംകെയ്ക്ക് നല്‍കിയിരിക്കുന്ന സന്ദേശം കൂടി വിജയ്‌യുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ ഉണ്ടെന്ന് വിലയിരുത്തേണ്ടി വരും. ഡിഎംകെയുടെ സിറ്റിംഗ് സീറ്റുകളായ തിരുച്ചിറപ്പള്ളി ഈസ്റ്റ് (ട്രിച്ചി ഈസ്റ്റ്), പെരമ്പൂര്‍ എന്നീ മണ്ഡലങ്ങളില്‍ നിന്നാണ് വിജയ് നിയമസഭയിലേയ്ക്കുള്ള കന്നി പോരാട്ടത്തിനിറങ്ങുന്നത്.

എന്തുകൊണ്ട് ഡിഎംകെയുടെ ശക്തികേന്ദ്രങ്ങളായ ഈ രണ്ട് മണ്ഡലങ്ങള്‍ തന്നെ വിജയ് മത്സരിക്കാനായി തെരഞ്ഞെടുത്തു എന്ന ചോദ്യം ഈ ഘട്ടത്തില്‍ ഉയരുന്നുണ്ട്. ഡിഎംകെയുടെ ഏറ്റവും ശക്തമായ വോട്ടുബാങ്കുകളെക്കൂടിയാണ് വിജയ് ഉന്നം വെയ്ക്കുന്നതെന്നാണ് ഈ നീക്കത്തില്‍ നിന്ന് വിലയിരുത്തേണ്ടത്. ഡിഎംകെയുടെ കരുത്തുറ്റ വോട്ട് ബാങ്കായ ന്യൂനപക്ഷ വിഭാഗങ്ങളുടെ ശക്തമായ സാന്നിധ്യമുള്ള മണ്ഡലമാണ് തിരുച്ചിറപ്പള്ളി ഈസ്റ്റ്. ഡിഎംകെയ്ക്ക് സ്വാധീനമുള്ള തൊഴിലാളി വോട്ടര്‍മാര്‍ക്ക് ഗണ്യമായ സ്വാധീനമുള്ള നഗരമണ്ഡലമാണ് പെരമ്പൂര്‍. ഡിഎംകെയ്ക്ക് പിന്നില്‍ അണിനിരക്കുന്ന ശക്തരായ രണ്ട് വിഭാഗങ്ങളെ ഒരേ സമയം അഭിസംബോധന ചെയ്യുക എന്ന ലക്ഷ്യം അതിനാല്‍ തന്നെ വിജയ്‌യുടെ സ്ഥാനാര്‍ത്ഥിത്വത്തിനുണ്ട്. ഈ രണ്ട് മണ്ഡലങ്ങളില്‍ വിജയ് എടുക്കുന്ന നിലപാടുകള്‍, പ്രതികരണങ്ങള്‍ എന്നിവയെല്ലാം തമിഴ്‌നാട്ടിലെ ബാക്കിയുള്ള 232 മണ്ഡലങ്ങളിലെയും വോട്ടുകളെ സ്വാധീനിച്ചേക്കാം.

ക്രിസ്ത്യൻ-ന്യൂനപക്ഷ വോട്ടുകൾ വിധി നിർണ്ണയിക്കുന്ന തിരുച്ചിറപ്പള്ളി ഈസ്റ്റ് നിയമസഭാ മണ്ഡലം

ഡിഎംകെയുടെ സിറ്റിംഗ് സീറ്റായ തിരുച്ചിറപ്പള്ളി ഈസ്റ്റ് എഐഎഡിഎംകെയ്ക്കും സ്വാധീനമുള്ള നഗര മണ്ഡലമാണ്. 2016ലും 2011ലും തിരുച്ചിറപ്പള്ളി ഈസ്റ്റില്‍ വിജയിച്ചത് എഐഎഡിഎംകെ ആയിരുന്നു. തമിഴ്‌നാട്ടിലെ ഏറ്റവും വലിയ നാലാമത്തെ നഗരമേഖലയായി കണക്കാക്കുന്ന പ്രദേശങ്ങള്‍ ഉള്‍പ്പെട്ടതാണ് തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലം. മണ്ഡലത്തിലെ ക്രിസ്ത്യന്‍-ന്യൂനപക്ഷ വിഭാഗങ്ങളുടെ ശക്തമായ സാന്നിധ്യമുള്ള മണ്ഡലം എന്ന നിലയില്‍ കൂടിയാണ് വിജയ് തിരുച്ചിറപ്പള്ളി ഈസ്റ്റ് തെരഞ്ഞെടുത്തത് എന്ന് വ്യക്തം. സി ജോസഫ് വിജയ് എന്ന സ്വന്തം പേര് പറഞ്ഞുകൊണ്ടായിരുന്നു വിജയ്യുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം എന്നതായിരുന്നു ശ്രദ്ധേയം. വെല്ലലാര്‍ വിഭാഗത്തില്‍പ്പെട്ട ക്രിസ്ത്യന്‍ വോട്ടര്‍മാരും നഗരവോട്ടര്‍മാരും വിധി നിര്‍ണ്ണയിക്കുന്ന മണ്ഡലമാണ് തിരുച്ചിറപ്പള്ളി ഈസ്റ്റ്. തിരുച്ചിറപ്പള്ളി ലോക്സഭാ മണ്ഡലത്തിൻ്റെ ഭാഗമാണ് തിരുച്ചിറപ്പള്ളി നിയമസഭാ മണ്ഡലം. നിലവിൽ ഡിഎംകെ സഖ്യകക്ഷിയായ എംഡിഎംകെയുടെ ദുരൈ വയ്യാപുരിയാണ് തിരുച്ചിറപ്പള്ളിയെ ലോക്സഭയിൽ പ്രതിനിധീകരിക്കുന്നത്.

ക്രിസ്തീയ സംഘടനയായ 'ക്രിസ്തുവ നല്ലെന്ന ഇയക്ക'ത്തിന്റെ സ്ഥാപക നേതാവ് കൂടിയായ ഇനിഗോ ഇരുദയരാജിനെ രംഗത്തിറക്കിയായിരുന്നു 2011ലും 2016ലും കൈവിട്ട് പോയ തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലം ഡിഎംകെ തിരിച്ച് പിടിച്ചത്. സിറ്റിംഗ് എംഎല്‍എയെ തന്നെയാണ് ഇത്തവണയും ഡിഎംകെ രംഗത്തിറക്കുന്നത്. 53797 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു ഇവിടെ ഡിഎംകെ സ്ഥാനാര്‍ത്ഥിയുടെ വിജയം. മുന്‍ മന്ത്രിയും എഐഡിഎംകെ നേതാവുമായ വെള്ളമണ്ടി നടരാജനാണ് ഇവിടെ പരാജയപ്പെട്ടത്. 94,302 വോട്ടുകള്‍ നേടിയ ഇനിഗോ ഇരുദയരാജ് ആകെ പോള്‍ ചെയ്ത വോട്ടിന്റെ 50 ശതമാനത്തിലേറെ നേടിയിരുന്നു.

ശക്തമായ ത്രികോണ മത്സരത്തിന്റെ ചിത്രമാണ് ഇത്തവണ തിരുച്ചിറപ്പള്ളി ഈസ്റ്റില്‍ തെളിയുന്നത്. ടിവികെ സ്ഥാനാര്‍ത്ഥിയായി വിജയ് മത്സരിക്കുമ്പോള്‍ സിറ്റിംഗ് എംഎല്‍എ ഇനിഗോ ഇരുദയരാജ് ആണ് ഡിഎംകെ സ്ഥാനാര്‍ത്ഥി. രാജശേഖരനെയാണ് എഐഎഡിഎംകെ ഇവിടെ മത്സരരംഗത്ത് ഇറക്കിയിരിക്കുന്നത്. നാം തമിഴര്‍ കക്ഷിയുടെ കൃഷ്ണസാമിയും ഇവിടെ മത്സരിക്കുന്നുണ്ട്.

തൊഴിലാളി കരുത്തിൻ്റെ പെരമ്പൂര്‍ നിയമസഭാ മണ്ഡലം

തൊഴിലാളി വോട്ടുകളുടെ ശക്തമായ സ്വാധീനമുള്ള മണ്ഡലമാണ് ചെന്നൈ നഗരത്തിന്റെ ഭാഗമായ പെരമ്പൂര്‍ നിയമസഭാ മണ്ഡലം. 2008ലെ മണ്ഡല പുനര്‍നിര്‍ണ്ണയം വരെ പട്ടികജാതി സംവരണ മണ്ഡലമായിരുന്ന പെരമ്പൂര്‍ 2011ലെ തെരഞ്ഞെടുപ്പ് മുതലാണ് ജനറല്‍ സീറ്റായി മാറിയത്. വടക്കന്‍ ചെന്നൈയിലെ ഏറ്റവും പ്രധാനപ്പെട്ട വ്യാവസായിക കേന്ദ്രം കൂടിയാണ് പെരമ്പൂര്‍. ഇന്ത്യന്‍ റെയില്‍വെയുടെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറി സ്ഥിതി ചെയ്യുന്ന പ്രദേശം എന്ന നിലയില്‍ സംഘടിത തൊഴിലാളി പ്രസ്ഥാനങ്ങളുടെ ശക്തമായ സാന്നിധ്യം പെരമ്പൂരിലുണ്ട്. 55 ശതമാനത്തോളം വരുന്ന തൊഴിലാളി വിഭാഗങ്ങള്‍ വിധിനിര്‍ണ്ണയിക്കുന്ന മണ്ഡലം കൂടിയാണ് പെരമ്പൂര്‍. നഗകേന്ദ്രീകൃത തൊഴിലാളി പ്രദേശം എന്ന നിലയില്‍ വിലക്കയറ്റവും തൊഴിലാളി നിലപാടുകളും പാര്‍പ്പിട വിഷയങ്ങളുമെല്ലാം ഇവിടെ പ്രധാന തെരഞ്ഞെടുപ്പ് വിഷയങ്ങളായി ഉയര്‍ന്ന് വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ചെന്നൈ നോർത്ത് ലോക്സഭാ മണ്ഡലത്തിൻ്റെ ഭാഗമാണ് പെരുമ്പൂർ നിയമസഭാ മണ്ഡലം. ഡിഎംകെയുടെ കലാനിധി വീരസാമിയാണ് ഇവിടെ നിന്നുള്ള ലോക്സഭാംഗം.

സിറ്റിംഗ് സീറ്റായ പെരമ്പൂരില്‍ ഡിഎംകെ ഒന്‍പത് തവണയാണ് വിജയിച്ചത്. സിപിഐഎമ്മും എഐഎഡിഎംകെയും മൂന്ന് തവണ ഇവിടെ നിന്നും വിജയിച്ചിട്ടുണ്ട്. ഒരു തവണ കോണ്‍ഗ്രസും വിജയക്കൊടി പാറിച്ച മണ്ഡലമാണ് പെരമ്പൂര്‍. 2001 മുതല്‍ 2011വരെയുള്ള തെരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായ മൂന്ന് തവണ സിപിഐഎം ഇവിടെ നിന്നും വിജയിച്ചിരുന്നു. 2016ല്‍ എഐഎഡിഎംകെയുടെ പി വെട്രിവേല്‍ ഇവിടെ നിന്നും 519 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചിരുന്നു. എന്നാല്‍ വെട്രിവേലിനെ അയോഗ്യനാക്കിയതിന് ശേഷം 2019ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഡിഎംകെയുടെ ആര്‍ ഡി ശേഖര്‍ 68023 വോട്ടിന്റെ ഭൂരിപക്ഷത്തിന് മണ്ഡലം തിരിച്ചു പിടിച്ചിരുന്നു. ആകെ പോള്‍ ചെയ്ത വോട്ടിന്റെ 56.32 ശതമാനം വോട്ടുകള്‍ നേടിയായിരുന്നു ആര്‍ ഡി ശേഖറിന്റെ വിജയം. 2021ല്‍ 54976 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു ആര്‍ ഡി ശേഖര്‍ പെരമ്പൂരില്‍ നിന്നും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്. പോള്‍ ചെയ്ത വോട്ടിന്റെ 50 ശതമാനത്തിലേറെ നേടിയായിരുന്നു ആര്‍ ഡി ശേഖറിന്റെ വിജയം.

2019ലെ ഉപതെരഞ്ഞെടുപ്പിലും 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിലും ആകെ പോള്‍ ചെയ്ത വോട്ടിന്റെ 25 ശതമാനത്തോളം മാത്രം നേടാനെ എഐഡിഎംകെയ്ക്ക് സാധിച്ചിരുന്നുള്ളു. ഇത്തവണ സഖ്യകക്ഷിയായ പിഎംകെയ്ക്കാണ് എഐഎഡിഎംകെ സീറ്റ് വിട്ടുനല്‍കിയിരിക്കുന്നത്. സിറ്റിംഗ് എംഎല്‍എ ആര്‍ ഡി ശേഖറിനെ തന്നെയാണ് ഡിഎംകെ ഇവിടെ വീണ്ടും മത്സരിപ്പിക്കുന്നത്. ടിവികെ സ്ഥാനാര്‍ത്ഥിയായി വിജയ് രംഗത്ത് വന്നതോടെ പെരമ്പൂരില്‍ ശക്തമായ ത്രികോണ മത്സരത്തിന് വഴിതെളിഞ്ഞിരിക്കുകയാണ്. നാം തമിഴര്‍ കക്ഷിയും ഇവിടെ മത്സരരംഗത്തുണ്ട്.

2021 ലെ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ എം കെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ ഒരു ദശകത്തിന് ശേഷം 133 സീറ്റുകള്‍ നേടി അധികാരത്തിലെത്തിയിരുന്നു. ഡിഎംകെയും കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ഉള്‍പ്പെടുന്ന സെക്കുലര്‍ പ്രോഗ്രസീവ് അലയന്‍സ് 234 സീറ്റുകളില്‍ 159 എണ്ണം നേടിയാണ് അധികാരത്തിലെത്തിയത്. ഇത്തവണ 164 സീറ്റിലാണ് ഡിഎംകെ മത്സരിക്കുന്നത്. കോണ്‍ഗ്രസ് 28, ഡിഡിഎംകെ 10, വികെസി 8, സിപിഐഎം 5, സിപിഐ 5, എംഡിഎംകെ 4, മുസ്‌ലിം ലീഗ് 2, എംഎംകെ 2, എംജെകെ 1, എസ്ഡിപിഐ 1 എന്നിങ്ങനെയാണ് ഡിഎംകെ മുന്നണിയിലെ സീറ്റ് ധാരണ. എഐഎഡിഎംകെ 169, ബിജെപി 27, പികെഎം 18, എഎംഎംകെ 11, ടിഎംസി (മൂപ്പനാര്‍) 5, ഐജികെ 2, ടിഎംഎംകെ 1, പുരട്ചി ഭാരതം 1, എസ്‌ഐഎഫ്ബി 1 എന്നിങ്ങനെയാണ് എഐഡിഎംകെ സഖ്യത്തിലെ സീറ്റ് ധാരണ. വിജയ്യുടെ ടിവികെ ഒറ്റയ്ക്കാണ് തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നത്.

Content Highlights: Tamil Nadu Assembly Election 2026: TVK chief Vijay adopts 'double role' strategy by contesting from Perambur and Tiruchi East. Aiming at community (Christian/minority) and working-class votes to deliver a twin blow to DMK's strongholds.

To advertise here,contact us